സുലൈമാന്‍ നബി അ. ചരിത്രകഥ: ഉറുമ്പുകള്‍ സംസാരിക്കുമോ?



ഒരു ഖുറാന്‍ സൂക്തം കൊടുക്കുന്നു.

ഖുര്‍ആന്‍ 27:17 – 19:

“സുലൈമാന്ന്‌ വേണ്ടി ജിന്നിലും മനുഷ്യരിലും പക്ഷികളിലും പെട്ട തന്‍റെ സൈന്യങ്ങള്‍ ശേഖരിക്കപ്പെട്ടു. അങ്ങനെ അവരതാ ക്രമപ്രകാരം നിര്‍ത്തപ്പെടുന്നു. അങ്ങനെ അവര്‍ ഉറുമ്പിന്‍ താഴ്‌വരയിലൂടെ ചെന്നപ്പോള്‍ ഒരു ഉറുമ്പ്‌ പറഞ്ഞു: ഹേ, ഉറുമ്പുകളേ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചു കൊള്ളുക. സുലൈമാനും അദ്ദേഹത്തിന്‍റെ സൈന്യങ്ങളും അവര്‍ ഓര്‍ക്കാത്ത വിധത്തില്‍ നിങ്ങളെ ചവിട്ടിതേച്ചു കളയാതിരിക്കട്ടെ. അപ്പോള്‍ അതിന്‍റെ വാക്ക്‌ കേട്ട്‌ അദ്ദേഹം നന്നായൊന്ന്‌ പുഞ്ചിരിച്ചു. ...”

മൂന്നു ചോദ്യങ്ങള്‍;

1. ഉറുമ്പുകള്‍ പരസ്പരം ആശയവിനിമയം നടത്തുമോ?

2. സുലൈമാന് ഉറുമ്പുകളുടെ ഭാഷ അറിയാമോ?

3. ഉറുമ്പുകള്‍ക്ക് മനുഷ്യരുടെ ഭാഷ അറിയാമോ? മനുഷ്യരുടെ പേരുകള്‍ അറിയാമോ? സുലൈമാന്റെ സൈന്യമാണ്‌ എന്ന് എങ്ങിനെ ഉറുമ്പുകള്‍ തിരിച്ചറിഞ്ഞു? അത് അല്ലാഹു ഉറുമ്പിനു വെളിപ്പെടുത്തി കൊടുത്തതാണോ? ആ ഉറുമ്പ്‌ അല്ലാഹുവിന്റെ പ്രവാചകന്‍ ആണോ?



- പേരു വെക്കാതെ തൃശൂരില്‍ നിന്ന് ഒരു ക്രൈസ്തവ സുഹൃത്ത്.







വിശുദ്ധ ഖുര്‍ആനില്‍ സുലൈമാന്‍ നബി അ.മിന്‍റെ ചരിത്രം പറയുന്നതിനിടക്ക് ഉറുമ്പുകള്‍ നിറഞ്ഞ ഒരു താഴ്വരയിലൂടെ കടന്നുപോകാനിടയായപ്പോള്‍ ഒരു ഉറുമ്പ് മറ്റ് ഉറുമ്പുകളെ വിളിച്ച് ഇപ്രകാരം പറയുന്നതായി അദ്ദേഹം കേട്ടു എന്ന സംഭവമാണ് ഈ ആയത്തില്‍ പരാമര്‍ശിക്കുന്നത്. മൂന്നു ചോദ്യങ്ങളാണ് ഇവിടെ ഉള്ളത്. വെവ്വേറെ തന്നെ ഉത്തരം പറയാം. ആദ്യ ചോദ്യത്തിന്‍റെ ഉത്തരം ഇവിടെ പോസ്റ്റുന്നു, രണ്ടും മൂന്നും ചോദ്യത്തിന്‍റെ ഉത്തരം ഉടനെ പോസ്റ്റും.



ഒന്ന്: ഉറുമ്പുകള്‍ പരസ്പരം ആശയവിനിമയം നടത്തുമോ?

ആശയ സംവദനം (communication) നടക്കുന്നത് മനുഷ്യരില്‍ മാത്രമാണെന്ന ധാരണ വെറും മിഥ്യയാണെന്ന് പണ്ടു കാലം മുതലേ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ആധുനിക കാലത്ത് എമ്പാടും ശാസ്ത്രീയ പഠനങ്ങള്‍ അത് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ പറയാം.സംവദനക്ഷമതയിൽ (communication skill) പല ജന്തുക്കളും മനുഷ്യനെക്കാൾ മുന്നിട്ടുനില്ക്കുന്നുണ്ട്. പട്ടികളുടെ മണംപിടിക്കാനും കേള്ക്കാനുമുള്ള കഴിവ്, കഴുകൻ കണ്ണുകളുടെ സൂക്ഷ്മത തുടങ്ങി എത്രയോ ഉദാഹരണങ്ങളുണ്ട്. കമ്മ്യൂണിക്കേഷന് ആനകൾ ഇന്ഫ്രാസൌണ്ട് ഉപയോഗിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. Pro. Katharine Payne രചിച്ച 'Silent thunder' എന്ന പുസ്തകം ആനകളുടെ 'infrasound' ആശയ വിനിമയത്തെക്കുറിച്ചുള്ള പഠനഗ്രന്ഥമാണ്. മനുഷ്യനു കേള്ക്കാൻ പറ്റാത്ത 20 ഹെട്സിൽ താഴെ ആവൃത്തിയുള്ള ശബ്ദതരംഗങ്ങളാണ് ആനകൾ പുറപ്പെടുവിക്കുന്നത്. വായുവിലുടെ 6 കിലോമീറ്ററിൽപ്പരം ദൂരെവരെ സ്ഥിതിചെയ്യുന്ന ആനകളുമായി പരസ്പരം ബന്ധപ്പെടാൻ അവയ്ക്കു കഴിയും. ഭൌമോപരിതലത്തിലുടെ കിലോമീറ്ററുകൾ സഞ്ചരിക്കാൻ ഈ ശബ്ദതരംഗങ്ങള്ക്കു കഴിവുണ്ട്. ചെവികള്ക്കുപുറമെ ചെണ്ടപോലുള്ള പാദങ്ങളിലൂടെയും തുമ്പിക്കൈയിലൂടെയും ഭൌമതരംഗങ്ങൾ മനസ്സിലാക്കുന്നവരാണ് ആനകൾ. ഇന്ഫ്രാസൌണ്ട് ഉപയോഗിച്ച് ആനകൾ പാടാറുണ്ടെന്ന് ഗവേഷകർ അടുത്തകാലത്ത് കണ്ടെത്തുകയുണ്ടായി. മനുഷ്യരെപ്പോലെ ആനകളിലും ശബ്ദം സൃഷ്ടിക്കപ്പെടുന്നത് സ്വനപേടകത്തിലൂടെ വായു പ്രവഹിപ്പിച്ചുണ്ടാക്കുന്ന കമ്പനങ്ങളിലുടെയാണ്, മറ്റു മൃഗങ്ങളെപ്പോലെ വോക്കല്കോഡിന്റെ ചാഞ്ചാട്ടംകൊണ്ടല്ല. ചരിഞ്ഞ ഒരു ആഫ്രിക്കൻആനയുടെ സ്വനപേടകം പുറത്തെടുത്തു നടത്തിയ പരീക്ഷണത്തിൽ ജര്മ്മൻ ശാസ്ത്രജ്ഞരാണ് ഇതു കണ്ടെത്തിയത്.
ഇന്ഫ്രാസൌണ്ട് വായുവിലൂടെ സഞ്ചരിക്കുന്നതിനേക്കാള് വേഗത്തിൽ ഭൂമിയിലൂടെ സഞ്ചരിക്കും. പ്രകൃതിപ്രതിഭാസങ്ങളെ ആനകള്ക്കു മുന്കൂട്ടി മനസ്സിലാക്കാൻ സാധിക്കുന്നത് ഇതറിയാനുള്ള കഴിവുമൂലമാണെന്ന് ശാസ്ത്രജ്ഞന്മാർ കരുതുന്നു. പ്രകൃതിപ്രതിഭാസങ്ങളെ മുന്കൂട്ടിയറിയുവാൻ പക്ഷിമൃഗാദികള്ക്ക് കഴിവുണ്ടെന്ന് പണ്ടുകാലംമുതല്തന്നെ ആളുകൾ വിശ്വസിച്ചിരുന്നു. അഗ്നിപർവതസ്ഫോടനം, ഭൂമികുലുക്കം, തിരമാലകൾ, ഹിമപാതം, വെള്ളച്ചാട്ടം തുടങ്ങിയ പ്രതിഭാസങ്ങൾമൂലം ഇന്ഫ്രാസൌണ്ട് തരംഗങ്ങൾ ഉണ്ടാകുന്നുണ്ട്. മനുഷ്യനു കേള്ക്കാൻ കഴിയില്ലെങ്കിലും ജൈവകലകളിൽ ശക്തമായ മര്ദ്ദം ചെലുത്താൻ അവയ്ക്കു കഴിയും. ക്രാക്കറ്റോവ അഗ്നിപർവതം പൊട്ടിത്തെറിച്ചപ്പോൾ ആയിരം മൈലുകൾ അകലെയുള്ള വീടുകളുടെ ജനാലച്ചില്ലുകൾപോലും പിളരുകയുണ്ടായി. അന്തരീക്ഷത്തിലും ഭൂമിയിലും നാലുമണിക്കൂർ നേരത്തോളം സമ്മര്ദ്ദതരംഗങ്ങൾ നിലനിന്നു. 2004 ലെ സുനാമിയിൽ ഇന്തോനേഷ്യൻ കടപ്പുറത്തുണ്ടായിരുന്ന ആനകൾ മണിക്കൂറുകള്ക്കുമുമ്പുതന്നെ ഉയർന്നസ്ഥലത്തേക്ക് ഓടിപ്പോയതായി വാര്ത്തയുണ്ടായിരുന്നു. ദേശാടനപ്പക്ഷികൾ സഞ്ചാരപഥം നിര്ണ്ണയിക്കാൻ ഇന്ഫ്രാസൌണ്ട് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പന്തയപ്രാവുകള്ക്ക് ഇന്ഫ്രാസൌണ്ട് പുറപ്പടുവിക്കാനുള്ള കഴിവുണ്ടെന്ന് U.S. ജിയോളജിക്കൽ സർവെയിലെ John Hagstrum അഭിപ്രായപ്പെടുന്നു. ഒരു പന്തയപ്രാവ് 1100 മൈൽ പറന്ന് തിരിച്ചെത്തിയത് ഒരു റെക്കാഡാണ്. ഹംപ്ബാക്ക് തിമിംഗലങ്ങളുടെ പാട്ടുകൾ (whale song) റെക്കാഡുചയ്യാന് ശാസ്ത്രജ്ഞര്ക്കു കഴിഞ്ഞിട്ടുണ്ട്. മൈലുകൾ ദൂരെയുള്ള ഇണകളുമായി ഇവ സംഗീതാത്മകമായി സല്ലപിക്കാറുണ്ടത്രെ. ശബ്ദം പുറപ്പെടുവിക്കുന്നത് വ്യത്യസ്ത രീതിയിലാണെങ്കിലും മനുഷ്യ ശബ്ദങ്ങളെ അനകരിക്കാൻ ഇവയ്ക്കുള്ള പാടവം കൌതുകകരമാണ്.
ഇന്ദ്രിയാനുഭവങ്ങളെ മനസ്സിൽ ഉറപ്പിച്ച പൂർവ്വബിംബങ്ങളുമായി താരതമ്യപ്പെടുത്തി വിവേചിച്ചറിയാനുള്ള കഴിവ് പരിമിതമായാണെങ്കിലും മറ്റു ജീവികളും പ്രകടിപ്പിക്കാറുണ്ട്. ശരീരത്തിന്റെ നൃത്തചലനങ്ങളെ സംവദനത്തിനുള്ള ഉപാധിയായി ഉപയോഗപ്പെടുത്തുന്നതിൽ തേനീച്ചകൾ പ്രകടിപ്പിക്കുന്ന പാടവം ഇതിനുദാഹരണമാണ്. കോളനികൾ നിര്മ്മിച്ച് സാമൂഹ്യജീവിതംനയിക്കുന്ന തേനീച്ചകൾ പരസ്പരം ആശയങ്ങൾ കൈമാറുന്നതിന് നൃത്തഭാഷതന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. സങ്കീര്ണ്ണമായ ഈ നൃത്തഭാഷ ഏറെയൊന്നും ശാസ്ത്രജ്ഞർക്കു മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. വൃത്തത്തിൽ ചലിച്ചുകൊണ്ടുള്ള round dance, വശങ്ങളിലേക്കു ചാഞ്ചാടിയുള്ള waggle dance എന്നിങ്ങനെ രണ്ടുതരം നൃത്തങ്ങളുണ്ട്. പൂകൾതേടിയിറങ്ങുന്ന വേലക്കാരികൾ കൂട്ടിൽ തിരിച്ചെത്തി പൂക്കളുടെ തരം ലഭ്യത കൂട്ടിലേക്കുള്ള ദൂരം ദിശ തുടങ്ങിയ വിവരങ്ങൾ നൃത്തഭാഷയിലൂടെ സംവദനം ചെയ്യുകയും ആവശ്യമായത്രയും വേലക്കാരി ഈച്ചകൾ ആ ദിശയിലേക്കു പുറപ്പെടുകയും ചെയ്യും. സൂര്യമണ്ഡലത്തെ ലംബമാക്കി കൂടുമായി ബന്ധപ്പെടുത്തിയാണ് ഇവ ദിശ നിര്ണ്ണയിക്കുന്നത്. മൂടലുള്ള ദിവസങ്ങളിലും സൂര്യന്റെ സ്ഥാനം കണക്കാക്കാന് അവയ്ക്കു കഴിയും.

ഗന്ധങ്ങളെ സംവദനചിഹ്നങ്ങളായി ഉപയോഗപ്പെടുത്തുന്ന ജീവികളെയും കാണാൻ കഴിയും. കൊതുകുകൾ വളരെ അകലെനിന്നുപോലും മനുഷ്യന്റെ വിയര്പ്പിന്റെ ഗന്ധം തിരിച്ചറിയാറുണ്ട്. ശ്രദ്ധയെ ഏകാഗ്രമാക്കി എഴുതുകയും വായിക്കുകയും മറ്റും ചെയ്യുന്ന സന്ദര്ഭങ്ങളിൽ കൊതുകുകൾ കൂടുതലായി ആക്രമിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം സന്ദര്ഭങ്ങളിൽ ശരീരം പുറപ്പെടുവിക്കുന്ന ഹോര്മോണുകളുടെ ഗന്ധമാണോ അവയെ ആകര്ഷിക്കുന്നതെന്നത് ഒരു ഗവേഷണവിഷയമാണ്.

സാമൂഹ്യജീവിതം നയിക്കുന്ന ചിതലുകളും ഉറുമ്പുകളും ഗന്ധങ്ങളെ സംവദനചിഹ്നങ്ങളായി ഫലപ്രദമായി ഉപയോഗിക്കാറുണ്ട്. ഉറുമ്പുകളുടെ പാതയ്ക്കുകുറുകെ വെള്ളംതൊട്ടുവരഞ്ഞ് ഗന്ധം നഷ്ടപ്പെടുത്തി അവയെ വഴിതെറ്റിക്കുന്നത് കുട്ടിക്കാലത്തെ നമ്മള്‍ പലരുടെയും ഇഷ്ടവിനോദമായിരുന്നല്ലോ. എൽനിനോ എന്നപ്രതിഭാസം സമുദ്രോപരിഭാഗത്തുള്ള ഉഷ്ണജലപ്രവാഹങ്ങളുടെ ഗതിമാറ്റംകൊണ്ടുണ്ടാവുന്നതാണെന്നാണ് ഒരു നിഗമനം. ഇത്തരം സന്ദര്ഭങ്ങളിൽ ഉറുമ്പുകൾ ദേശാതിർത്തികൾ കടന്ന് സഞ്ചരിക്കാറുള്ളത് ശാസ്ത്രജ്ഞർ നിരീക്ഷിച്ചിട്ടുണ്ട്.

സ്പർശികകൾ ഉപയോഗിച്ചാണ് ഉറുമ്പുകൾ ആശയവിനിമയം നടത്തുന്നത്. ശരീരസ്രവങ്ങൾ (pheromones) ഉപയോഗിച്ച് സൃഷ്ടിക്കുന്ന അടയാളങ്ങളിൽ മറ്റുറുമ്പുകൾ സ്വന്തം സ്പർശിക ഉപയോഗിച്ചു തൊടുമ്പോൾ അവക്ക് കാര്യം മനസ്സിലാക്കാൻ കഴിയുന്നു. ഭക്ഷണം ഉള്ള സ്ഥലത്തേക്കുള്ള ദൂരവും മറ്റും സ്പർശികയോ മുൻ‌കാലുകളോ ഉരസുന്നതുവഴി പറയാനും ഇവക്കു കഴിയുന്നു. കൂട്ടിൽ നിന്ന് പുതിയകൂട്ടിലേക്കും ഇരതേടാനും മിക്കയിനം ഉറുമ്പുകളും വരിയായാണ് പോകാറ്‌. ഭക്ഷണത്തിനാണു പോകുന്നതെങ്കിൽ അല്പദൂരത്തിനു ശേഷം സ്വയം പിരിഞ്ഞ് ഇരതേടുന്നു. ഭക്ഷണം കണ്ടാൽ തിരിച്ചു വരിയിലെത്തി കാര്യം പറയുന്നു.

ഈയടുത്ത് ന്യൂയോര്‍ക്കില്‍ നിന്ന് വന്ന ചില വാര്‍ത്തകള്‍ നമ്മെ കൂടുതല്‍ കൌതുകം കൊള്ളിക്കും. റൊബോട്ടുകളെ തയാറാക്കാന്‍ ബഹിരാകാശത്തു നാസ ഉറുമ്പുകളെ വളര്‍ത്തുന്നു എന്നായിരുന്നു വാര്‍ത്ത! എണ്ണൂറോളം ഉറുമ്പുകളെയാണു നാസ രാജ്യാന്തര സ്‌പേസ്‌സ്‌റ്റേഷനില്‍ നിരീക്ഷണത്തിനെത്തിച്ചത്‌. ടാബ്ലറ്റ്‌ കമ്പ്യൂട്ടറുകളുടെ വലിപ്പമുള്ള ചെറിയ പെട്ടികളിലാണ്‌ ഇവയെ സൂക്ഷിച്ചിരിക്കുന്നത്‌. ഗുരുത്വാകര്‍ഷണമില്ലാത്ത ബഹിരാകാശത്ത്‌ ഇവ എങ്ങനെ ജീവിക്കുമെന്നാണു നാസയ്‌ക്കറിയേണ്ടത്‌. ഉറുമ്പുകളില്‍ നിന്നു ലഭിക്കുന്ന വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കുഞ്ഞന്‍ റൊബോട്ടുകളെ സൃഷ്‌ടിക്കാനാണു നീക്കം. ഉറുമ്പുകളുടെ ആശയ വിനിമയ രീതിയും പരിശോധിക്കുന്നുണ്ട്‌. ഉറുമ്പിന്‍കൂട്ടിലേക്കു കേന്ദ്രീകരിച്ചിട്ടുള്ള വീഡിയോ കാമറകള്‍ ദൃശ്യങ്ങള്‍ പകര്‍ത്തും. ഇവ ഭൂമിയില്‍ നിന്നു ബെയ്‌ലര്‍ കോളജ്‌ ഓഫ്‌ മെഡിസിനിലെ വിദ്യാര്‍ഥികള്‍ നിരീക്ഷിക്കും. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാകും തുടര്‍ഗവേഷണം.



പറഞ്ഞു വന്നതിന്റെ സംക്ഷിപ്തം മനുഷ്യരില്‍ മാത്രമാണ് ആശയ കൈമാറ്റവും “സംസാരവും” നടക്കുന്നത് എന്ന് പറയുന്നതില്‍ വസ്തുതയില്ലെന്നാണ്.

Post a Comment

Previous Post Next Post