നബി സ്വ.ക്ക് സിഹ്ര്‍: എം.എം. അക്ബറിന്റെ ഒളിച്ചോട്ടവും വസ്തുതയും

അസ്സലാമു അലൈക്കും. ഉസ്താദിന് സുഖമെന്ന് കരുതട്ടെ. ബുഖാരിയിലെ നബി(സ)ക്ക് സിഹ്ർ ബാധിച്ചു എന്ന്പറയുന്ന ഹദീസ് വ്യാജമാണെന്ന് പറയുന്ന ഒരു മുസ്‌ലിം വിഭാഗം അതിനായി ക്രിസ്ത്യൻ പാതിരിമാരുടെ ക്ലിപ്പ്ഉപയോഗിച്ച് പ്രചരണം നടത്തുന്നു. മാരണം ബാധിച്ച ഒരാളുടെ വാക്ക് എങ്ങിനെ സ്വീകരിക്കും എന്ന പാതിരിയുടെചോദ്യത്തിന് ഉത്തരം പറയാൻ സാധിക്കാത്ത എം എം അക്ബറിന്റെ ക്ലിപ്പ് ആണ് അവർ ഉപയോഗിക്കുന്നത്. ഈഹദീസ് കൊണ്ട് ഞമ്മൾ ഉത്തരം മുട്ടുമോ? . പാതിരിയുടെ ഈ ചോദ്യ്ത്തിന് എങ്ങിനെയാണ് മറുപടി പറയുക?

ചോദ്യകര്ത്താവ്   Ayyoob Valiyora.  Gizan .KSA.  ayyoob313@gmail.com


എം.എം. അക്ബര്‍ സംസാരിക്കുന്ന വീഡിയോ കാണുക




ഉത്തരം: വ അലൈകുമുസ്സലാം
രണ്ടു ചോദ്യമാണ് ഇവിടെ ഉള്ളത്; ബുഖാരിയിലെ നബി(സ)ക്ക് സിഹ്ർ ബാധിച്ചു എന്ന് പറയുന്ന ഹദീസ്വ്യാജമാണെന്ന് പറയുന്നതിന്‍റെ ശരിവശം എന്തെന്നാണ് ഒന്നാമത്തേത്. മറ്റേത്, മാരണം ബാധിച്ച ഒരാളുടെ വാക്ക്എങ്ങിനെ സ്വീകരിക്കും എന്ന പാതിരിയുടെ ചോദ്യവും. രണ്ടിനും വെവ്വേറെ തന്നെ ഉത്തരം പറയാം.


ആദ്യഭാഗം അഥവാ വഹാബി-മൌദൂദികള്‍ക്കുള്ള മറുപടി ഇവിടെ പ്രസിദ്ധീകരിക്കുന്നു. പോസ്റ്റിന്റെ ദൈര്‍ഘ്യം കാരണം രണ്ടാം ഭാഗം ഒരു സ്വതന്ത്ര പോസ്റ്റ്‌ ആയി ഉടന്‍ പ്രസിദ്ധീകരിക്കും ഇന്‍ഷാ അല്ലാഹ്.

വാസ്തത്തില്‍ നബി സ്വ.ക്ക് സിഹ്­ര്‍ ബാധിച്ചിരുന്നോ?
സ്വഹീഹ് ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും വന്ന ഹദീസ് ആണ് നബി സ്വ.ക്കു സിഹ്­ര്‍ ബാധിച്ചിരുന്നു എന്നത്. ബീവി ആയിഷ(റ)യാണ് ഈ ഹദീസ് നിവേദനം ചെയ്തിട്ടുള്ളത്. അതിന്‍റെ സ്വീകാര്യതയെ ചൊല്ലി സ്വഹാബികളാരെങ്കിലും സംശയം പ്രകടിപ്പിച്ചതായി ഇതഃപര്യന്തം തെളിയിക്കപ്പെട്ടിട്ടില്ല. നബിസ്വ.യെക്കുറിച്ചും സുന്നത്തിനെക്കുറിച്ചും ഹദീസിനെക്കുറിച്ചും മറ്റാരേക്കാളും അറിവുള്ളവർ അവരാണല്ലോ. അക്കാലത്ത് നടന്ന സംഭവങ്ങൾ സ്ഥിരീകരിക്കാനുള്ള യോഗ്യതയും അവർക്ക് തന്നെ. ദീനിന്‍റെ കാര്യത്തിൽ മറ്റൊരു തലമുറക്കും അവകാശപ്പെടാനില്ലാത്ത അറിവും ആധികാരികതയും സ്വഹാബത്തിനുണ്ടെന്ന കാര്യത്തിൽ അഭിപ്രായാന്തരമില്ല. കേരളത്തിലെ വഹാബി പ്രസ്ഥാനമാല്ലാതെ അവരെ തള്ളിപ്പറഞ്ഞിട്ടില്ല. അതുതന്നെ ഈ വിഷയത്തിൽ തെളിവ് പിടിക്കാൻ എന്ത് കൊണ്ടും യോഗ്യമാണ്. മാത്രമല്ല, ഈ ഹദീസ് നമുക്ക് കിട്ടിയിരിക്കുന്നത് ഇമാം ബുഖാരിയുടെ സ്വഹീഹിലൂടെയാണ്. അതും ഈ ഹദീസിന്‍റെ സ്വീകാര്യതയുടെ മറ്റൊരു യോഗ്യതയാണ് എന്നു ഇസ്‌ലാമിക പ്രമാണങ്ങളെ കുറിച്ച് അറിയുന്ന ആര്‍ക്കും അറിയും. പ്രസ്തുത ഹദീസ് തികച്ചും സ്വഹീഹായ നിലയിൽ രിവായത് ചെയ്യപ്പെട്ടു എന്നതിന്‍റെ അംഗീകാരം ആണത്. വാദത്തിനു വേണ്ടി അതിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ അംഗീകാരിച്ചാൽ തന്നെ, ഒരു നിലക്കും അതിനെ നിഷേധിക്കാനോ ന്യൂനത ആരോപിക്കാനോ ഒരാൾക്കും കഴിയില്ല, നോക്കാം.


സ്വഹീഹുല്‍ ബുഖാരിയും പ്രാമാണികതയും
മുസ്‌ലിം ലോകം സ്വഹീഹുല്‍ ബുഖാരിക്ക് നല്‍കിയ അംഗീകാരവും പ്രാധാന്യവും വളരെ വലുതാണ്‌. വൈജ്ഞാനിക സപര്യകളില്‍ സമശീര്‍ഷരില്ലാത്ത വിധം ഉന്നത പണ്ഡിതതനായിരുന്ന ഇമാം നവവി(റ) എഴുതുന്നു:
أجمعت الأمة على صحة هذين الكتابين ووجوب العمل بأحاديثهما - تهذيب الأسماء واللغات 1/73
“ഈ രണ്ടു ഗ്രന്ഥങ്ങളുടെയും സ്വീകാര്യതയിലും, അതിലെ ഹദീസുകൾ കൊണ്ട് അമൽ ചെയ്യുന്നതിലെ അനിവാര്യതയിലും മുസ്‌ലിം സമുദായത്തിലെ ഗവേഷണ പാണ്ഡിത്യം ഉള്ള എല്ലാവരുടെയും അഭിപ്രായ ഐക്യം ഉണ്ടായിട്ടുണ്ട്” (തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത് 1 / 73 ). ഇസ്‌ലാമിക ലോകത്ത് സുസമ്മതരും,തലയെടുപ്പുള്ളവരുമായ ഇത്തരം പൂര്‍വകാല അഇമ്മത്തിന്‍റെ നിലപാടുകളെ അവഗണിക്കാനും തട്ടിക്കളയാനുംഅവരുടെ സമകാലികരോ, പിൽകാലക്കാരോ ആയ ഒരാള് ഇതഃപര്യന്തം മുതിര്‍ന്നിട്ടില്ല എന്നും ഓര്‍ക്കുക. ഹദീസിനെക്കുറിച്ചും, അതിന്‍റെ വ്യത്യസ്തമായ നിവേദന പരമ്പരകളെക്കുറിച്ചും, നിവേദകരെപ്പറ്റിയും ആധികാരികമായി പറയാൻ യോഗ്യരായ ഇവരുടെ വിലയിരുത്തലുകളെയും നിലപാടുകളെയും വായിച്ചു തീര്‍ക്കാന്‍ പോലും അവസരം കിട്ടിയില്ലാത്ത ആധുനികരുടെ അര്‍ത്ഥശൂന്യമായ വിമര്‍ശനങ്ങള്‍ എന്ത് മാത്രം അന്യായവും അപരാധവുമാണ്!! പുത്തന്‍വാദികള്‍ക്ക് ഏറ്റവും സ്വീകാര്യനായ ഇബ്നു തീമിയ്യ പോലും പറയുന്നത് കാണുക:
ليس تحت أديم السماء كتاب أصح من البخاري ومسلم بعد القرآن مجموع الفتاوى 74/18
“പരിശുദ്ധ ഖുർആൻ കഴിഞ്ഞാൽ, ബുഖാരി, മുസ്ലിം എന്നിവയേക്കാള്‍ സത്യസന്ധമായ മറ്റൊരു ഗ്രന്ഥം ആകാശത്തിനു കീഴെ വേറെ ഇല്ല!!” (ഫതാവാ 18 / 73 )

ഇമാം ദാറഖുത്വ്­നിയുടെ വിമര്‍ശനവും പണ്ഡിതലോകത്തിന്‍റെ പ്രതികരണവും

ബുഖാരിയിലേയും മുസ്ലിമിലേയും ഇരുനൂറോളം ഹദീസുകളെ നിരൂപണം ചെയ്തു
ഇമാം ദാറഖുത്വ്­നീ (റ) الاستدراكات والتتبع (അല്‍ ഇസ്തിദ്റാകാത്തു വ തത്തബ്ബുഅ്) എന്ന പേരില്‍ പണ്ഡിതലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഗ്രന്ഥരചന നിര്‍വഹിച്ചിട്ടുണ്ട്. പ്രസ്തുത ഗ്രന്ഥം ഉന്നയിക്കുന്നവിമർശനങ്ങളെക്കുറിച്ച് ഇമാം നവവി(റ)യുടെ പ്രതികരണം ഇമാം ഇബ്നുഹജർ അസ്ഖലാനി (റ) ഉദ്ധരിക്കുന്നത്കാണുക.

وَقَالَ فِي مُقَدّمَة شرح البُخَارِيّ فصل قد استدرك الدَّارَقُطْنِيّ على البُخَارِيّ وَمُسلم أَحَادِيث فطعن فِي بَعْضهَا وَذَلِكَ الطعْن مَبْنِيّ على قَوَاعِد لبَعض الْمُحدثين ضَعِيفَة جدا مُخَالفَة لما عَلَيْهِ الْجُمْهُور من أهل الْفِقْه وَالْأُصُول وَغَيرهم فَلَا تغتر بذلك هـ فتح الباري لابن حجر (1/ 346(
“ബുഖാരിക്ക് വ്യഖ്യാനം എഴുതിയതിന്‍റെ ആമുഖത്തില്‍ അദ്ദേഹം പറഞ്ഞു: ബുഖരിയിലെയും മുസ്ലിമിലെയും ചില ഹദീസുകളെ ദാറഖുത്വ്­നീ നിരൂപണ വിധേയമാക്കിയിട്ടുണ്ട്. അങ്ങനെ, ചിലതിനെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിമർശനങ്ങൾ കര്‍മശാസ്ത്ര വിശാരധരും നിധാനശാസ്ത്ര പണ്ഡിതരും അല്ലാത്തവരുമായ ഭൂരിപക്ഷം പേരുടെയും നിലപാടുകൾക്ക് വിരുദ്ധമായി ഏതാനും ചില മുഹദ്ദിസുകളുടെ തീരേ ദുർബലമായ മാനദണ്ഡങ്ങള്‍ക്കൊത്തു ചമക്കപ്പെട്ടവയാണ്. അതിനാൽ, അതിൽ വഞ്ചിതനാകേണ്ടതില്ല.”

ഇമാം ദാറഖുത്വ്­നീ (റ) എഴുതിയ എല്ലാ വിമര്‍ശനങ്ങള്‍ക്കും ഇമാം ഇബ്നുഹജർ അസ്ഖലാനി(റ) ബുഖാരിക്ക് എഴുതിയ വ്യഖ്യാനഗ്രന്ഥമായ ഫത്ഹുല്‍ബാരിയുടെ ആമുഖത്തിലും ഇമാം ശിഹാബുദ്ധീനുല്‍ ഖസ്ത്വല്ലാനി(റ) എഴുതിയ വ്യഖ്യാനഗ്രന്ഥമായ ഇര്‍ഷാദുസ്സാരിയുടെ ആമുഖത്തിലും വ്യക്തമായി ഖണ്ഡിച്ചിട്ടുണ്ട്. ഇന്ത്യക്കാരനായ അൻവർ ഷാ കശ്മീരിയും തന്‍റെ ഫയ്­ളുല്‍ബാരിയില്‍ പ്രസ്തുത വിമര്‍ശനങ്ങളെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. ഇമാം ദാറഖുത്വ്­നിയുടെ നിരൂപണത്തിനു പണ്ഡിത ലോകത്ത് അംഗീകാരം കിട്ടിയിട്ടില്ലെന്നര്‍ത്ഥം.

സ്വഹീഹുൽ ബുഖാരിക്കും സ്വഹീഹു മുസ്ലിമിനും ഇസ്‌ലാമിക ലോകം എത്രമാത്രം വില കല്‍പ്പിക്കുന്നുണ്ട് എന്നു ബോധ്യപ്പെടാന്‍ ഇനിയധികം പറയേണ്ടല്ലോ. ഇമാം നവവി (റ) തന്‍റെ റിയാളുസ്സ്വാലിഹീനിന്‍റെ ആരംഭത്തില്‍ എഴുതിയതു കൂടി ഉദ്ധരിക്കാം: هما أَصَحُّ الكُتبِ المصنفةِ വിരചിതമായ സകല ഗ്രന്ഥങ്ങളിലും വെച്ച് ഏറ്റവും പ്രബലമായത്.ഹദീസുകളിൽ, സ്വീകാര്യതയുടെ കാര്യത്തിൽ ഏറ്റവും അന്യൂനമായ നിവേദക പരമ്പരകളിലൂടെ സമാഹരിക്കപ്പെട്ട ബുഖാരിയിലെയോ മുസ്ലിമിലെയോ ഏതെങ്കിലും ഹദീസ് തള്ളിക്കളയാനോ, അതിന്റെ സ്വീകാര്യതയിൽ സംശയം പ്രകടിപ്പിക്കാനോ, ദുർബലതയാരോപിക്കാനോ വിശ്വാസികള്‍ക്ക് കഴിയില്ല.


സിഹ്ർ ബാധിച്ചതുമായി ബന്ധപ്പെട്ട ഹദീസ് അംഗീകരിക്കാമോ?
മതപരിഷ്കരണത്തിന്‍റെ പേരില്‍ ചില വിഭ്രാമക ചിന്തകളില്‍ അകപ്പെട്ട ചിലര്‍ തങ്ങളുടെ യുക്തിചിന്തയോട് സമരസപ്പെടുന്നില്ല എന്നതിനാല്‍ പ്രാമാണികമായി സ്ഥിരപ്രതിഷ്ഠ നേടിയ പല ഹദീസുകളെയും തള്ളിപ്പറയാന്‍ ധൃഷ്ടരായിട്ടുണ്ട്. അക്കൂട്ടത്തില്‍ പൂര്‍വകാലത്തേ “പരിഷ്കരണവാദം” ഉന്നയിച്ചിരുന്ന ചിലരും ഉണ്ട്. അവയില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് ശരവ്യമായ ഹദീസുകളിലൊന്നാണ് നബി സ്വ.ക്ക് സിഹ്ർ ബാധിച്ചതിനെ സംബന്ധിച്ചുള്ള ഹദീസ്. നേര്‍മാർഗത്തിൽ നിന്ന് വ്യതിചലിച്ച മുഅതസില, റാഫിദ, തുടങ്ങിയ ബിദ്അത്തിന്റെ കക്ഷികളെ പിന്തുടർന്ന് കൊണ്ട്,പരിഷ്കരണ വാദികളെന്നും നവോദ്ധാനത്തിന്റെ അപ്പോസ്തലന്മാരെന്നും സ്വയം ലേബലൊട്ടിച്ചു ഖുർആനും സുന്നത്തും പ്രമാണമായി സ്വീകരിച്ചു പൊരുതുന്നവരെന്നു വാദിക്കുന്ന ആധുനികരായ ചില ആളുകളും ഇപ്പോൾ ഈ യുക്തിവാദം വെച്ച് പുലർത്തുന്നവരാണ്.
കേരളത്തിൽ, മുജാഹിദ്, ജമാഅതു വിഭാഗങ്ങളിൽ ഭൂരിഭാഗവും നബി സ്വ.ക്ക് സിഹ്ർ ബാധിച്ച സംഭവം പാടേ നിഷേധിക്കുന്നവരാണ്. വളരെ ചെറിയ ശതമാനം മുജാഹിദുകള്‍ ഇക്കാര്യം സ്വഹീഹായ ഹദീസുകളിൽ ഉൾക്കൊള്ളുന്നു എന്നു സമ്മതിച്ചു തുടങ്ങിയിട്ടുണ്ട് എന്നതും പറയാതെ വയ്യ. നബി സ്വ.ക്ക് സിഹ്­ര്‍ ബാധിച്ചിരുന്നു എന്നു സ്ഥാപിക്കുന്ന ചില കാര്യങ്ങള്‍ വസ്തുതാപരമായി ഇവിടെ കുറിക്കുന്നു.


ഹദീസ് നിവേദനം ചെയ്തത് ആര്?


നബി സ്വ.ക്ക് സിഹ്ർ ബാധിച്ച സംഭവം വിവരിക്കുന്ന ഹദീസ് തിരുപത്നിയായ ഉമ്മുൽ മുഉമിനീൻ ബീവി ആഇഷ(റ) ആണ് പറയുന്നത്. ഇമാം ബുഖാരിക്കും മുസ്ലിമിനും പുറമേ ധാരാളം പേര്‍ ഇതുദ്ധരിചിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ കൊടുക്കുന്നു:
1- ഇമാം ബുഖാരി- 3268, 5763, 5765, 5766, 6391
2- ഇമാം മുസ്ലിം – 5667
3- ഇബ്ൻ മാജ – 3545
4- ഇമാം അഹ്മദു - മുസ്നദ്- 24741, 24804, 24851, 24852, 25157
5- ഇമാം ബൈഹഖീ- ദലാഇലുന്നുബുവ്വ – 3018
6- ഇബ്ൻ ഹിബ്ബാൻ - സ്വഹീഹ് - 6703, 6704
7- ഇമാം അബു യഅലാ- മുസ്നദ്-4757

ബീവി ആഇഷ(റ) വഴിയുള്ള സനദിലൂദ്യാണ് ഉപര്യുക്ത ഉദാഹരണങ്ങളെല്ലാം വന്നിട്ടുള്ളത്. അതിനു പുറമേ, സൈദ്‌ ബിനു അര്ഖം (റ)വിലൂടെയും ഇതിന്‍റെ നിവേദനം വന്നിട്ടുണ്ട്. താഴെ ചെര്‍ത്തിട്ടുള്ളവര്‍ ആ പരമ്പരയെ ആണ് ആസ്പധമാക്കിയത്.
1- ഇമാം നാസാഇ- 7-103
2- ഇമാം അഹമദു - മുസ്നദ് 19481
3- ഹുമൈദ് - മുൻതഖബ്- 271
ഇനിയും അനേകം ഗ്രന്ഥങ്ങളില്‍ ഏഎ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പൌരാണികരോ ആധുനികാരോ ആയ പ്രാമാണികരായ ഉലമാക്കളാരും രണ്ടു വിത്യസ്ത സനദുകളിലൂടെ വന്ന ഈ ഹദീസിനെക്കുറിച്ച് വിമർശനം രേഖപ്പെടുത്തിയിട്ടില്ല. എന്നല്ല, രണ്ടു സ്വഹീഹുകളിലെയും ഏതാനും ഹദീസുകളെക്കുറിച്ച് വിമർശനം രേഖപ്പെടുത്തിയ ഇമാം ദാറഖുത്വ്­നിയോ, അബു മസ്ഊദു ദിമഷ്ഖിയോ ഇബ്നു ഹസമൊ പോലും നബിക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസിനെക്കുറിച്ച് യാതൊരു ആരോപണവും ഉന്നയിച്ചിട്ടില്ല.


ഈ ഹദീസിനെ നിഷേധിച്ചതാര്?
കേവലം യുക്തിയെ മാത്രം ആസ്പദമാക്കിയ മുഅതസിലികളും, റാഫിദികളുമാണ് നബി സ്വ.ക്ക് സിഹ്ർ ബാധിച്ചു എന്ന സ്വഹീഹ് ആയ ഹദീസിനെ ബുദ്ധിപരമായ കാരണങ്ങളാൽ സ്വീകാര്യമല്ല എന്നു പ്രഖ്യാപിച്ചത്. തങ്ങളുടെ താൽപര്യത്തിന് വിരുദ്ധമായ ഹദീസുകളെല്ലാം മുടന്തന്‍ ന്യാങ്ങള്‍ ഉന്നയിച്ചു നിരാകരിക്കുന്ന ഇക്കൂട്ടരുടെ നിലപാട് ചരിത്രത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ഛതാണ്. നിവേദനം ചെയ്തത് ഇമാം ബുഖാരിയോ മുസ്ലിമോ തന്നെ ആയിരുന്നാല്‍ പോലും തഥൈവ. ഈ ഹദീസ് നിരാകരിക്കാൻ അവർ പറയുന്ന പ്രധാന ന്യായങ്ങളിലൊന്നു അതിന്റെ സനദിൽ ഹിഷാം ഇബ്ൻ ഉർവ ഉണ്ട് എന്നതാണ്.

ആരാണ് ഹിഷാം ബിന് ഉർവ?
ആഇഷ ബീവിക്ക് കല്യാണ സമയത്ത് പതിനെട്ടു വയസ്സായിരുന്നു എന്ന് സ്ഥാപിക്കാന്‍ നാലും താളും ചിലവഴിച്ച ജമാഅത്തെ ഇസ്ലാമിക്കാരനും ഹിഷാമു ബിന് ഉർവ(റ) സ്വീകാര്യന്‍ അല്ലെന്നു വരുത്താനാണ് ശ്രമിച്ചത്. അതിന്റെ മറുപടിയില്‍ ഹിഷാമു ബിന് ഉർവ(റ) സ്വീകാര്യനാണ് എന്നു അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ഞാന്‍ സ്ഥാപിച്ചിട്ടുണ്ട്, ശ്രദ്ധിക്കുമല്ലോ. ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ അവിടെ പറഞ്ഞതു ഇവിടെ പറയുന്നില്ല.

ബീവി ആഇഷ(റ)യുടെ സഹോദരീ പൌത്രന്‍ ആണ് ഹിഷാമു ബിന് ഉർവ(റ). സ്വര്‍ഗ്ഗ സുവിശേഷിതരായി അറിയപ്പെടുന്ന പത്തു പേരില്‍ ഒരാളായ സുബൈറു ബ്നു അവ്വാമിന്റെയും ആഇഷ(റ)യുടെ സഹോദരി അസ്മാഅ് ബീവിയുടെയും പുത്രനായ അബ്ദുല്ലാഹ് എന്നവരുടെ പുത്രന്‍. ഏറ്റവും സ്വീകാര്യമായ ഹദീസുഗ്രന്ഥങ്ങള്‍ എന്നറിയപ്പെടുന്ന സ്വിഹാഹുസ്സിത്തയിലെ അബൂദാവുദ് ഒഴിച്ചുള്ള ബാക്കി എല്ലാവരും (ബുഖാരി, മുസ്­ലിം, തിര്‍മിദി, നസാഈ, ഇബ്നുമാജ) ഉള്‍പ്പടെ നിരവധി ഹദീസ് ഗ്രന്ഥങ്ങളിലായി പരന്നു കിടക്കുന്ന പരശ്ശതം ഹദീസുകൾ നിവേദനം ചെയ്ത അദ്ധേഹത്തിന്റെ മതപരമായ അറിവിനും ഹദീസ് വിജ്ഞാനീയത്തിലുള്ള ആധികാരികതക്കും പണ്ഡിതലോകം നല്‍കിയിട്ടുള്ള അംഗീകാരം തന്നെ, അദ്ധേഹത്തിന്‍റെ സ്വീകാര്യതക്കു മതിയായതാണ്. ശൈഖ് കിര്‍മാനി (റ) അദ്ദേഹത്തെ “അഹദു ഫുഖഹാഇല്‍ മദീനത്തി സ്സബ്അ” മദീനയിലെ വിശ്രുതരായ ഏഴ് കര്‍മശാസ്ത്ര വിശാരധരില്‍ ഒരാള്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത് (അല്‍ കവാകിബു ദ്ദറാരീ ഫീ ശറഹി സ്വഹീഹില്‍ ബുഖാരി 1 /24).

ത്വബഖാതു ഇബ്നി സഅദു പറയുന്നു
قال ابن سعد : كان ثقة ثبتا كثير الحديث حجة مات سنة خمس وأربعين ومائة - طبقا ت الحفاظ
"അദ്ദേഹം, -ഹിഷാം - വിശ്വസ്തനും, സ്ഥിരീകരണം ഉള്ളയാളും, ധാരാളം ഹദീസുകൾ നിവേദനം ചെയ്തയാളും,പ്രാമാണികനുമാണ്. ഹിജ്റ 145-ലാണ് അദ്ദേഹം വഫാതായത്."
كان حافظا متقنا ورعا فاضلا -ثقات ابن حبان
"അദ്ദേഹം ഹാഫിളും, സൂക്ഷമദൃക്കും, ഭക്തനും, ശ്രേഷ്ടനുമായിരുന്നു."

എന്നാൽ, അവസാന കാലത്ത് അദ്ദേഹം - ഹിഷാം - ഇറാഖിൽ വന്നതിനു ശേഷം, അദ്ധേഹത്തിനു ഓര്‍മക്കുറവുണ്ടായിരുന്നുവെന്നു യഅഖൂബു ബിന് ശൈബയെപ്പോലുള്ള ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്, അദ്ദേഹം പറയുന്നത് കാണുക.
قال يعقوب بن شيبة ثقة ثبت لم ينكر عليه شيء إلا بعدما صار إلى العراق

"അദ്ദേഹം, വിശ്വസ്തനും സ്ഥിരീകരണമുള്ള ആളുമാണ്. ഇറാഖിൽ പോകുന്നതിനു മുമ്പ് ഒരാളുമദ്ധേഹത്തെ വിമർശിച്ചിട്ടില്ല. "


യഅഖൂബു ബിന് ശൈബയുടെ അതേ വീക്ഷണം ആണ് അബുൽ ഹസനില്‍ ഖത്താനും പ്രകടിപ്പിച്ചത്. ഈ ആക്ഷേപത്തെ ഉദ്ധരിച്ചുകൊണ്ട് അല്‍ഹാഫിദു ദ്ദഹബി തന്‍റെ മീസാനുല്‍ ഇഅ്തിദാല്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നത് വായിക്കാം:
“هشام بن عروة ، أحد الأعلام ، حجة إمام ، لكن في الكبر تناقص حفظه ، ولم يختلط أبداً ، ولا عبرة بما قاله أبو الحسن بن القطان من أنه وسهيل بن أبى صالح اختلطا ، وتغيرا، نعم الرجل تغير قليلا ولم يبق حفظه كهو في حال الشبيبة ، فنسى بعض محفوظه أو وهم ، فكان ماذا ! أهو معصوم من النسيان ! ولما قدم العراق في آخر عمره حدث بجملة كثيرة من العلم ، في غضون ذلك يسير أحاديث لم يجودها ، ومثل هذا يقع لمالك ولشعبة ولوكيع ولكبار الثقات ، فدع عنك الخبط ، وذر خلط الأئمة الأثبات بالضعفاء والمخلطين ، فهشام شيخ الإسلام ، ولكن أحسن الله عزاءنا فيك يا ابن القطان - . ميزان الاعتدال (4/301-302 (

“ഹിശാമു ബ്നു ഉറവഃ ഉന്നത ശീര്‍ഷരായ പണ്ടിതരില്‍ ഒരാളാണ്. പ്രാമാണികനും പിന്തുടരപ്പെടാവുന്ന ഇമാമുമത്രേ. പ്രായാധിക്യത്തില്‍ ഓര്‍മയില്‍ കുറവുണ്ടായിരുന്നു. എന്നാലും ഒരിക്കല്‍ പോലും ആശയങ്ങള്‍ ഇടകലരല്‍ സംഭവിച്ചിട്ടില്ല. അദ്ദേഹത്തിനും സുഹൈല് ബ്നു അബിസ്സ്വാലിഹിനും ആശയക്കുഴപ്പവും ഓര്‍മക്കുറവും ഉണ്ടായിട്ടുണ്ട് എന്നു അബുൽ ഹസനില്‍ ഖത്താന്‍ പറഞ്ഞത് തീരേ ഗൌനിക്കേണ്ടതില്ല. ശരിതന്നെ, അദ്ദേഹത്തിനു ചെറിയ ഓര്‍മക്കുറവെല്ലാം ഉണ്ടായിട്ടുണ്ട്. യുവത്വത്തിലെ അതേ പ്രസരിപ്പോടെ ഓര്‍മക്കുറവ് ശേഷിച്ചിരുന്നില്ല. ഓര്‍മയുണ്ടായിരുന്ന ചിലതെല്ലാം മറക്കുകയോ ചിലതില്‍ സന്ദേഹിക്കുകയോ ചെയ്തു. അങ്ങനെ സംഭവിച്ചുപോയെങ്കിലെന്ത്? അദ്ദേഹമെന്താ, എക്കാലത്തും മറവിയില്‍ നിന്നു മുക്തനാവണമെന്നുണ്ടോ? ജീവിത സായാഹ്നത്തില്‍ ഇറാഖിലെത്തിപ്പോളും തന്‍റെ വിപുലമായ ജ്ഞാനശേഖരത്തില്‍ നിന്ന് ധാരാളം ഹദീസുകള്‍ അദ്ദേഹം പറഞ്ഞു. മികവു കാട്ടിയില്ലെന്ന് പണ്ഡിതന്മാര്‍ക്കു തോന്നിയ തുച്ഛം ഹദീസുകളും അവയിലുണ്ട്. അത്തരം സംഭവങ്ങള്‍ ഇമാം മാലിക്, ഇമാം ശുഅ്ബ, ഇമാം വകീഅ് തുടങ്ങിയ സുദൃഡജ്ഞാനികളും ഉന്നത ശീര്‍ഷരുമായവര്‍ക്കൊക്കെ പിണഞ്ഞിട്ടുണ്ടല്ലോ. അതിനാല്‍, നിങ്ങളുടെ ഈ പൊട്ടിത്തെറി വേണ്ടെന്നു വെക്കുക. സുദൃഡമായ പാണ്ഡിത്യത്തിന്‍റെ ഉടമകളായ ഇമാമുമാരെ പ്രാമാണിക ദൌര്‍ബല്യമുള്ളവരോടും അബദ്ധങ്ങള്‍ എഴുന്നള്ളിച്ചവരോടും കൂട്ടിക്കലര്‍ത്തി പറയുന്നത് ഉപേക്ഷിക്കുക. ഹിഷാം “ശൈഖുല്‍ ഇസ്‌ലാം” ആകുന്നു! ഓ, ഇബ്നു ഖത്ത്വാന്‍, അങ്ങേക്ക് ഞങ്ങള്‍ നേരുന്ന ദുഃഖശാന്തി അല്ലാഹു മനോഹരമാക്കട്ടെ!!”

അല്‍ഹാഫിദു ദ്ദഹബിയുടെ തന്നെ സിയറു അഅ്­ലാമി ന്നുബലാഅ് എന്ന ഗ്രന്ഥത്തില്‍ പറയുന്നത് വായിക്കാം:
الرجل حجة مطلقا ، ولا عبرة بما قاله الحافظ أبو الحسن بن القطان من أنه هو و سهيل بن أبي صالح اختلطا وتغيرا ، فإن الحافظ قد يتغير حفظه إذا كبر، وتنقص حدة ذهنه، فليس هو في شيخوخته كهو في شبيبته، وما ثم أحد بمعصوم من السهو والنسيان، وما هذا التغير بضار أصلا، وإنما الذي يضر الاختلاط ، وهشام فلم يختلط قط ، هذا أمر مقطوع به، وحديثه محتج به في الموطأ والصحاح، والسنن - سير أعلام النبلاء

“ഉപാധികളൊന്നും വെച്ചുകെട്ടാതെ തന്നെ ഹിഷാം ബ്നു ഉറവഃ പ്രാമാണികനാണ്. അബുൽ ഹസനുൽ ഖത്താൻ,അദ്ധേഹത്തെക്കുറിച്ചും, സുഹൈൽ ബിന് അബീ സ്വാലിഹിനെക്കുറിച്ചും അവർക്ക് രണ്ടു പേർക്കും ആശയക്കുഴപ്പവും ഓര്‍മത്തകരാരും സംഭവിച്ചുവെന്നു പറഞ്ഞത് കാര്യമാക്കേണ്ടതില്ല. ഹാഫിദായ (അഥവാ, പതിനായിരം ഹദീസ് മനപാഠമുള്ള) ഒരാൾക്ക്‌ വയോധികനാകുമ്പോൾ ഓർമയ്ക്കുറവ് സംഭവിച്ചേക്കാം. മനസിന്‍റെ മൂര്‍ച്ച കുറഞ്ഞേക്കും. യുവത്വത്തിലെ തുടിപ്പ് അപ്പടി വാർധക്യത്തിലുണ്ടാവില്ല. ഓർമപ്പിശകിൽ നിന്നും മറവിയിൽ നിന്നുമൊക്കെ പൂര്‍ണ മുക്തരായ ആരുമില്ല. ഈയൊരു മാറ്റം മൌലികമായ ഒരു ദോഷമല്ലതാനും. ദോഷകരമായത് പരസ്പരം വിഷയങ്ങൾ ഇടകലരുന്നതാണ്. എന്നാല്‍, ഹിശാമിനെ സംബന്ധിച്ചേടത്തോളം അങ്ങനെയൊരു ആശയക്കുഴപ്പം ഉണ്ടായിട്ടുമില്ല. ഇതു ഖണ്ഡിതമായ സംഗതിയാണ്. സ്വഹീഹുകളിലും, സുനനുകളിലും മുവത്വയിലുമൊക്കെയുള്ള അദ്ധേഹത്തിന്റെ ഹദീസുകൾ തെളിവ് പിടിക്കാൻ പര്യാപ്തമാണ്."

ഹിഷാം ബിന് ഉർവക്ക് എതിരെയുള്ള ആരോപണങ്ങളുടെ മുനയൊടിക്കാന്‍ ബിദഈ കൂടാരങ്ങളില്‍ സ്വീകാര്യനായ ഹാഫിദു ദ്ദഹബിയുടെ പ്രസ്താവന തന്നെ ധാരാളമാണ്.

അബുസ്സിനാദ് അബ്ദുല്ലാഹി ബ്നു ദക്­വാന്‍, അബ്ദുര്‍റഹ്മാനു ബ്നു അബിസ്സിനാദ്, യഹ് യ ബ്നു സഈദ് , സുഫിയാനുബ്നു ഉയൈയ്ന, അബ്ദുല്ലാഹി ബ്നു മുഹമ്മദ്‌, ഈസ ബ്നു യുനുസ്, ജരീര്‍ ബ്നു അബ്ദില്‍ ഹമീദ്, ഇബ്നു ജുറയ്ജ്,ഹമ്മാദ് ബ്നു സലമ, ഹമ്മാദ് ബ്നുസയ്ദ്, അബൂ ദംറ, വുഹയ്ബ് ബ്നു ഖാലിദ്, ലൈസ് ബ്നു സഅദ്, എന്നിങ്ങനെ മക്കക്കാരും മദീനക്കാരും കൂഫക്കാരും ബസ്വറക്കാരും റയ്യുകാരും ഈജിപ്തുകാരുമായ പരശ്ശതം മുഹദ്ദിസുകൾ ഹിഷാംബിന് ഉർവയിൽ നിന്ന് ഹദീസുകൾ രിവായത് ചെയ്തിട്ടുണ്ട്. ഹദീസു നിധാനശാസ്ത്ര വിശാരധരുടെ നിബന്ധനകള്‍ എല്ലാം പാലിച്ച യഹ്­യ ബിന് സഈദിനെപ്പോലുള്ള മുഹദ്ദിസുകൾക്കാർക്കുമില്ലാത്ത ആക്ഷേപം, ഇവരോട്ഏതെങ്കിലും അര്‍ത്ഥത്തില്‍ കിടപിടിക്കാൻ ശേഷിയില്ലാത്തവര്‍ ഉന്നയിക്കുന്നുവെങ്കില്‍ എന്തുവിലയാണ് നാമതിനു കല്‍പ്പിക്കേണ്ടത്?! ഒരു ഹദീസ് രിവായത് ചെയ്തവരിൽ യഹ് യ ബിന് സഈദ് ഉണ്ടെങ്കിൽ, പിന്നെ മറ്റൊന്നുംനോക്കാനില്ല, അത് അത്രയധികം വിലയിരുത്തപ്പെട്ടിട്ടുണ്ടാകും എന്ന മുഖ്ബില്‍(റ)യുടെ പ്രസ്താവന പണ്ഡിതസമൂഹം അദ്ദേഹത്തിന്‍റെ അര്‍ഹതയ്ക്ക്. നല്‍കുന്ന ആദരമാണ്. ഇങ്ങനെയുള്ള ഉന്നത ശീര്‍ഷരില്‍ ഒരാള്‍ പോലും ഈഹദീസിനെ വിമർശിച്ചിട്ടില്ല. നാം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന സ്വഹീഹുൽ ബുഖാരിയിലെ ഹദീസിന്‍റെ നിവേദകരിൽ ഒരാൾ യഹ്­യ ബിന് സഈദ് ആണെന്ന കാര്യം ആനുഷംഗികമായി പറയട്ടെ.

ഹിഷാം ബിന് ഉർവ സ്വീകാര്യനല്ലെന്നു വിളിച്ചു കൂവി നടക്കുന്ന മൌലവിമാർ മറ്റൊരു കാര്യം കൂടി പഠിക്കണം. അദ്ദേഹം മൂന്നു തവണ ഇറാക്കിൽ വന്നിട്ടുണ്ട്. അതിൽ അവസാന വരവിലാണ് അദ്ദേഹത്തിൽ മാറ്റങ്ങൾ സംഭവിച്ചുവെന്നു പറയപ്പെടുന്നത്‌. അതായത് വാര്‍ധക്യമോ വാര്‍ധക്യ സഹജമായ മറ്റെന്തെങ്കിലും മാറ്റങ്ങളോ പ്രകടമായിരുന്നുവെന്നു വന്നാല്‍പ്പോലും അത് അദ്ദേഹത്തിന്‍റെ ജീവിത സായാഹ്നത്തിലാണെന്ന് വ്യക്തം. ഇമാം ബുഖാരി(റ) ഉദ്ധരിച്ച സിഹ്റുമായി ബന്ധപ്പെട്ട ഹദീസ് ഹിഷാം മൂന്നാം തവണ ഇറാക്കിൽ വന്നതിനു ശേഷമാണ് എന്നതിന് ഒരു തെളിവും ഇല്ല. ഈ വിമർശനം പറയുന്ന യഅഖൂബു ബിന് ശൈബ പോലും, സിഹ്റിന്റെ ഹദീസ് ഇറാക്കിൽ വെച്ച് പറഞ്ഞതാണെന്നവകാശപ്പെട്ടിട്ടില്ല. പൂര്‍വകാല ഉലമാക്കൾ സ്വഹീഹുൽ ബുഖാരിയിലെ സിഹ്റുമായി ബന്ധപ്പെട്ട ഹദീസുകൾ സ്വീകരിക്കുക മാത്രമല്ല, സനദിലെ ഹിഷാം ബിന് ഉർവയുടെ സാന്നിധ്യം അവർക്കിടയിൽ ഒരു ചർച്ചാവിഷയം പോലുമായില്ല എന്നു മറക്കരുത്. പറഞ്ഞുവന്നത്, പ്രസ്തുത ഹദീസിന്‍റെ സനദിൽ ഹിഷാം ബിന് ഉർവ എന്ന പേര് കാണുമ്പോഴേക്കും കൊട്ടും കുരവയും എടുത്തിറങ്ങുന്നതിനു യാതൊരു അടിസ്ഥാനവുമില്ലായെന്നർത്ഥം.
വാദത്തിനു വേണ്ടി, ഹിഷാം മൂന്നാം തവണ ഇറാക്കിൽ വന്നതിനു ശേഷമാണ് ഈ ഹദീസ് പറഞ്ഞതെന്നും, സനദിലെ അദ്ദേഹത്തിന്‍റെ സാന്നിധ്യം ഹദീസിനെ അസ്വീകാര്യമാക്കുന്നു എന്നും സമ്മതിച്ചാൽ പോലും രക്ഷയില്ല. ഇതേ ഹദീസ്, ഹിഷാം ബിന് ഉർവ ഇല്ലാത്ത സനദിലൂടെയും, അതായത്, നടേ പരാമര്‍ശിച്ച പോലെ സൈദ്‌ ബിന് അർഖം (റ) വഴിയും സ്വഹീഹായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ആ ഹദീസിനെയും അതിന്റെ സനദിനെയും ആരും ആക്ഷേപിച്ചിട്ടില്ല! സുനനു ന്നസാഈയിലും മുസ്വന്നഫു ബ്നി അബീ ശൈബയിലും, മുസ്നദു അഹ്­മദിലും തുടങ്ങി ദശക്കണക്കിനു ഹദീസു ഗ്രന്ഥങ്ങളില്‍ ഇത് കാണുന്നുണ്ട്!!

മക്കാ മുശ്­രിക്കുകളുടെ ആരോപണത്തെ ഏറ്റുപിടിക്കല്‍ ആകുമോ?
സത്യവിശ്വാസികളെ പരിഹസിക്കാനായി “നിങ്ങൾ സിഹ്ർ ബാധിതനായ ഒരാളെയാണ് അനുധാവനം ചെയ്യുന്നത്” എന്ന്‌ മക്കയിലെ ബഹുദൈവ വിശ്വാസികള്‍ പറയാറുണ്ടായിരുന്നുവെന്നു ഖുർആന്‍ ഉദ്ധരിച്ചിട്ടുണ്ട്. നബിസ്വ.ക്ക് സിഹ്ർ ബാധിച്ചുവെന്ന് പറയുന്ന ഹദീസ്‌ നാം അംഗീകരിക്കുകയാണെങ്കിൽ, അവരുടെ വാദം സ്വീകരിക്കുന്നതിന് തുല്യമാവും എന്നാണു വഹാബികളുടെ വാദം.

തീര്‍ത്തും അര്‍ത്ഥശൂന്യമായ വിതണ്ഡവാദമാണിത്. നബി സ്വ.ക്കെതിരെ ശത്രുക്കള്‍ പല ആരോപണങ്ങളും ചമച്ചുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വ്യാജൻ, കവി, മന്ത്രവാദി, ചിത്തഭ്രമം പിടിച്ചവൻ അങ്ങനെയങ്ങനെ പലതും. സത്യത്തെ ദുരാരോപണങ്ങള്‍ കൊണ്ട് ഊതിക്കെടുത്താന്‍ പറ്റുമെന്ന് അവര്‍ ധരിച്ചിരിക്കണം! ഏതോ ആവട്ടെ, അത്തരം പല ആരോപണങ്ങളിൽ ഒന്ന് മാത്രമാണ് സിഹ്­ര്‍ ബാധിതനെയാണ് നിങ്ങള്‍ പിന്തുടരുന്നത് എന്ന ആരോപണവും. ഹദീസിൽ വന്ന രൂപത്തിലുള്ള ഒരു സംഭവത്തെയല്ല അവര്‍ അതുകൊണ്ട് അര്‍ത്ഥമാക്കിയത്, പ്രത്യുത, ആരുടെയൊക്കെയോ ആഭിചാരക്രിയകളിൽ പെട്ടു ചിത്തഭ്രമം പിടിച്ചാണ് തങ്ങളുടെ പൂര്‍വ പിതാക്കള്‍ ആരാധിച്ചു പോന്നതിനെയെല്ലാം അവിടുന്ന് എതിര്‍ക്കുന്നത് എന്ന അർഥത്തിലാണ്. ബിദഇകള്‍ക്ക് പൊതു സ്വീകാര്യരായ ഹാഫിള് ഇബ്ന് കസീറും, ഷൌകാനിയും അവരുടെ തഫ്സീറുകളിൽ ബുഖാരിയുടെ ഉപര്യുക്ത ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. അവരോ മറ്റു മുഫസ്സിറുകളോ പ്രാമാണികരായ ഉലമാക്കളോ, മുഹദ്ദിസുകളോ ഉന്നയിക്കാത്ത ആരോപണമാണിത്. മുകളിൽ പറഞ്ഞ ആയത്തിന്റെ തഫ്സീറിൽ പ്രസ്തുത ആയത്ത് കൊണ്ട് നബി സ്വ.ക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് ദുർബലമാണെന്ന് അവരാരും മനസ്സിലാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇതിൽ നിന്ന് തന്നെ ഈ സംശയത്തിനു നിലനില്‍പ്പില്ലെന്നു ഗ്രഹിക്കാം.

ചുരുക്കത്തിൽ, ഖുർആനും സുന്നത്തുമാണ് തങ്ങളുടെ പ്രമാണം എന്ന ബാനർ പിടിച്ചു നിൽക്കുന്ന വഹാബി മൌദൂദികള്‍ നബി സ്വ.ക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസിനെതിരെ ഉന്നയിച്ച എല്ലാ വിമര്‍ശനങ്ങളും പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ്. (തുടരും)

3 Comments

  1. എന്തിനാണ് കളവു പ്രജരിപ്പിക്കുന്നത് ഉസ്താടെ.... എം എം അക്ബര് ആ കാര്യം ഫുൾ പറഞ്ഞിട്ടുണ്ട്... ആ ഹദീസ് ശരിയല്ല എന്നും പറഞ്ഞിട്ടില്ല.... ഫുൾ വീഡിയോ കാണാൻ ഈ ലിങ്ക് നോക്കുക

    നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചുവെന്നോ..? MM Akbar - (Sihr / Black Magic)
    https://youtu.be/5JLyyWPisXk

    ReplyDelete
Previous Post Next Post