#കുമ്പസാരവും_പാപമോചനച്ചീട്ടും
#പൗരോഹിത്യത്തിന്റെ_ബലതന്ത്രങ്ങൾ
കുമ്പസാരം നിർത്തലാക്കണമെന്നു ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നു. ഒരു സ്ത്രീയുടെ കുമ്പസാരം കേട്ട അച്ചൻ രഹസ്യം പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യുകയും മാരകമായ ആ "കുമ്പസാരരഹസ്യം" മറ്റൊരച്ചന്, ആ അച്ചൻ മറ്റൊരച്ചന്, അവിടുന്നു മറ്റൊരച്ചന് എന്നിങ്ങനെ അഞ്ചോളം പേരിലേക്ക് കൈമാറുകയും, ഫലം അച്ചന്മാർ പങ്കിട്ടെടുക്കുകയും ചെയ്തത്രേ. എല്ലാം കഴിഞ്ഞാണ് സംഭവം ഭർത്താവിന്റെ ശ്രദ്ധയിൽ പെട്ടതും രഹസ്യങ്ങളെല്ലാം പരസ്യങ്ങളായതും.
പരസ്യമായ ഈ സംഭവത്തേക്കാൾ മോശമായ എത്രയോ സംഭവങ്ങൾ പല കുമ്പസാരക്കൂടുകളിൽ നിന്നും പകർന്നു, നാട്ടിൽ അടക്കം പറച്ചിലുകളിലൂടെ പടർന്നുകൊണ്ടേയിരിക്കുന്നു!! മേലിൽ ഈ ദുർന്നടപ്പ് ആവർത്തിക്കാതിരിക്കണമെങ്കിൽ അച്ചടക്കനടപടികൾ ഉണ്ടായാൽ പോരാ, നിരോധിക്കുക തന്നെ വേണമെന്നു കട്ടായം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ വനിതാ കമ്മീഷന്റെ ശുപാർശ.
#എന്താണ്_കുമ്പസാരം?
കത്തോലിക്കരും ഓർത്തഡോക്സുകാരുമാണ് കുമ്പസാരം പാപമോചനമാർഗ്ഗമായി കരുതി അനുഷ്ഠിച്ചു പോരുന്നത്. ക്രൈസ്തവ സഭയുടെ ആദ്യത്തെ 12 നൂറ്റാണ്ടുകളിൽ ഇങ്ങനെയൊരു ആചാരം ഉണ്ടായിരുന്നില്ല. 1251 നവംബർ 11 നു ഇന്നസെന്‍റ് മൂന്നാമന്‍ മാര്‍പാപ്പ റോമില്‍ വിളിച്ചു കൂട്ടിയ നാലാമത്തെ ലാറ്റെറന്‍ കൗണ്‍സില്‍ (The Fourth Council of the Lateran) ആണ് കുമ്പസാരക്കൂദാശ പ്രഖ്യാപിച്ചത്. 71 പാത്രിയാർക്കുമാരും 412 ബിഷപ്പുമാരും 900 വൈദികരും ഒരുമിച്ച് ചേർന്ന ഈ സുന്നഹദോസിലെ ഇരുപത്തൊന്നാമത്തെ കാനോനാണ് കുമ്പസാരം അനുശാസിക്കുന്നത്. "Every Christian who has reached the years of discretion to confess all his, or her, sins at least once a year to his, or her, own priest - ഗുണദോഷ വിവേചന പ്രായം എത്തിയ എല്ലാ ക്രിസ്ത്യാനികളും ആണ്ടില്‍ ഒരിക്കല്‍ പാപങ്ങള്‍ പുരോഹിതനോട് ഏറ്റുപറഞ്ഞ് കുമ്പസാരിക്കണം.''
ഭൂമിയിൽ പാപമോചനം നൽകാനുള്ള അധികാരം പുരോഹിതന്മാർക്ക് ദൈവം നൽകിയിട്ടുണ്ടെന്നാണ് ഈ സഭകൾ കുഞ്ഞാടുകളെ പറഞ്ഞു വിശ്വസിപ്പിക്കുന്നത്. മാമോദീസ സ്വീകരിച്ചതിനുശേഷം വിശ്വാസികൾ - ആണായാലും പെണ്ണായാലും- ചെയ്ത പാപങ്ങൾ പുരോഹിതനോടു ഏറ്റുപറയുമ്പോൾ അദ്ദേഹം അവർക്ക് പാപമോചനം നൽകുമത്രെ. പാപം പൊറുക്കുവാനുള്ള അധികാരം ദൈവത്തിനു മാത്രമാണ് എന്ന യേശുവിന്റെ അധ്യാപനത്തിന് വിരുദ്ധമാണ് ഈ ആചാരം. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ യഹൂദര്‍ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നപ്പോള്‍ മുട്ട് കുത്തി നിന്റെ പാപങ്ങള്‍ ഏറ്റു പറയുക, ഞാന്‍ നിന്നെ കുമ്പസാരിപ്പിച്ച് പാപ മോക്ഷം തരാം എന്നല്ല യേശു പറയുന്നത്, "ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക, ഇനിമേല്‍ പാപം ചെയ്യരുത്" എന്ന് മാത്രമാണ് [ യോഹന്നാന്‍ 8:1-11].
വിശ്വാസികൾ ഉന്നയിക്കാറുള്ള ന്യായമായ ചില സംശയങ്ങൾ:-
1. കത്തോലിക്കാ സഭയില്‍ ആദ്യ 12 നൂറ്റാണ്ടുകളില്‍ വികാരിമാരോട് കുമ്പസാരിക്കാതെ മരിച്ചവര്‍ നരകത്തിലാണോ പോയത് ?
2. എന്ത് കൊണ്ട് അത്രയും കാലം ഇങ്ങനെ ഒരു കുദാശ സഭയില്‍ ഉണ്ടായില്ല?
3. അപ്പോള്‍ കുമ്പസാരമെന്ന കൂദാശ സ്വീകരിക്കാതെ സഭ എങ്ങനെ വിശുദ്ധരെ നാമകരണം ചെയ്തു?
4. സഭയുടെ ദീർഘമായ 1251 വര്‍ഷക്കാലം - കുഞ്ഞാടുകള്‍ ദൈവത്തോട് നേരിട്ട് പറഞ്ഞിരുന്ന കാലം കുഞ്ഞാടുകളുടെ പാപങ്ങള്‍ ദൈവം പൊറുത്തിരുന്നില്ലേ!?
5. പാപിയായ കുഞ്ഞാടിന്റെ പാപങ്ങള്‍ പൊറുക്കാന്‍ പാപം ചെയ്യുന്ന പാതിരിക്കും ദൈവം അധികാരം നൽകിയതെന്താണ്?
വിശ്വാസികളുടെ മന:സാക്ഷിയുടെമേൽ പിടിമുറുക്കാനുള്ള പൗരോഹിത്യത്തിന്റെ തന്ത്രമാണ് കുമ്പസാരം എന്നു റോമാസാമ്രാജ്യത്തിന്റെ ക്ഷതി-പതനങ്ങളുടെ ചരിത്രമെഴുതിയ എഡ്‌വേർഡ് ഗിബ്ബണെപ്പോലുള്ളവർ നിശിതമായി വിമർശിച്ചിട്ടുണ്ട്. "കാമാർത്തരായ പുരോഹിതബ്രഹ്മചാരികൾ കുമ്പസാരക്കൂട്ടിൽ ഭാര്യമാരുടേയും പെണ്മക്കളുടേയും മാനം കവർന്നേക്കുമെന്ന ഭീതി മദ്ധ്യയുഗം മുതൽ കത്തോലിക്കാ പുരുഷന്മാരെ അലട്ടിയിരുന്നതായി" ഡയർമെയ്ഡ് മക്കല്ലക് A History of Christianity: The First Three Thousand Years, Page-846 ൽ രേഖപ്പെടുത്തുന്നു. അതു കൊണ്ടായിരിക്കാം, പുരോഹിതർക്ക് വിവാഹം അനുവദിക്കപ്പെട്ടിട്ടുള്ള ചില പൗരസ്ത്യസഭകളിൽ, സ്ത്രീകൾ വിവാഹിതരായ പുരോഹിതന്മാരുടെ അടുത്തു മാത്രമേ കുമ്പസാരിക്കാവൂ എന്ന നിഷ്കർഷയുണ്ടെന്ന് ഡി. ബാബു പോൾ പറയുന്നത് (വിശ്വാസപ്രമാണങ്ങൾ എന്ന കൃതിയിലെ "പണിയല്ല, വിളിയാണ്" എന്ന ലേഖനം -പുറം 106). വിശ്വാസികളുടെ അഭിമാനബോധത്തെ ഹനിക്കുകയാണ് സത്യത്തിൽ കുമ്പസാരക്കൂദാശയിലൂടെ നടത്തുന്നത് എന്ന വിമർശനത്തെ ആരോഗ്യകരമായി സമീപിക്കാൻ സഭക്കും കുഞ്ഞാടുകൾക്കും സാധിക്കണം. കോടതിയിടപ്പെട്ടു നിരോധിക്കുന്നതിനു പകരം സഭ തന്നെ തിരുത്തട്ടെ! അതിനെ മാന്യതയുള്ളവർ സല്യൂട്ട് ചെയ്യും, തീർച്ച.
#പാപമോചനച്ചീട്ട്
കുമ്പസാരക്കൂദാശ വിജയിച്ച് അധികം താമസിയാതെ
സഭ പാപമോചനച്ചീട്ട് എന്ന പുതിയ സിസ്റ്റം രംഗത്തിറക്കി. ഞാനതേ കുറിച്ച് വളരെ ചെറിയൊരു കുറിപ്പ് മുമ്പൊരിക്കൽ എഴുതിയിട്ടുണ്ട് (https://goo.gl/ZHkRuS). പതിനാറാം നൂറ്റാണ്ട് യൂറോപ്പു മുഴുവന്‍ അടക്കി വാഴുന്ന മാര്‍പ്പാപ്പാമാരുടെ ഭരണകാലമായിരുന്നു. രാജ്യങ്ങളെയും ഭരണാധികാരികളെയും നിയന്ത്രിച്ചത് സഭാ നേതൃത്വമായിരുന്നു. ഇക്കാലത്ത് ലിയോ പത്താമന്‍ മാര്‍പ്പാപ്പയും ജര്‍മ്മനിയിലെ കര്‍ദ്ദിനാളായ ആല്‍ബര്‍ട്ടനും ജോണ്‍ ടെറ്റ്‌സണ്‍ എന്ന വൈദികനും ചേര്‍ന്നാണ് പാപമോചന ചീട്ട് വില്‍പ്പന നടത്തി പണം സമ്പാദിച്ചത്.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക ചർച്ചിന്റെ നിർമാണം ആര്‍ഭാടപൂര്‍ണ്ണമായി നടത്തുന്നതിന് പണം കണ്ടെത്തുവാനുള്ള കുറുക്കുവഴിയായിരുന്നു പാപമോചന ചീട്ട് വില്‍പ്പന. പണം നല്‍കി ചീട്ട് വാങ്ങുന്നവര്‍ക്ക് നരകയാതനയില്‍ നിന്നും പാപത്തില്‍ നിന്നും പാപ്പ മോചനം പ്രഖ്യാപിച്ചു! ബൈബിൾ വായിക്കാന്‍ പോലും അനുവാദമില്ലാത്ത യൂറോപ്പിലെ സാധാരണ ജനങ്ങളെ കബളിപ്പിക്കുന്നതിനു മിടുക്കരായ പ്രസംഗകരെയും ടിക്കറ്റു വില്പന ഏജൻറുമാരെയും നിയോഗിച്ചു!! പാപത്തിന്റെ ഗൗരവത്തിനനുസരിച്ച് പിഴ നിശ്ചയിച്ചിരുന്നു. ഉദാ: അല്മേനിയക്കാരനെ കൊന്നാൽ 5 രൂപ പിഴ, കന്യകയെ മര്യാദലംഘനം ചെയ്താൽ 7 രൂപ പിഴ, പുരോഹിതൻ കന്യാസ്ത്രീയെ ഗർഭിണിയാക്കിയാൽ 42 രൂപ പിഴ, പുരോഹിതൻ വെപ്പാട്ടിയെ വച്ചാൽ 8 രൂപ പിഴ എന്നിങ്ങനെ. പിഴയ്ക്കു വേണ്ടി ചീട്ടുകൾ നേരത്തെ അച്ചടിച്ചു വച്ചിരുന്നു, സിനിമ ടിക്കറ്റു പോലെ. തുക കൊടുത്ത് ചീട്ടു വാങ്ങിക്കുന്നതോടെ പാപപരിഹാരമാവും!!
ജര്‍മ്മനിയില്‍ പാപമോചന ചീട്ട് വില്‍പ്പനയുടെ ഹോൾസെയിൽ ഏജൻസി കര്‍ദ്ദിനാള്‍ ആല്‍ബര്‍ട്ടിനാണ് നല്‍കിയത്. 24-ാം വയസ്സില്‍ കര്‍ദ്ദിനാളായ ആല്‍ബര്‍ട്ടിന് ആ പദവിക്ക് വേണ്ടി പോപ്പിന് കൈക്കൂലിയായി ഭീമമായ തുക നല്‍കേണ്ടി വന്നിരുന്നു. ഈ പണം ജര്‍മ്മനിയിലെ ഒരു വട്ടിപ്പലിശക്കാരനിൽ നിന്ന് കൊള്ളപ്പലിശക്കെടുത്താണ് നല്‍കിയത്. പാപമോചനച്ചീട്ട് വിറ്റ് ലഭിക്കുന്ന വരുമാനത്തിന്റെ അമ്പതു ശതമാനം കര്‍ദ്ദിനാള്‍ ആല്‍ബര്‍ട്ടിന് എടുക്കാമെന്നാണ് പോപ്പുമായി ഉണ്ടാക്കിയ ധാരണ!!
ഏതു വിധേനയും പണം സമ്പാദിക്കാനുള്ള തീവ്ര ശ്രമമാണ് പീന്നീട് ആല്‍ബര്‍ട്ട് നടത്തിയതെന്നു പറയേണ്ടതില്ലല്ലൊ. ഡൊമിനിക്കന്‍ സന്യാസിയായ വൈദികന്‍ ജോണ്‍ ടെറ്റ്‌സണെയാണ് ചീട്ടുവില്‍പ്പനയുടെ ചുമതല ഏല്‍പ്പിച്ചത്. പാപമോചനച്ചീട്ടിന്റെ ഫലസിദ്ധിയെക്കുറിച്ച് ജോണ്‍ ടെറ്റ്‌സണ്‍ വാചാലമായി പ്രസംഗിച്ചു. ചെയ്തു കഴിഞ്ഞ പാപങ്ങള്‍ മാത്രമല്ല, ചെയ്യാന്‍ പോകുന്ന പാപങ്ങള്‍ക്കും മോചനം ലഭിക്കുമെന്ന് അയാള്‍ പറഞ്ഞു!! ജര്‍മ്മനിയിലെങ്ങും ഓടി നടന്ന് എല്ലാ തന്ത്രങ്ങളും ഉപയോഗിച്ച് ചീട്ടുവില്‍പ്പന പൊടിപൊടിച്ചു. ജനങ്ങളുടെ അജ്ഞതയെ മുതലെടുത്ത് പണം പിരിക്കുന്ന പദ്ധതി വിജയിക്കുന്നത് ടെറ്റ്‌സണെ കൂടുതൽ കൂടുതല്‍ ആവേശഭരിതനാക്കി.
ഒടുവില്‍ വിറ്റന്‍ബര്‍ഗ് പട്ടണത്തിൽ പാപമോചനച്ചീട്ട് വില്‍പ്പനക്കായി എത്തിയപ്പോൾ മാര്‍ട്ടിന്‍ ലൂഥര്‍ അതിനെതിരെ ആഞ്ഞടിച്ചുകൊണ്ട് രംഗത്തെത്തി. സഭക്കും മാർപ്പാപ്പക്കുമെതിരായി 95 കുറ്റകൃത്യങ്ങൾ എഴുതിത്തയ്യാറാക്കി വിറ്റന്‍ബര്‍ഗ് കത്തീഡ്രല്‍ ദേവാലയത്തിന്റെ വാതില്‍ക്കല്‍ ആണിയടിച്ച് ഉറപ്പിച്ചു. പോപ്പിന്റെ അധികാര കേന്ദ്രങ്ങള്‍ക്കെതിരെയുള്ള പരസ്യമായ വെല്ലുവിളിയും നവീകരണത്തിനുള്ള ആഹ്വാനവുമായിരുന്നു ആ കുറിപ്പ്. അതോടെ ക്രൈസ്തവലോകത്തിന്റെ ഗതി തന്നെ മാറ്റി മറിക്കപ്പെട്ടു. വരുന്ന ഒക്‌ടോബര്‍ 31ന് മാര്‍ട്ടിന്‍ ലൂഥറിന്റെ ധീരമായ ആ ചുവടുവയ്പ്പിനു 501വർഷം തികയുകയാണ്.
ഇനിയും ലൂഥർമാർ പിറന്നെങ്കിൽ എന്നു പല ക്രൈസ്തവ സുഹൃത്തുക്കളും അലമുറയിട്ടുകൊണ്ടേയിരിക്കുന്നു.
സത്യസന്ധമായ ആത്മാഭിമാനത്തെ ഹനിക്കുന്ന ഏതുതരം നിലപാടുകളോടും പ്രതികരിക്കാനുള്ള അഭിവാഞ്'ചയാണ് ഇസ്'ലാം എന്നും വിശ്വാസികൾക്കു നൽകുന്ന കരുത്ത്. അതിനു വേണ്ടി ഇത:പര്യന്തം മതത്തേയോ മതചിഹ്നങ്ങളെയോ കുരുതി കൊടുക്കേണ്ടി വന്നിട്ടില്ല. ഈ ദർശനത്തെ വായിക്കാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തുക.
✍Muhammad Sajeer Bukhari
#ISRA_Aralam