ഉറുമ്പുകളിലും പ്രവാചകന്മാര്‍ ഉണ്ടോ?






സുലൈമാന് നബി അ.മിന്‍റെ ചരിത്രകഥയുമായി ബന്ധപ്പെട്ട രണ്ടാമത്തെ ചോദ്യം അദ്ദേഹത്തിനു ഉറുമ്പുകളുടെ ഭാഷ അറിയാമോ എന്നായിരുന്നു.

സുലൈമാന്‍ നബി അ. അല്ലാഹുവിന്‍റെ പ്രവാചകനാണ്‌. പ്രവാചകന്മാര്‍ക്ക് സാധാരണക്കാരില്‍ നിന്ന് വ്യത്യാസമായി പല അമാനുഷിക വിശേഷങ്ങളും അനുവദിക്കപ്പെട്ടിട്ടുണ്ടെന്നു ബൈബിള്‍ തന്നെ സംസാരിക്കുന്നുണ്ട്. അതില്‍ അയുക്തികത ഉണ്ടെന്നു തോന്നുന്നില്ല. സുലൈമാന്‍ നബി അ.നു പക്ഷികളുടെയും മൃഗങ്ങളുടെയും ഭാഷ അറിയാമായിരുന്നു എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ബൈബിളില്‍ ഒന്നും പറയുന്നില്ല. എങ്കിലും ജൂത ഗ്രന്ഥങ്ങളില്‍ അതു വ്യക്തമായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്: (Jewish Encyclopedia Volume 11, Page 439,440. See also: http://www.jewishencyclopedia.com/articles/13842-solomon). ബൈബിളില്‍ പറഞ്ഞാല്‍ മാത്രമേ സ്വീകര്യമാവൂ എന്ന് ചിന്തിക്കുന്നത് അര്‍ത്ഥശൂന്യമാണെന്നു പലവുരു വ്യക്തമായതാണ്.



മൂന്ന്: എ. ഉറുമ്പുകള്‍ക്ക് മനുഷ്യരുടെ ഭാഷ അറിയാമോ?

ഉറുമ്പുകള്‍ മനുഷ്യരുടെ ഭാഷയില്‍ സംസാരിച്ചു എന്ന ധാരണ മിഥ്യയാണ്‌. അവര്‍ അവരുടെ പതിവു വിനിമയ രീതിയിലാണ് ആശയ കൈമാറ്റം നടത്തിയത്. അത് സുലൈമാന്‍ നബി അ. മനസ്സിലാക്കി എന്നാണ് ഖുര്‍ആനിലുള്ളത്; അദ്ദേഹത്തിനു പക്ഷികളുടെയും മൃഗങ്ങളുടെയും ഭാഷ അറിയാമായിരുന്നു എന്നാണല്ലോ വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത്. അല്ലാതെ, ഉറുമ്പുകള്‍ക്ക് മനുഷ്യരുടെ ഭാഷ അറിയാമായിരുന്നു എന്നല്ല.



ബി. ഉറുമ്പുകള്‍ക്ക് മനുഷ്യരുടെ പേരുകള്‍ അറിയാമോ? സുലൈമാന്‍റെ സൈന്യമാണ്‌ എന്ന് എങ്ങിനെ ഉറുമ്പുകള്‍ തിരിച്ചറിഞ്ഞു? അത് അല്ലാഹു ഉറുമ്പിനു വെളിപ്പെടുത്തി കൊടുത്തതാണോ?

ഈ സംഭാഷണം നടത്തിയ ഉറുമ്പിനു സുലൈമാന്‍ നബിയുടെ പേര് അറിയാമായിരുന്നു എന്ന് തന്നെയാണ് ഉത്തരം. അത് അല്ലാഹു ആ ഉറുമ്പിനു വെളിപ്പെടുത്തി കൊടുത്തതു തന്നെ. സുലൈമാന്‍ നബിയുടെ സൈന്യമാണ്‌ വരുന്നത് എന്ന് ഉറുമ്പുകള്‍ തിരിച്ചറിഞ്ഞതും അള്ളാഹു വെളിപ്പെടുത്തിയത് പ്രകാരമാണ്. ഇതിനു സമാനമായ ധാരാളം സംഭവങ്ങള്‍ ബൈബിളിലും ഉണ്ട്.

ഉദാഹരണത്തിനു ഒന്ന്‍.രാജാ. 17:2-4. ദൈവത്തിന്‍റെ നിര്‍ദേശം അനുസരിച്ച് കാക്ക ഏലിയാവിനു ആഹാരം നല്‍കുന്നു. “പിന്നെ അവനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍: നീ ഇവിടെ നിന്ന് പുറപ്പെട്ടു കിഴക്കോട്ടു ചെന്നു യോര്‍ദ്ദാന്നു കിഴക്കുള്ള കെരീത്തു തോട്ടത്തിന്നരികെ ഒളിച്ചിരിക്ക. തോട്ടില്‍ നിന്നു നീ കുടിച്ചുകൊള്ളേണം. അവിടെ നിനക്ക് ഭക്ഷണം തരേണ്ടതിന്നു ഞാന്‍ കാക്കയോടു കല്‍പ്പിച്ചിരിക്കുന്നു. അങ്ങനെ അവന്‍ പോയി യഹോവയുടെ കല്‍പ്പന പ്രകാരം ചെയ്തു. അവന്‍ ചെന്നു യോര്‍ദ്ദാന്നു കിഴക്കുള്ള കെരീത്തു തോട്ടിന്നരികെ പാര്‍ത്തു. കാക്ക അവന്നു രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്തു അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കും. തോട്ടില്‍ നിന്ന് അവന്‍ കുടിക്കും”

ഇവിടെ കാക്ക ഏലിയാവോട് സംസാരിക്കുന്നു എന്നല്ല, പ്രത്യുത ദൈവം അറിയിച്ചുകൊടുത്തത് പ്രകാരം ഏലിയാവ് ആര് എന്ന് മനസ്സിലാക്കുകയും ആഹാരം എത്തിച്ചു കൊടുക്കുയുമാണ് ഉണ്ടായത്. ഏലിയാവിന്‍റെ കാര്യത്തില്‍ ഇതു സ്വീകാര്യവും സുലൈമാന്‍ നബി അ.മിന്‍റെ കാര്യത്തില്‍ അസ്വീകാര്യവും ആകുന്നത് എങ്ങനെയാണ്?!



സി. ആ ഉറുമ്പ്‌ അല്ലാഹുവിന്‍റെ പ്രവാചകന്‍ ആണോ?

ഏലിയാവിനു ആഹാരം എത്തിച്ചു കൊടുത്ത കാക്ക പ്രവാചകനാണോ? ഒരു ജീവി ദൈവിക ഇച്ഛക്കും നിര്‍ദേശത്തിനും വഴങ്ങി ജീവിക്കുന്നു എന്ന് കേള്‍ക്കുമ്പോഴേക്കു അതിനെ പ്രവാചകനാക്കിയാല്‍ പ്രവാചകന്മാര്‍ അല്ലാത്തവര്‍ എല്ലാം സ്വന്തം ഇച്ഛക്കും താത്പര്യത്തിനും അനുസരിച്ചാണ്, ദൈവിക നിയന്ത്രണത്തിനു വിധേയമായല്ല ജീവിക്കുന്നത് എന്ന് പറയേണ്ടി വരും.

Post a Comment

Previous Post Next Post