കുറേ വിജ്ഞാനമുണ്ടായാൽ തന്നെ രക്ഷപ്പെട്ടു, കർമത്തിലൊന്നും വലിയ കാര്യമില്ല എന്ന ചിന്ത വരട്ടു തത്വവാദമാണെന്ന് ഹുജ്ജതുൽ ഇസ്‌ലാം ഇമാം ഗസ്സാലി റ. അയ്യുഹൽ വലദിൽ എഴുതിയിട്ടുണ്ട്. വീണ്ടും വീണ്ടും അറിയാനും പഠിക്കാനുമുള്ള മനസ് ഏതവസ്ഥയിലും പ്രശംസനീയമാണ്. അതേസമയം, പഠിച്ചതനുസരിച്ചു ജീവിതം ചിട്ടപ്പെടുത്താൻ സാധിക്കുന്നതാണ് ഏറ്റവും മികച്ച അനുഗ്രഹം. "പുനരുത്ഥാന നാളിൽ ഏറ്റവുമധികം ശിക്ഷിക്കപ്പെടുന്നത് പഠിച്ച വിജ്ഞാനത്തെ അല്ലാഹുവിന്റെ പ്രീതിക്കായി പ്രയോജനപ്പെടുത്താത്ത ആലിം ആയിരിക്കും" എന്ന് നബി തിരുമേനി സ്വ. പറഞ്ഞിട്ടുണ്ട്.
സർവായുധ വിഭൂഷിതനായ ഒരാൾ പെരുങ്കാട്ടിലൂടെ നടക്കുന്നത് സങ്കല്പിക്കുക. ആയുധങ്ങളെമ്പാടുമുണ്ട്. അഭ്യാസിയുമാണ്. പെട്ടെന്നൊരു സിംഹം മുന്നിൽ ചാടി വീണു. തോക്കും കുന്തവും കത്തിയും കോടാലിയുമെല്ലാം കൈവശമുണ്ടായതു കൊണ്ടോ അവ ഉപയോഗിക്കുന്നതിനെ കുറിച്ചു ഒരു തിസീസ് എഴുതാൻ പോന്ന വിജ്ഞാനം ഉണ്ടായിട്ടോ എന്തു കാര്യം?! തക്ക സമയത്ത് യുക്തമായ വിധത്തിൽ അവ പ്രയോഗിക്കുന്നില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാകും.
രോഗത്തെ കുറിച്ചറിയാം, ചികിത്സയറിയാം, യഥാതദാ മരുന്നറിയാം..., എന്തു തന്നെയായിട്ടെന്ത്, രോഗിയാകുമ്പോൾ മരുന്നു കഴിച്ചിട്ടില്ലെങ്കിൽ വൈദ്യനും അപകടം സംഭവിക്കും.
അറിവുണ്ടായിട്ടും അമലില്ലാത്തതു കാണുമ്പോൾ / പഠിച്ചതിനു വിരുദ്ധമായി പറയുന്നതു കേൾക്കുമ്പോൾ ഈ യാത്രക്കാരനെയും വൈദ്യനെയും ഓർക്കുക. ഇക്കാലമത്രയും അറിവു സമ്പാദിക്കാൻ അവൻ എന്തുമാത്രം കഷ്ടപ്പെട്ടിരുന്നെന്നോ; ഇതല്ലെങ്കിൽ പിന്നെന്താണ് മുഴുഭ്രാന്ത്?! എന്നുവെച്ച്, അറിവു സമ്പാദിക്കാതെ എന്തു അമൽ ചെയ്യാനാകും? പറത്താൻ പഠിക്കാത്തവന്റെ കയ്യിൽ നിങ്ങൾ വിമാനം ഏൽപിക്കുമോ?
പ്രയോജനപ്പെടാത്ത വിജ്ഞാനത്തിൽ നിന്നു നബി തിരുമേനി സ്വ. കാവൽ ചോദിച്ചിട്ടുണ്ട് (من علم لا ينفع). തഥൈവ, അറിവേറ്റിതരണേ നാഥാ (رب زدني علما) എന്നു നിരന്തരം ദുആ ചെയ്യാൻ ഖുർആനുശ്ശരീഫ് പഠിപ്പിച്ചിട്ടുണ്ട്.
അല്ലാഹുവേ, നാഫിആയ ഇൽമു ധാരാളമായി തന്നു ഞങ്ങളെ അനുഗ്രഹിക്കണേ...!