ഇബ്നു ഹജരിൽ ഹയ്തമി റ.

#ആരും_മോഹിക്കുന്ന_ജീവിതം!

കർമശാസ്ത്രത്തിലെ മാസ്റ്റർപീസ് ആയ ഒരു ഗ്രന്ഥം, അതുതന്നെ പത്തു വാള്യങ്ങള്‍ വെറും പത്തു മാസം കൊണ്ടു രചന പൂര്‍ത്തിയാക്കുക. ആ ഗ്രന്ഥം ലോകമെങ്ങുമുള്ള മഹാപണ്ഡിതശിരോമണികളുടെ എല്ലാ നിലക്കുമുള്ള അവലംബവും ആശ്രയവുമായി തീരുക. പ്രസ്തുത രചനയ്ക്കു ശേഷം  നേരിടുന്ന കര്‍മശാസ്ത്രപരമായ സകലമാന പ്രശ്നങ്ങള്‍ക്കും ആ ഗ്രന്ഥം ഏറ്റവും മികച്ച സിദ്ധൗഷധം ആയി പ്രയോജനപ്പെടുക. സ്വപ്നം മാത്രമായി തോന്നിയേക്കാവുന്ന ഈ മഹാത്ഭുതമാണ് ശാഫിഈ ഫിഖ്ഹിലെ തുഹ്ഫതുല്‍ മുഹ്താജ് എന്ന കര്‍മശാസ്ത്ര വിജ്ഞാനകോശം. ഹി: 958 മുഹര്‍റം 12-ന് രചന തുടങ്ങിയ തുഹ്ഫ പത്ത് വാള്യം അതേ വര്‍ഷം ദുല്‍ഖഅദ് 27-ാം രാവ് (വ്യാഴം വൈകിട്ട്) പൂര്‍ത്തിയായി!

ശാഫിഈ കര്‍മശാസ്ത്ര ശ്രേണിയിലെ പ്രമുഖ പണ്ഡിതനായ ഇമാം ഇബ്‌നു ഹജരില്‍ ഹൈതമി റ. വാണ് ഈ അത്ഭുത രചനയുടെ കര്‍ത്താവ്.

തന്റെ ഉസ്താദുമാരുടെ പൊരുത്തവും പ്രാര്‍ത്ഥനയുമാണ്‌ ഈ മഹാപണ്ഡിതന്‍റെ വിജയത്തിന്‍റെ നിധാനം. അല്‍അസ്ഹറിലെ അദ്ദേഹത്തിന്റെ പ്രധാന ഉസ്താദുമാര്‍ ശൈഖ് സകരിയ്യല്‍ അന്‍സ്വാരി, അബുല്‍ ഹസനില്‍ ബകരി എന്നീ പണ്ഡിത പ്രതിഭകളായിരുന്നു. ശൈഖ് സകരിയ്യല്‍ അന്‍സ്വാരിയുടെ പ്രധാന പ്രാര്‍ഥനകളിലൊന്ന് ''അല്ലാഹുമ്മ ഫഖ്ഖിഹ്ഹു ഫി ദ്ദീനി'' എന്നായിരുന്നു. അല്ലാഹു ഈ പ്രാര്‍ഥന സ്വീകരിക്കുകയും ഇബ്‌നു ഹജരില്‍ ഹൈതമി റ. വിനെ  വലിയ സ്ഥാനങ്ങളിലേക്ക് ഉയര്‍ത്തുകയും ചെയ്തു. ആദരവായ റസൂലുല്ലഹി സ്വ.  സ്വഹാബിയായ ഇബ്നു അബ്ബാസ് റ.വിനു വേണ്ടി ചെയ്ത അതേ ദുആ ആയിരുന്നല്ലോ ഇത്.

പ്രയാസങ്ങളില്‍ ആകുലപ്പെട്ടിരിക്കാതെ കര്‍മ കുശലത കൊണ്ടു നേടിയ വിജയമാണ് മഹാനവര്‍കളുടെത്. പിതാവിന്റെ മരണ ശേഷം പിതാമഹന്റെ സംരക്ഷണയില്‍ കഴിയുന്ന സമയത്ത് വളരെ ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹം ഖുര്‍ആനും, മിന്‍ഹാജിന്റെ പലഭാഗങ്ങളും മനഃപാഠമാക്കി. അല്‍ അസ്ഹറിലെ അദ്ദേഹത്തിന്റെ പഠനകാലഘട്ടം വളരെ ദുഷ്‌കരമായിരുന്നു. ഭരണകൂടത്തിലെ പ്രശ്‌നങ്ങള്‍ കാരണം പ്രശ്‌നകലുഷിതമായ കാലത്തായിരുന്നു അദ്ദേഹം അസ്ഹറില്‍ പഠനം നടത്തിയിരുന്നത്. ഒരുപാട് കാലം പട്ടിണികിടന്ന് ത്യാഗം സഹിച്ച് വളരെ ക്ലേശപ്പെട്ടാണ് അദ്ദേഹം ഇസ്‌ലാമിന്റെ ജീവനാഡിയായ അറിവ് കരഗതമാക്കിയത്.

അറിവ് പഠിക്കാന്‍ മാത്രമല്ല, അവ ഫലപ്രദമായി പുനരാവിഷ്കരിക്കുവാനും അദ്ദേഹം കാണിച്ച ഉത്സാഹം വളരെ വലുതാണ്‌. ബിദ്അത്തിനെതിരെ ആഞ്ഞടിച്ചു. ഇബ്‌നു തൈമിയ്യയെ തൊലിയുരിച്ചു. നിതാന്തമായി ദര്‍സ് നടത്തി. നമുക്ക് സുപരിചിതനായ  സൈനുദ്ധീന്‍ മഖ്ദൂം (സാനി) യെ പോലുള്ള പ്രഗല്‍ഭരെ വാര്‍ത്തെടുത്തു. എല്ലാ തിരക്കുകള്‍ക്കുമിടയില്‍ ഗ്രന്ഥ രചനകള്‍ക്കും ഫത്‌വകള്‍ക്കും സമയം കണ്ടെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരന്തരം ഒഴുകി വന്ന ചോദ്യങ്ങള്‍ക്ക് മക്കയിലിരുന്ന് ഫത്‌വകള്‍ എഴുതിയയച്ചു. അവ പിന്നീട് ഗ്രന്ഥങ്ങളായി ക്രോഡീകരിച്ചു. മിശ്ക്കാത്തിന് ശര്‍ഹ്, അര്‍ബഈനന്നവവിയ്യയുടെ ശര്‍ഹ്, ഇബ്‌നുല്‍ മുഖ്‌രിയുടെ ഇര്‍ശാദിന് രണ്ട് ശര്‍ഹ്(ഇംദാദ്, ഫത്ഹുല്‍ ജവാദ്) ബാഫള്‌ല് മുഖദ്ദിമയുടെ ശര്‍ഹ്(മന്‍ഹജ്) ഈആബ്,മുഖ്തസ്സര്‍ റൗളിന്റെ ശര്‍ഹ് അങ്ങനെയങ്ങനെ അമ്പതോളം രചനകള്‍!!

വര്‍ത്തമാന സമയത്ത് പൊങ്ങുന്ന പുതിയ സംഭവ വികാസങ്ങള്‍ക്കും സംശയങ്ങള്‍ക്കും അദ്ദേഹം നല്‍കിയ മറുപടികളും തുഹ്ഫ പോലെയുള്ള രചനകളും എക്കാലത്തും പ്രസക്തമാണ്. കര്‍മശാസ്ത്ര രംഗത്തെ അതിസങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരത്തിനായി  അദ്ദേഹത്തിന്റെ സമകാലികരായ പണ്ഡിതന്മാര്‍ തന്നെ പലപ്പോഴും ആശ്രയിച്ചിരുന്നത് അദ്ദേഹത്തിന്റെ കിതാബുകളെയായിരുന്നു എന്നത് തന്നെ അദ്ദേഹത്തിന്റെ മഹത്വത്തിലേക്ക് വെളിച്ചം വീശുന്നു. മുജ്തഹിദുകളുടെ അഞ്ച് വിഭാഗത്തില്‍ ഇബ്‌നു ഹജര്‍ റ. സ്ഥാനം എവിടെയാണ് എന്ന വിഷയത്തില്‍ പണ്ഡിതര്‍ ഭിന്നാഭിപ്രായക്കാരാണ്.

ആത്മകഥാ സ്പര്‍ശമുള്ളതാണ് അദ്ദേഹത്തിന്‍റെ സബത് (ഗുരുനാഥന്‍മാരെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം). ഒട്ടനവധി സവിശേഷതകൾ നിറഞ്ഞ ഈ ഗ്രന്ഥം ഒരു പ്രാവശ്യമെങ്കിലും നാമോരോരുത്തരും വായിച്ചിരിക്കേണ്ടതാണ്. അത്രയ്ക്കും അമൂല്യമായ ആശയങ്ങളാൽ സമ്പുഷ്ടമാണത്. (ഇതിന്റെ PDF പകർപ്പിനായി https://archive.org/download/FP147747/147747.pdf
എന്ന ലിങ്ക് ഉപയോഗപ്പെടുത്താം.)

നാഥന്‍ അവരുടെ ഹഖ് കൊണ്ട് നമുക്കും ദീനിന്‍റെ ഖാദിമുകളാകാന്‍ ഭാഗ്യം തരട്ടെ!

Post a Comment

Previous Post Next Post