ഖബ്റിനെ ബഹുമാനിക്കുക എന്ന ഉദ്ദേശ്യത്തോടെ അതിലേക്കു തിരിഞ്ഞു നിന്നു പ്രാർഥിക്കുന്നതും തൊടുന്നതും സുജൂദ് ചെയ്യുന്നതുമെല്ലാം ഹറാമാണ് എന്ന കാര്യം നിസ്സംശയം ദീനിൽ അറിയപ്പെട്ട കാര്യങ്ങളാകുന്നു. ജൂത നസ്വാറാക്കൾക്കിടയിൽ അങ്ങനെയൊരു പതിവ് നിലനിന്നിരുന്നു. തിരുമേനി സ്വ. അതിനെ നഖശിഖാന്തം വിമർശിച്ചിട്ടുണ്ട് :
لعن الله اليهودوالنصارى ; اتخذوا قبور أنبيائهم مساجد
"അല്ലാഹു ജൂത നസ്വാറാക്കളെ ശപിച്ചിരിക്കുന്നു, അവർ തങ്ങളുടെ പ്രവാചകൻമാരുടെ ഖബ്റുകളെ സുജൂദ് ചെയ്യുവാനുള്ള ഇടങ്ങളാക്കി തീർത്തുവല്ലോ" (ബുഖാരി 425, മുസ്‌ലിം 529).
ഖബ്റിനു പ്രത്യേകം ബഹുമാനം കല്പിക്കുന്നതും ദിവ്യത്വം ചാർത്തുന്നതും ഇസ്‌ലാമിലില്ല. മുസ്‌ലിംകൾ അല്ലാഹുവിനെയല്ലാതെ ആരാധ്യനായി കാണുന്നില്ല, വിശ്വസിക്കുന്നുമില്ല. അല്ലാഹുവിനെ ആരാധിക്കുകയോ ആദരിക്കുകയോ ചെയ്യുന്ന പോലെ അവനല്ലാത്തവരെ - ചേതനമാകട്ടെ, അചേതനമാകട്ടെ - ആരാധിക്കുകയോ ആദരിക്കുകയോ ചെയ്യുന്നില്ല. ഖബ്റിടങ്ങൾ പൂജനീയമാണ് എന്ന് അവർ വിശ്വസിക്കുന്നില്ല. നബി തിരുമേനി സ്വ. തന്നെ പറഞ്ഞുവല്ലോ:
إن الشيطان قد يئس أن يعبده المصلون ولكن في التحريش بينهم
"നിസ്കാരക്കാർ (മുസ്‌ലിംകൾ) തന്നെ ആരാധിക്കുമെന്ന ആശ ശയ്ത്വാനു എന്നേ മുറിഞ്ഞു പോയിരിക്കുന്നു; ആകെയുള്ള പ്രതീക്ഷ അന്യോന്യമുള്ള പ്രകോപനപരമായ പെരുമാറ്റം മാത്രമാണ്" (മുസ്‌ലിം 2812, തിർമിദി1937).
യഥാർഥ വിശ്വാസികൾ കൂട്ടമായി അല്ലാഹുവല്ലാത്തരെ ആരാധിക്കുക എന്ന തെറ്റ് സംഭവിക്കുകയില്ല. ആ സുരക്ഷിതത്വം നബി തിരുമേനി സ്വ. ഈ ഉമ്മത്തിന് ഉറപ്പു തന്നിട്ടുള്ള വാഗ്ദാനമാണ്. വിശുദ്ധ ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ, അവിടുന്ന് സ്വേച്ഛ പ്രകാരം എന്തെങ്കിലും പറയുന്നവനല്ലെന്ന്.
അപ്പോൾപ്പിന്നെ, ഖബ്റിനോടു ചേർന്നു നിന്നോ മറ്റോ ഉന്നത വ്യക്തിത്വത്തിന്നുടമയായ ഖബ്റാളിയുടെ ബറകാതുകളെ /ഖബ്റിനെയല്ല തവസ്സുലാക്കി ഒരാൾ അല്ലാഹുവോടു പ്രാർഥന നടത്തുന്നത് ഹറാമോ ശിർക്കോ ആണെന്ന് പറയാൻ വയ്യ. ഖബ്റിനെ വന്ദിക്കുക എന്ന യാതൊരു ഉദ്ദേശ്യവും ഇല്ലാതെ അങ്ങോട്ടു തിരിഞ്ഞു നിസ്കരിക്കുന്നതു കണ്ടാൽ പോലും ഹറാമോ ശിർക്കോ ആരോപിക്കുന്നതു ഒഴിവാക്കപ്പെടണം. അല്ലാഹു പറഞ്ഞുവല്ലോ:
قَالَ الَّذِينَ غَلَبُوا عَلَى أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَسْجِدًا
എന്നാൽ അവരുടെ കാര്യങ്ങളിൽ സ്വാധീനമുള്ളവർ പറഞ്ഞു: നമുക്ക് അവരുടെ മീതെ ഒരു പള്ളി പണിയാം! (അൽ കഹ്ഫ് 21).
ഇവിടെ അവരുടെ കാര്യങ്ങളിൽ സ്വാധീനമുള്ളവർ എന്നു പറയപ്പെട്ടത് സത്യവിശ്വാസികളെ സംബന്ധിച്ചാണെന്നും അവരുടെ വിശ്രമസ്ഥാനങ്ങളോടു ചേർന്നു അല്ലാഹുവിനെ ആരാധിക്കുന്നതിനുള്ള പള്ളികൾ നിർമിക്കപ്പെടുന്നതിന് വിഘാതമില്ലെന്നും ഖുർആൻ വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.
മദീനാ മുനവ്വറയിലെ മസ്ജിദുന്നബവിയുടെ വികസന പ്രവർത്തനങ്ങൾ മുസ്‌ലിം ഉമ്മത്ത് ഏകോപിതമായി അംഗീകരിച്ച വസ്തുതയാണ്. പ്രസ്തുത വികസന പ്രവർത്തനങ്ങൾക്കിടയിൽ ആദ്യകാലത്ത് പള്ളിയുടെ ഭാഗമല്ലാതിരുന്ന ഹുജ്റതു ശ്ശരീഫ പള്ളിയുടെ ഉൾഭാഗത്ത് വരുന്ന വിധത്തിലായി. അതിനകത്താണല്ലോ ആദരവായ തിരുമേനിയുടെയും അവിടുത്തെ ഏറ്റവും ഉറ്റവരായ ആദ്യത്തെ രണ്ടു ഖലീഫമാരുടെയും ഖബ്റുകൾ സ്ഥിതി ചെയ്യുന്നത്. പള്ളി അവരെ വലയം ചെയ്തതു പോലെയായിരിക്കുന്നു. ആയിരക്കണക്കിനു വിശ്വാസികൾ അവരുടെ നിസ്കാരങ്ങളിൽ പരിശുദ്ധ ഹുജ്റക്കു അഭിമുഖമായി നിൽക്കുന്നു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിനു പണ്ഡിതൻമാരും ഫുഖഹാക്കളും ഇതിനു സാക്ഷിയായിരിക്കുന്നു / അറിഞ്ഞിരിക്കുന്നു. ഇതു ഹറാമാണ് എന്ന് ഇന്നേ വരെ ആരും ഫത്'വ ഇറക്കിയിട്ടില്ല. കേവലം അഭിമുഖമായി നിൽക്കുന്നതിലല്ല കുഴപ്പം എന്നർഥം.
ഔലിയാക്കളുടെയും മറ്റും ഖബ്റുകൾ ഉള്ള പള്ളികളുണ്ട്; അതിനെ ആരാധിക്കുന്നു എന്ന ഉദ്ദേശ്യമില്ലാത്തിടത്തോളം അതിനു അഭിമുഖമായി നിസ്കരിക്കുന്നതിൽ ഒരപാകതയുമില്ല എന്നു ശൈഖുനൽ ഹബീബ് സൈൻ തങ്ങൾ പറഞ്ഞിട്ടുണ്ട്. ഹജറുൽ അസ്'വദ്, സംസം കിണർ, മഖാമു ഇബ്റാഹീം എന്നിവക്കിടയിലായി 90 നബിമാരുടെ ഖബ്റുകൾ ഉണ്ടെന്നു ചില പണ്ഡിതൻമാർ നിവേദനം ചെയ്തിട്ടുണ്ടല്ലൊ. സയ്യിദുനാ ഇസ്മാഈൽ അ.മിന്റെയും സയ്യിദതുനാ ഹാജറ ബീവി റ.യുടെയും ഖബ്റുകൾ ഹിജ്ർ ഇസ്മാഈലിലാണ് എന്നും പറയപ്പെട്ടിട്ടുണ്ട്. ഖബ്റുകൾ ഉള്ളയിടത്ത് നിരുപാധികം നിസ്കാരവും പ്രാർഥനയും തടയപ്പെടുമായിരുന്നെങ്കിൽ ആദ്യം തടയപ്പെടേണ്ടത് മസ്ജിദുൽ ഹറാമിൽ തന്നെയായിരുന്നു!
മസ്ജിദുൽ അഖ്സായുടെ പരിസരം അനുഗ്രഹപൂരിതമായിരിക്കുന്നു എന്നു ഖുർആൻ പറഞ്ഞതിനു കാരണം അനേകം അമ്പിയാക്കൾ അവിടെ അന്ത്യവിശ്രമം കൊള്ളുന്നതുകൊണ്ടാണ് എന്നു ഖുർആൻ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൂന്നു പള്ളികളിലും നിസ്കാരം പാടില്ലെന്നു പഠിപ്പിക്കുന്നതിനു പകരം ഇവിടങ്ങളിലേക്ക് "ശദ്ദുർരിഹാൽ" പ്രത്യേകം പുണ്യമാണെന്നാണ് ഹദീസുകളിൽ നബി തിരുമേനി സ്വ. പഠിപ്പിക്കുന്നത്! മാത്രമല്ല, അവിടെ വന്നു നിസ്കരിക്കുന്നതിന് ആയിരവും പതിനായിരവും ലക്ഷവും ഇരട്ടി പ്രതിഫലമുണ്ടെന്നാണ് അധ്യാപനം!! അമ്പിയാക്കളുടെ തിരുശരീരങ്ങൾ മണ്ണു തിന്നുകയില്ലെന്നാണല്ലോ അവിടന്ന് പഠിപ്പിച്ചത്. അവിടന്ന് ഉദ്ദേശിച്ചിട്ടുണ്ടായിരുന്നെങ്കിൽ അവിടെ മാന്തി അവരുടെ തിരുശരീരങ്ങൾ പുറത്തെടുത്തു മാറ്റി സംസ്കരിക്കാമായിരുന്നുവല്ലാേ; കോടിക്കണക്കിനു വിശ്വാസികൾ അവിടെ നിസ്കരിക്കുന്നത് ഒഴിവാക്കാമായിരുന്നല്ലോ, എന്തുകൊണ്ട് ചെയ്തില്ല?!
മറ്റൊരു ഹദീസ് നോക്കൂ,
ما بين قبري ومنبري روضة من رياض الجنة
"എന്റെ ഖബ്റിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വർഗത്തിലെ പൂന്തോപ്പുകളിലെ ഒരു തോപ്പാണ്" എന്നാണ് ഹദീസ് (അഹ്'മദ് 11185, നസാഈ 4289). സ്വഹീഹുൽ ബുഖാരി ഈ ഹദീസ് ഉദ്ധരിച്ചപ്പോൾ ഖബ്ർ എന്നു പറയുന്നതിനു പകരം വീട് (ബയ്ത് ) എന്നാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് വലിയ വായയിൽ പറയുന്നവരുണ്ട്. എന്നാൽ, ഇമാം ബുഖാരി റ. ഇതേ ഹദീസ് ഉദ്ധരിച്ചിരിക്കുന്നത് باب فضل ما بين القبر والمنبر ഖബ്റിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലത്തിന്റെ പുണ്യം എന്ന അധ്യായത്തിലാണ് എന്ന കാര്യം ഇവർ സൗകര്യപൂർവം വിസ്മരിക്കുന്നു.
പറഞ്ഞുവന്നതിന്റെ സംക്ഷിപ്തം, ഖബ്റിടങ്ങൾ പൂജനീയമല്ല. ഖബ്റിനു പ്രത്യേകം ബഹുമാനം കല്പിക്കുന്നതും ദിവ്യത്വം ചാർത്തുന്നതും നിശ്ശങ്കം ഹറാമാണ്. അതേസമയം, ഖബ്റാളിയെ തവസ്സുലാക്കി അല്ലാഹുവോടു ദുആ ചെയ്യുന്നത് മുസ്‌ലിം ലോകത്ത് നിരാക്ഷേപം തുടർന്നു വന്ന സംഗതിയാണ് എന്നത്രെ.
ما رآه المسلمون حسنا فهو عند الله حسن
മുസ്‌ലിം സമുദായം നൻമയായി കണ്ടുപോരുന്ന സംഗതികൾ അല്ലാഹുവിന്റെ അടുക്കലും നൻമയായിരിക്കും എന്ന് അബ്ദുല്ലാഹി ബ്നു മസ്ഊദ് റ.വിൽ നിന്ന് നിവേദനമുണ്ട്.