ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഖബ്ർ സന്ദർശനത്തിന് വിലക്കുണ്ടായിരുന്നു. പിന്നീട് ആ വിലക്ക് ഒഴിവാക്കി സന്ദർശിച്ചോളൂ എന്ന നിർദ്ദേശം വരുകയുണ്ടായി. ഇമാം മുസ്‌ലിം റ. നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം: ഖബ്ർ സന്ദർശനം ഞാൻ നിങ്ങൾക്കു വിലക്കിയിരുന്നല്ലോ, ഇനി ചെയ്തു കൊൾക (മുസ്ലിം 977). മറ്റൊരു നിവേദനത്തിൽ ഇതിന്റെ കൂടെ അൽപം വിശകലനം അധികമുണ്ട്: അതു ഹൃദയം നിർമലമാക്കും, കണ്ണ് സജലമാക്കും, പരലോകം ഓർമിപ്പിക്കും!(അഹ്'മദ് 3/237, അബൂയഅ'ല 6/371, ഹാകിം 2/532, ബൈഹഖിയുടെ സുനനുൽ കബീർ - 4/77, ശുഅബുൽ ഈമാൻ 7/15).
ഖബ്ർ സിയാറത് നബി സ്വ.യുടെ പതിവിൽ പെട്ടതാണ്. അവിടന്ന് സ്വഹാബതിനെ കൂട്ടി സിയാറത്തിനു പോകാറുണ്ടായിരുന്നു. സിയാറതിന്റെ രൂപം അവരെ പഠിപ്പിക്കുകയും ചെയ്യാറുണ്ട്. ഇമാം ബുഖാരിയും (1194) മുസ്‌ലിമും (926) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ തന്റെ പുത്രന്റെ ഖബ്റിന്നരികിൽ നിന്നു കരയുകയായിരുന്ന ഒരു സ്വഹാബീവനിതയോട് : നീ അല്ലാഹുവിനു തഖ്‌വ പാലിക്കുക; ക്ഷമയവലംബിക്കുക എന്നു നബി സ്വ. ഉപദേശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. വേറെയൊരു സംഭവത്തിൽ ഖബ്ർ സിയാറതു വേളയിൽ സലാം പറയേണ്ട രൂപം നബി സ്വ. ആഇശ ബീവിക്കു പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്: "നീ ഇങ്ങനെ പറയുക:
السلام عليكم يا اهل الديار من المؤمنين والمسلمين، ويرحم الله المستقدمين منا والمستأخرين، وانا إن شاء الله بكم لاحقون
( മുസ്‌ലിം 974).
സുഫ്‌യാനു ബ്നു ഉയയ്നയിൽ നിന്ന് മുസ്വന്നഫു അബ്ദിർറസാഖ് (6713) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിൽ ഫാത്വിമ റ. എല്ലാ വെള്ളിയാഴ്ചകളിലും ഹംസതുൽ ഖർറാർ റ.വിനെ സന്ദർശിക്കാൻ പോകാറുണ്ട് എന്നു വായിക്കാം.
മുസ്‌ലിംകൾ അധിവസിക്കുന്ന ഇടത്തെല്ലാം ഇത:പര്യന്തം ഖബ്ർ സിയാറത് നിലനിന്നു പോന്നിട്ടുണ്ട്. മരണസ്മരണയും പാരത്രിക ചിന്തയും ഉണർത്തുന്നതാകയാൽ അതു മതത്തിൽ പ്രശംസയർഹിക്കുന്ന സുന്നത്തായ ഒരു അമലത്രെ! സ്ത്രീകൾ കരഞ്ഞു നിലവിളിക്കുകയും ശബ്ദമുയർത്തി വ്യസന പ്രകടനം നടത്തുകയും ചെയ്യുന്ന ലോല പ്രകൃതരായതിനാൽ അവർക്കു കറാഹതാണ് എന്നാണ് അഭിമതം. എന്നാൽ, മതപരമായ ചിട്ടകൾ പാലിച്ചു കൊണ്ട് അമ്പിയാക്കൾ, ഉലമാക്കൾ, സ്വാലിഹീങ്ങൾ തുടങ്ങിയവരെ സിയാറതു ചെയ്യുന്നത് സുന്നത്താണ് എന്നു അഭിപ്രായപ്പെടുന്നവരാണ് പലരും.
لعن الله زوارات القبور
ഖബ്ർ സിയാറത് ചെയ്യുന്ന സ്ത്രീകളെ അല്ലാഹു ശപിച്ചിരിക്കുന്നു എന്ന ഹദീസ് (തിർമിദി 1056, ഇബ്നു മാജ 1576, അഹ്'മദ് 2/337) പലർക്കും സംശയമുണ്ടാക്കാറുണ്ട്. ഹദീസിൽ പരാമർശിക്കപ്പെട്ട സവ്വാറാത്/സിയാറത് ചെയ്യുന്ന സ്ത്രീകൾ എന്ന പദം ഇസ്‌ലാം പൂർവകാലത്ത് നില നിന്നിരുന്ന ഒരു ദുരാചാരത്തെ സൂചിപ്പിക്കുന്നു. ആരെങ്കിലും മരണപ്പെട്ടാൽ ആ മയ്യിതിനു വേണ്ടി നിലവിളിച്ചട്ടഹസിക്കുക, തല തല്ലിക്കരയുക പോലെയുള്ള അനാചാരങ്ങൾ അവിടെ നിലനിന്നിരുന്നു. അതിനെയാണ് ഹദീസ് വിമർശിച്ചത്.
ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഖബ്ർ സന്ദർശനത്തിന് വിലക്കുണ്ടായിരുന്നുവല്ലൊ. ഈ ഹദീസ് ആ കാലത്തുള്ളതായിരുന്നു എന്നു പറയുന്നവരാണ് പണ്ഡിതൻമാരിൽ ധാരാളം പേർ.
✍🏻 Sajeer Bukhari