ഖബ്ർ തൊട്ടു ചുംബിക്കൽ കറാഹത്താണ് എന്നാണ് ഭൂരിപക്ഷമതം. ബറകത് കാംക്ഷിച്ചു കൊണ്ടാണെങ്കിൽ അനുവദനീയമാണെന്ന് പറഞ്ഞവരും ഉണ്ട്. ഹറാമാണ് എന്ന് പറഞ്ഞവർ ആരും ഇല്ലെന്നതാണ് നേര്.
തിരുവഫാതിനു ശേഷം മദീന വിട്ട സയ്യിദുനാ ബിലാൽ റ. പിന്നീട് മദീന സന്ദർശിക്കാൻ വന്ന ചരിത്രം പ്രസിദ്ധമാണ്. ഓർമകളിൽ വിജ്രംഭിതനായി ആ സ്വഹാബിവര്യൻ തിരുനബി സ്വ.യുടെ ഖബ്റുശ്ശരീഫിൽ മുഖമമർത്തി. തന്റെ ഇരു കവിൾത്തടങ്ങളും വെച്ചുരച്ചു
പൊട്ടിപ്പൊട്ടിക്കരഞ്ഞു. മുത്തബിഉസ്സുന്ന എന്ന പേരിൽ വിഖ്യാതനായിരുന്ന സ്വഹാബിയായ ഇബ്നു ഉമർ റ. തിരുനബി സ്വ.യുടെ ഖബ്റുശ്ശരീഫിൽ വെക്കാറുണ്ടായിരുന്നു. ഈ രണ്ടു സംഭവങ്ങളും സംഹൂദിയുടെ വഫാഉൽ വഫാ ഉദ്ധരിച്ചിട്ടുണ്ട് (4/1405, 1409).
മുത്ത്വലിബു ബ്നു അബ്ദില്ലാഹി ബ്നി ഹൻത്വബ് റ.വിൽ നിന്നു ഹസനായ നിവേദക പരമ്പരയിലൂടെ ഇമാം അഹ്'മദ് ബ്ൻ ഹമ്പൽ ഉദ്ധരിക്കുന്ന ഒരു സംഭവം ഇങ്ങനെ വായിക്കാം:
മർവാൻ രാജാവ് റൗളാശരീഫ് സിയാറതിനു വന്നു. ഖബ്റിൽ ഒട്ടിച്ചേർന്നു ഒരാൾ കിടക്കുന്നു. അദ്ദേഹം അയാളുടെ പിടലിക്കു പിടിച്ചു പൊക്കി: നിങ്ങളെന്താണീ ചെയ്യുന്നതെന്നറിയാമോ???
"അറിയാം, ഞാൻ കല്ലും കട്ടയും കണ്ടല്ല വന്നത്, റസൂലുല്ലാഹി സ്വ.യുടെ സവിധത്തിലേക്കാണ്!!!"
സ്വഹാബിയായ അബൂ അയ്യൂബിൽ അൻസ്വാരി റ. ആയിരുന്നു ആ സന്ദർശകൻ
(അഹ്'മദ് 5/422, ഹാകിം 4/560).
ഇമാം അഹ്'മദ് ബ്ൻ ഹമ്പൽ തങ്ങളോട് നബി സ്വ.യുടെ ഖബ്റുശ്ശരീഫും മിമ്പറും ചുംബിക്കുന്നതിനെ കുറിച്ച് ചോദ്യമുന്നയിക്കപ്പെട്ടു. അതിൽ തകരാറില്ല എന്നായിരുന്നു പ്രതികരണം. ഇക്കാര്യം സംഹൂദി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് (വഫാഉൽ വഫാ 4/1404).
ചുരുക്കത്തിൽ, ഖബ്ർ സ്പർശിക്കുന്നതോ ചുംബിക്കുന്നതോ ഹറാമാണ് എന്നു പോലും ഉലമാക്കൾ ആരും വാദിച്ചിട്ടില്ല. കറാഹത്തുണ്ടോ ഇല്ലേ എന്നു മാത്രമാണ് തർക്കം. അതെല്ലാം ശിർക്കും കുഫ്റുമാണ് എന്നു പ്രചരിക്കുന്നവർ പൂർവകാല മാതൃകകളെ വിസ്മരിക്കരുത്.