ശരീഅത്തില്‍ ഭേദഗതി വരുത്തിയോ?

മുസ്‌ലിംകളെ പരിഷ്‌കരിക്കാനുള്ള കടമ മുസ്‌ലിം സമുദായത്തിനാണ്. അത് നടന്നിട്ടുമുണ്ട്. ശരീഅത്തില്‍നിന്ന് ക്രിമിനല്‍ ലോ മാറ്റിയില്ലേ? 
കെ.കെ. കൊച്ച്, ദളിത്‌ ആക്ടിവിസ്റ്റ്
 
       ശരീഅത്തില്‍നിന്ന് ക്രിമിനല്‍ ലോ മാറ്റിയിട്ടില്ല. ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ രീതിയനുസരിച്ച് ഒരു വ്യക്തി തന്റെ ജീവിതത്തില്‍ ഇടപെടേണ്ടി വരുന്ന മൊത്തം മേഖലകളെ നാലായിട്ട് വിഭജിക്കപ്പെട്ടിട്ടുണ്ട്. ഒന്ന് ആരാധനകള്‍. ഇത് സാധാരണ ഗതിയില്‍ വ്യക്തികളുടെ ശ്രദ്ധ പതിയേണ്ട കാര്യങ്ങളാണ്. രണ്ടാമത്തേത് ക്രയവിക്രയ രീതികളാണ്. മൂന്നാമത്തേത് നമ്മളിപ്പോള്‍ ചര്‍ച്ച ചെയ്യുന്ന സിവില്‍ നിയമങ്ങള്‍. പൊതുവായി പറഞ്ഞാല്‍, ഇവ രണ്ടും സാധാരണ ഗതിയില്‍ സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും. നാലാമത്തേത് പീനല്‍ കോഡ്. അറബിയില്‍ ജിനായാത് എന്ന് പറയുന്നു. ഇസ്‌ലാമിക് പീനല്‍ കോഡ് നടപ്പില്‍ വരുത്താന്‍ ഇസ്‌ലാമിക ഭരണാധികാരിക്കേ അനുമതിയുള്ളൂ. സ്വഭാവികമായും ഇന്ത്യയില്‍ അതിന്റെ സാധുത ആരാഞ്ഞ് തല പുകക്കേണ്ടി വരുന്നില്ല. അതേസമയം, ഇന്ത്യന്‍ സാഹചര്യങ്ങളും പറയത്തക്ക പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയില്ല. 1858ല്‍ ഇന്ത്യയുടെ ഭരണം ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് ഏറ്റെടുത്ത ശേഷം മുഴുവന്‍ ജനങ്ങള്‍ക്കും ബാധകമാകുന്ന നിയമങ്ങള്‍ ഉണ്ടാക്കാനുള്ള പരിശ്രമങ്ങളുണ്ടായല്ലൊ. 1860ലെ ഇന്ത്യന്‍ പീനല്‍ കോഡ്, 1872ലെ ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ്, 1882ലെ Transfer of property Act വസ്തു കൈമാറ്റ നിയമം തുടങ്ങിയവ എല്ലാ ജനങ്ങള്‍ക്കുമായി നിയമങ്ങള്‍ ക്രോഡീകരിച്ചപ്പോള്‍ അവ ഇസ്‌ലാമിക നിയമത്തെ ആധാരമാക്കിയോ അവയോട് വിരുദ്ധമാകാത്ത രീതിയിലോ ആയിരുന്നതിനാല്‍ മുസ്‌ലിംകള്‍ക്ക് എതിര്‍പ്പുണ്ടാകേണ്ടിയിരുന്നില്ല. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ശിക്ഷയുടെ കാര്യത്തില്‍ പറയത്തക്ക മാറ്റങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ കൂടി ഇസ്‌ലാം കുറ്റകരമായി കാണുന്ന ഏതാണ്ട് എല്ലാ കുറ്റങ്ങളും ഉള്‍പ്പെടുത്തി എന്നതും ശരീഅത് നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ അതേപടി ക്രോഡീകരിച്ചു നിയമമാക്കി എന്നതും മികച്ച ഉദാഹരണമാണ്. ഇന്ത്യന്‍ കരാര്‍ നിയമത്തിലെ Offer, Acceptance എന്നിവ ഇസ്‌ലാമിക ക്രയവിക്രയ ശാസ്ത്രത്തിലെ ഈജാബ്, ഖബൂല്‍’ എന്നിവയോട് നീതി പുലര്‍ത്തുന്നതും അവയുടെ നേര്‍ക്കുനേര്‍ ഇംഗ്ലീഷ് രൂപവുമാണ്. അതുപോലെ, മുസ്‌ലിം തെളിവ് നിയമങ്ങളുടെ പരിഷ്‌കരിച്ച രൂപം മാത്രമാണ് ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ്. വസ്തു കൈമാറ്റ നിയമത്തിലാകട്ടെ, ശരീഅത്തിനു വിരുദ്ധമായ ഇഷ്ടദാനത്തെ പറ്റിയുള്ള അധ്യായം മുസ്‌ലിംകള്‍ക്ക് ബാധകമായിരിക്കില്ലെന്ന് അതേ നിയമത്തിലെ 129-ാം വകുപ്പില്‍ പ്രത്യേകം ഉപാധി വെച്ചിട്ടുണ്ട്. അതുപോലെ വിവാഹം, ഇന്‍ഹെറിറ്റന്‍സ് പോലെയുള്ള സിവില്‍ നിയമങ്ങള്‍ ക്രോഡീകരിച്ച് ഏകീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും അതിനായി ഒരു റോയല്‍ കമ്മീഷനെ നിയമിക്കുകയുംചെയ്തിരുന്നു. എന്നാലത് ഹൈന്ദവ മുസ്‌ലിം കമ്യൂണിറ്റികളുടെ മതവിഷയങ്ങളില്‍ നേരിട്ട് ഇടപെടലായതിനാല്‍ അതില്‍ നിന്ന് പിന്മാറുകയും മുസ്‌ലിംകള്‍ക്ക് അവരുടെ ശരീഅത് അനുസരിച്ചും ഹിന്ദുക്കള്‍ക്ക് അവരുടെ ധര്‍മശാസ്ത്ര പ്രകാരവും അക്കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അനുമതി നല്‍കുകയും വേണമെന്ന് നിര്‍ദേശിച്ച് റിപ്പോര്‍ട്ട് നല്‍കുകയാണ് റോയല്‍ കമ്മിഷന്‍ ചെയ്തത്.


Post a Comment

Previous Post Next Post