ജമാഅത്തെ ഇസ്‌ലാമി ആഇശ ബീവിയുടെ വിവാഹപ്രായം തിരുത്തുന്നു

വളരെയധികം പ്രസക്തമായ ഒരു ചോദ്യം ഈയടുത്ത് ഒരു സുഹൃത്ത് ഇമെയില്‍ ചെയ്തത് വായനക്കാരോട് പങ്ക് വെക്കട്ടെ. നബി (സ) ആഇശാബീവിയെ വിവാഹം ചെയ്യുന്ന സമയത്ത് മഹതിക്ക് 18 വയസ് പ്രായമുണ്ടായിരുന്നുവെന്ന് ജമാഅത്ത് ഇസ്‌ലാമിയിലെ ചില പ്രവര്‍ത്തകര്‍ പ്രസംഗിക്കുന്നത് കേള്‍ക്കാനിടയായി എന്നാണ് അദ്ദേഹം ഇമെയില്‍ ചെയ്തിരിക്കുന്നത്. ത്വബ്‌രി ഇമാമിന്റെ താരീഖ് ഉള്‍പ്പെടെയുള്ള ചില ഗ്രന്ഥങ്ങളില്‍നിന്ന് ഏതാനും വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് അവര്‍ സംസാരിച്ചിട്ടുള്ളതെന്ന് സുഹൃത്ത് വിശദീകരിച്ചു. ബുഖാരി ഇമാമിന്റെ സ്വഹീഹ് ഉള്‍പ്പെടെയുള്ള നബിതിരുമേനി(സ) തങ്ങള്‍ വിവാഹം ചെയ്യുമ്പോള്‍ മഹതിക്ക് ആറു വയസ് അല്ലെങ്കില്‍ ഏഴു വയസ് പ്രായവും, ദാമ്പത്യത്തിലേര്‍പ്പെടുമ്പോള്‍ 10 വയസ് അല്ലെങ്കില്‍ 9 വയസ് പ്രായവുമാണ് ഉണ്ടായിരുന്നത് തുടങ്ങി എല്ലാ ഖണ്ഡിത പ്രമാണങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണത്രെ പ്രസംഗം. ആദ്യമേ പറഞ്ഞുകൊള്ളട്ടെ, ഇത് ജമാഅത്തെ ഇസ്‌ലാമിയുടെ ഔദ്യോഗിക നിലപാടാണോ എന്ന് എനിക്കറിഞ്ഞൂകൂടാ.
എങ്കിലും വിവാഹപ്രായം 18 ആക്കണം എന്ന ചര്‍ച്ച കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ ശക്തനായ വക്താവും യുക്തിവാദികള്‍ക്ക് മറുപടി പറയാന്‍ വേണ്ടി വെബില്‍ സജീവവുമായിട്ടുള്ള ഒരു ബ്ലോഗര്‍ ഇങ്ങനെ ഒരു വാദം ഉന്നയിച്ചത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഞാന്‍ അത് കോപ്പി-പേയ്സ്റ്റ് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു. അസ്മാഅ്(റ)യുമായി താരതമ്യം ചെയ്തും, അവര്‍ തമ്മിലുള്ള പ്രായത്തിന്റെ ഗ്യാപ് ആധാരമാക്കിയുമാണ് പ്രധാനമായും ഈ വാദം അദ്ദേഹം ഉന്നയിച്ചിട്ടുള്ളത്.
അസ്മാഅ് ബീവിയുടെ പുത്രനായ ബഹുമാനപ്പെട്ട അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ) ഹജ്ജാജ്ബ്‌നു യൂസുഫ് എന്ന ഗവര്‍ണറുടെ കയ്യാല്‍ കൊല്ലപ്പെടുന്നത് ഹിജ്‌റ വര്‍ഷം 73 ലാണ്. അന്ന് അസ്മാഅ് ബീവിയുടെ പ്രായം 100 വയസാണ്. ഇത് വെച്ച് കണക്കാക്കിയാല്‍ ഹിജ്‌റയുടെ 27 വര്‍ഷം മുമ്പാണ് അസ്മാഅ് ബീവി ജനിച്ചതെന്ന് ലഭിക്കും. തഖ്‌രീബുത്തഹ്ദീബും അല്‍ബിദായത്തു വന്നിഹായയും ഇങ്ങനെയുള്ള അനുമാനം നടത്തിയിട്ടുണ്ട് എന്നാണ് ബ്ലോഗര്‍ പറഞ്ഞത്. അതായത് ഹിജ്‌റ സംഭവിക്കുമ്പോള്‍ അസ്മാഅ് ബീവിക്ക് പ്രായം 27. അസ്മാഅ് ബീവിക്ക് ആഇശ ബീവിയേക്കാള്‍ 10 വയസ് കൂടുതല്‍ ഉണ്ടായിരുന്നു എന്ന ചരിത്ര വസ്തുതകള്‍ മുന്നില്‍ വെച്ചാല്‍ ഹിജ്‌റ സംഭവിക്കുമ്പോള്‍ ആഇശ ബീവിക്ക് പ്രായം 17. അപ്പോള്‍ ഹിജ്‌റ ഒന്നാംവര്‍ഷം ദാമ്പത്യം ആരംഭിക്കുമ്പോള്‍ ബീവിക്ക് 18 വയസ് !! അതുപോലെ ഇമാം ത്വബ്‌രിയുടെ കിതാബുല്‍ഉമം എന്ന ഗ്രന്ഥത്തില്‍ അബൂബക്കര്‍ (റ)വിന്റെ മക്കളെല്ലാം ജനിച്ചത് നബി (സ) തങ്ങള്‍ക്ക് നുബുവ്വത്ത് ലഭിക്കുന്നതിന് മുമ്പായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് നാം നേരത്തെ പറഞ്ഞതുപോലെ ആഇശ (റ) ജനിച്ചത് നുബുവ്വത്തിന്റെ നാലുവര്‍ഷം മുമ്പാണ് എന്ന ചരിത്രനിഗമനത്തോട് ഒത്തുവരുന്നു.
ഈ നിഗമനങ്ങളോട് വിയോജിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത് ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസാണ്. ആ ഹദീസില്‍ എനിക്ക് ആറു വയസുണ്ടായിരിക്കുമ്പോഴാണ് നബി തിരുമേനി (സ്വ) എന്നെ വിവാഹം ചെയ്തതെന്നും അങ്ങനെ ഞങ്ങള്‍ മദീനയിലെത്തി, എനിക്ക് ഒമ്പത് വയസായിരിക്കുമ്പോള്‍ ദാമ്പത്യം ആരംഭിച്ചുവെന്നും ബീവി ആഇശ (റ) പറയുന്നുണ്ട്. സ്വന്തം ചരിത്രനിഗമനം ശരിയാക്കാന്‍ ചെരുപ്പിനൊത്ത് കാല്‍ ചെത്തുകയാണ് വിമര്‍ശകര്‍ ഈ ഹദീസിന്റെ കാര്യത്തില്‍ ചെയ്തിട്ടുള്ളത്. ഈ ഹദീസില്‍ എന്തൊക്കെയോ പിശകുകള്‍ സംഭവിച്ചിട്ടുണ്ട് എന്ന് കണ്ടെത്തുവാന്‍ നടത്തുന്ന ഗവേഷണ ഗരിമയെ സ്തുതിക്കുക തന്നെ വേണം!!
ഇമാം ബുഖാരിയുടെ ഈ ഹദീസിനെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള ഒന്നാമത്തെ വിമര്‍ശനം, ആഇശ (റ)യുടെ വിവാഹ പ്രായം ഒമ്പത് ആണ് എന്ന റിപ്പോര്‍ട്ടുകളെല്ലാം ഹിശാമുബ്‌നു ഉര്‍വഃയാണ് ഉദ്ധരിച്ചത് എന്നതത്രെ. നബിതിരുമേനിയുടെയും ബീവി ആഇശ (റ) യുടെയും വിവാഹമായത് കൊണ്ട് ഇത് വളരെ സുപ്രസിദ്ധമായ ഒരു കാര്യമാവേണ്ടിയിരുന്നതും ഒരുപാട് ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നതും ആയിട്ടുപോലും ഇതെങ്ങനെ ഹിശാമു ബ്‌നു ഉര്‍വഃയില്‍ മാത്രം കേന്ദ്രീകരിച്ചു എന്നതാണ് വിമര്‍ശകരുടെ സംശയം.
ഹിശാമുബ്‌നു ഉര്‍വഃ (റ) 71 വയസ് വരെ മദീനയിലാണ് കഴിച്ചുകൂട്ടിയത്. പക്ഷേ മദീനക്കാരായ ഒരാള്‍ പോലും ഇദ്ദേഹത്തില്‍ നിന്ന് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന് ഇവര്‍ വാദിക്കുന്നു. 71 വയസിനു ശേഷം ഇദ്ദേഹം ഇറാഖിലേക്ക് താമസം മാറിപ്പോയി. അതിന് ശേഷം അവിടെ വെച്ചാണ് ഇത് സംബന്ധമായിട്ടുള്ള എല്ലാ റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്. 70 വയസ് തികഞ്ഞ ഒരാള്‍ പഴയ കാര്യങ്ങള്‍ അനുസ്മരിക്കുമ്പോള്‍ കൃത്യത കാണിക്കുകയില്ല എന്ന് നമുക്കേവര്‍ക്കും അറിയാവുന്നതാണല്ലോ.
ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ ആധികാരികതയെക്കുറിച്ച് പ്രതിപാദിക്കുന്ന തഖ്‌രീബുത്തഹ്ദീബ് എന്ന ഗ്രന്ഥത്തില്‍ ഹിശാമുബ്‌നു ഉര്‍വഃയെക്കുറിച്ച് ഇറാഖിലെ ആളുകള്‍ വഴിയല്ലാതെ അദ്ദേഹത്തില്‍ നിന്ന് വന്ന റിപ്പോര്‍ട്ടുകള്‍ സ്വീകാര്യയോഗ്യമാണ് എന്ന് യഅ്ഖൂബ്‌നു ശൈബഃ (റ) പറഞ്ഞതായി ഉദ്ധരിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു തെളിവ്. അപ്പോള്‍ ഇറാഖില്‍നിന്ന് വന്ന റിപ്പോര്‍ട്ടുകള്‍ സ്വീകാര്യയോഗ്യമല്ല എന്ന്! ഇമാം മാലികുബ്‌നു അനസ് (റ) ഹിശാമ്ബ്‌നു ഉര്‍വഃയില്‍നിന്ന് ഇറാഖിലൂടെ വന്ന ഹദീസുകള്‍ തള്ളിക്കളഞ്ഞിട്ടുണ്ട് എന്ന ഒരു അഭിപ്രായം ഇതില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഹദീസ് റിപ്പോര്‍ട്ടര്‍മാരെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന മറ്റൊരു ഗ്രന്ഥമായ ഹാഫിളുദ്ദഹബിയുടെ മീസാനുല്‍ഇഅ്തിദാലില്‍ പ്രായമായ ഹിശാമ്ബ്‌നു ഉര്‍വഃയുടെ ഓര്‍മശക്തിക്ക് ന്യൂനതകള്‍ ഉണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തി എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അപ്പോള്‍ സ്വാഭാവികമായും എത്തിച്ചേരുന്ന നിഗമനം ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ഹിശാമുബ്‌നു ഉര്‍വഃക്ക് പിഴവ് സംഭവിക്കുകയും അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയോ ഓര്‍മക്കുറവോ മൂലം 18-ാം വയസില്‍ നബിതിരുമേനി(സ) ആഇശ ബീവിയെ കല്യാണം കഴിച്ചത് ഒമ്പതാം വയസില്‍ അല്ലെങ്കില്‍ 10-ാം വയസില്‍ എന്നു തെറ്റായി രേഖപ്പെടുത്തുന്നതിനു ഇടയാവുകയും ചെയ്തുവെന്നാണ്. അതിനാല്‍ ബുഖാരിയുടെ ഹദീസ് സ്വീകാര്യമല്ലേയല്ല എന്നാണ് ഇപ്പോള്‍ ഇവര്‍ എത്തിനില്‍ക്കുന്ന നിഗമനം.
ബുഖാരിയുടെ ഹദീസ് തെറ്റാണെന്ന് വരുത്താന്‍ വേണ്ടി ഇതിനു പുറമെ അവര്‍ അവതരിപ്പിച്ചിട്ടുള്ള മറ്റു ചില നിഗമനങ്ങള്‍ കൂടി പറഞ്ഞ ശേഷം മറുപടി പറയാം. പൊതു ധാരണയനുസരിച്ച് ഹിജ്‌റയുടെ മൂന്നു വര്‍ഷം മുമ്പാണ് ബീവി ആഇശ(റ) ജനിച്ചിട്ടുള്ളത്. എന്നാല്‍ സ്വഹീഹുല്‍ബുഖാരിയിലെ കിതാബുത്തഫ്‌സീറില്‍ സൂറത്തുല്‍ഖമറ് അവതരിപ്പിക്കപ്പെട്ട സമയത്തെക്കുറിച്ച് പറയുമ്പോള്‍ ആഇശ (റ) കൗമരപ്രായക്കാരിയാണ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സൂറത്തുല്‍ഖമറ് ഹിജ്‌റയുടെ ഏഴു വര്‍ഷം മുമ്പാണല്ലോ അവതരിപ്പിച്ചത്. അന്നുതന്നെ അവര്‍ കൗമാരപ്രായത്തില്‍ എത്തിയിട്ടുണ്ടായിരുന്നുവെങ്കില്‍ ഹിജ്‌റയുടെ സമയത്ത് വയസ് ഒമ്പത് പോരാ. അപ്പോള്‍ ഹിശാമുബ്‌നു ഉര്‍വഃക്ക് തെറ്റുപറ്റി എന്ന നിഗമനം ശക്തിപ്പെടുന്നു. വാദം തുടരുന്നു…
മറ്റൊന്ന് ബദ്ര്‍, ഉഹ്ദ് യുദ്ധങ്ങളിലെല്ലാം ആഇശ ബീവി (റ) പങ്കെടുത്തിട്ടുണ്ട് എന്ന് പല നിവേദനങ്ങളിലും കാണുന്നുണ്ട്. 15 വയസ് തികയാത്ത ആരെയും അന്ന് യുദ്ധത്തില്‍ പങ്കെടുപ്പിക്കുമായിരുന്നില്ലല്ലോ. ഹിജ്‌റ രണ്ടാംവര്‍ഷമല്ലേ ബദര്‍യുദ്ധം നടന്നത്. ഏറ്റവും കുറഞ്ഞത് ഹിജ്‌റ രണ്ടാം വര്‍ഷത്തില്‍ 15 വയസ്സെങ്കിലും ബീവി ആഇശക്കുണ്ടാകാം എന്ന് ഇതില്‍നിന്നു അനുമാനിക്കാവുന്നതാണ്. ത്വബ്‌രിയുടെ ഒരു റിപ്പോര്‍ട്ടില്‍ അബ്‌സീനിയയിലേക്ക് ഹിജ്‌റ പോകുവാന്‍ അനുവാദം ലഭിച്ചപ്പോള്‍ അബൂബക്കര്‍ (റ) മുത്ഇം എന്നയാളുടെ അടുത്തുചെന്ന് തന്റെ മകളെ സ്വീകരിക്കാന്‍ ആവശ്യപ്പെടുന്ന ഒരു രംഗം ഉണ്ട്. അദ്ദേഹത്തിന്റെ മകനുമായി ബീവി ആഇശക്ക് വിവാഹം ആലോചിച്ചിരുന്നു. ഇസ്‌ലാമിനോടുള്ള ശത്രുത കാരണം മുത്ഇം ആ വിവാഹാലോചനയില്‍നിന്ന് പിന്‍മാറുകയാണുണ്ടായത്. അതായത് അബ്‌സീനിയയിലേക്കുള്ള ഹിജ്‌റയുടെ കാലത്ത് തന്നെ ബീവി ആഇശക്ക് വിവാഹപ്രായമായിട്ടുണ്ട് എന്നര്‍ത്ഥം. ചുരുക്കിപ്പറഞ്ഞാല്‍ ബീവി ആഇശയെ നബി തിരുമേനി (സ) വിവാഹം കഴിച്ച് ദാമ്പത്യത്തിലേര്‍പ്പെടുന്ന സമയത്ത് 18 വയസ് പൂര്‍ത്തിയായിട്ടുണ്ട്. പിന്നെ എന്തിന് നമ്മള്‍ ആവശ്യമില്ലാത്ത ആരോപണങ്ങള്‍ക്ക് വകവെക്കുന്ന വിധത്തില്‍ ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ ആറാം വയസില്‍ നിക്കാഹ് ചെയ്യുകയും ഒമ്പതാം വയസില്‍ ദാമ്പത്യം ആരംഭിക്കുകയും അല്ലെങ്കില്‍ ഏഴാം വയസില്‍ നിക്കാഹ് ചെയ്യുകയും 10-ാം വയസില്‍ ദാമ്പത്യം ആരംഭിക്കുകയും ചെയ്തുവെന്ന് പറഞ്ഞ് പ്രചരിപ്പിക്കണം. ബുഖാരിയുടെ ഹദീസില്‍ വന്ന അബദ്ധം നമ്മള്‍ സമുദായത്തെ ബോധ്യപ്പെടുത്തുകയല്ലേ വേണ്ടത് എന്നാണ് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരുടെ നിലപാട്.
ബീവിമാരുടെ പ്രായത്തിലുള്ള അന്തരം
ഒന്നാമത്തെ നിഗമനം അസ്മാഅ് ബീവി(റ)യും ആഇശ ബീവി(റ)യും തമ്മിലുള്ള പ്രായവ്യത്യാസം നോക്കിയാണല്ലോ. ഈ വ്യത്യാസം 10 വയസാണ് എന്ന നിഗമനം യഥാര്‍ത്ഥത്തില്‍ ഖണ്ഡിതമല്ല. ഹാഫിളുദ്ദഹബിയുടെ തന്നെ സിയറു അഅ്‌ലാമിന്നുബലാഅ് എന്ന ഗ്രന്ഥത്തില്‍ അസ്മാഅ് ബീവിയുടെ പ്രായം രേഖപ്പെടുത്തിയിരിക്കുന്നത് ‘ആഇശയേക്കാള്‍ പത്തില്‍ ചില്ലാനം വയസ് അസ്മാഇന് കൂടുതല്‍ ഉണ്ടായിരുന്നു’വെന്നാണ്(2/188). പത്തില്‍ ചില്ലാനം എന്ന് പറയുമ്പോള്‍ ഈ ചില്ലാനത്തിന്റെ കണക്ക് എത്ര? അത് മനസിലാക്കാന്‍ മറ്റു ചില വാക്യങ്ങള്‍ സഹായിക്കും. ഇമാം ഇബ്‌നു ഹജര്‍(റ) തന്റെ അല്‍ഇസാബഃ ഫീ തംയീസി സ്സ്വഹാബഃയിലുദ്ധരിക്കുന്നു: ‘നബിതിരുമേനി(സ്വ) അല്ലാഹുവിന്റെ നിയോഗവുമായി വന്നതിന് നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് മഹതി (ആഇശ ബീവി) ഭൂജാതയായത്’ (8/16). അബൂ നഈം(റ)വിന്റെ മുഅ്ജമുസ്സ്വഹാബഃയില്‍ അസ്മാഅ് ബീവിയുടെ ജനനത്തെ കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത് ‘സന്ദേശവാഹകത്വലബ്ദിക്ക് പത്തു വര്‍ഷം മുമ്പാണ് മഹതി ജനിച്ചത് എന്നാണ്’. ഈ രണ്ട് നിവേദനങ്ങള്‍ ചേര്‍ത്തു വായിച്ചാല്‍, അവര്‍ തമ്മിലുള്ള വയസിന്റെ അന്തരം ഏറ്റവും കുറഞ്ഞത് പതിനാലോ പതിനഞ്ചോ ആണ് എന്ന് സരളമായി മനസിലാക്കാന്‍ കഴിയും. അപ്പോള്‍ അസ്മാഅ് ബീവിയുടെയും ആഇശ ബീവിയുടെയും ഇടയിലുള്ള പ്രായവ്യത്യാസം 10 എന്ന് പറയുന്നത് ഖണ്ഡിതമായ നിവേദനമല്ല; കുറഞ്ഞത് പതിനഞ്ചെങ്കിലും ആവുമെന്ന് ചരിത്രനിവേദനങ്ങള്‍ തന്നെ സ്ഥാപിക്കുന്നുണ്ട്.
അസ്മാഅ് ബീവിക്ക് വയസ്സെത്ര?
ഹിജ്‌റ 73ല്‍ അസ്മാഅ് ബീവിയെ കണ്ടവരുണ്ട്. ബീവിക്ക് അന്ന് 100 വയസുണ്ടാകാം എന്ന് പറഞ്ഞതാണ് മറ്റൊരു പ്രധാന തെളിവ്. നാം മനസിലാക്കേണ്ടത്, 90 വയസുള്ള ആളെ കണ്ടാലും 85 വയസുള്ള ഒരാളെ കണ്ടാലും 100 വയസുള്ള ആളെ കണ്ടാലും ഒക്കെ നമുക്ക് ഏതാണ്ട് ഒരു പ്രായം ആയിരിക്കും തോന്നുക; കൃത്യമായ വ്യത്യാസം മനസിലാവുകയില്ല. ഏതാണ്ട് ഇത്ര പ്രായം ആയി എന്ന് വേണമെങ്കില്‍ അനുമാനിച്ചു പറയാം. അസ്മാഅ് ബീവി (റ)യുടെ പ്രായത്തെക്കുറിച്ചു ഇതേ പ്രകാരം പുറത്തുനിന്നുള്ള ഒരാളുടെ നിഗമനമാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് നാം മറക്കരുത്. എന്നാല്‍ അങ്ങനെയല്ല ആഇശബീവിയുടെ കാര്യം. ആഇശ (റ)യുടെ പ്രായം മറ്റൊരാളുടെ നിഗമനമല്ല, ആരെങ്കിലും പറഞ്ഞ കഥയോ ഊഹാപോഹമോ അല്ല. അതു ബീവി ആഇശയുടെ തന്നെ പ്രസ്താവനയാണ്. ഓട്ടോ ബയോഗ്രഫിക്കല്‍ ആയ രേഖയാണ്. ആത്മകഥനപരമായ ഒരു പ്രസ്താവന പിഴക്കാന്‍ വളരെയധികം സാധ്യത കുറവാണ്. അതും ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ വിവാഹസന്ദര്‍ഭത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനസിലാക്കണം. ഇത് തിരുനബി(സ)യുമായുളള ദാമ്പത്യമാണ്. അതിനാല്‍ ആഇശ(റ) ബീവിക്ക് തെറ്റില്ലെന്ന് മാത്രമല്ല, കുറച്ച് കൂടെ ശ്രദ്ധകൂടും എന്ന കാര്യം മറക്കരുത്.
ബീവി ആഇശ(റ) ഇത് പറയുന്നത് തന്റെ സമകാലികരും തന്റെ കല്യാണത്തിന് സാക്ഷിയുമായിട്ടുള്ള ആളുകളുടെ മുന്നില്‍ വെച്ചാണ് എന്നോര്‍ക്കണം. പത്തും പതിനെട്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നവരുമായവരുടെ മുന്നില്‍ വെച്ചാണ് ബീവി ആഇശ (റ) അങ്ങനെയൊരു ആത്മകഥനപരമായ പ്രസ്താവന നടത്തുന്നത്. 2210 ഹദീസുകള്‍ നിവേദനം ചെയ്ത, ചരിത്രം കണ്ട ഏറ്റവും വലിയ ബുദ്ധിശാലിനിയും പണ്ഡിതയുമായ ബീവി ആഇശ (റ) മരണം വരെ ഏതെങ്കിലും തരത്തിലുള്ള ഓര്‍മപിശകോ ബുദ്ധിത്തകരാറോ ആരോപിക്കപ്പെട്ടിട്ടില്ലാത്ത മഹതിയാണ് എന്നതും പരിഗണിച്ചേ തീരൂ.
ഈ ഹദീസ് ബീവി ആഇശ(റ)യില്‍നിന്നും ഉദ്ധരിച്ചതു തന്നെ സ്വഹീഹുല്‍ബുഖാരിയാണ്. ചരിത്രം കണ്ട ഏറ്റവും ശാസ്ത്രീയവും വ്യവസ്ഥാപിതവുമായി സംശോധന പൂര്‍ത്തിയാക്കി നബിതിരുമേനി(സ)യുടെ തിരുഹദീസുകളെ ക്രോഡീകരിച്ച ഇമാം ബുഖാരി(റ)വിന്റെ നിവേദനമാണ് എന്നതുതന്നെ അതിന്റെ പ്രതിപക്ഷത്ത് നില്‍ക്കുന്ന ദുര്‍ബലമായ എല്ലാ നിവേദനങ്ങളോടുമുള്ള ശക്തമായ വിയോജിപ്പാണ്. ഇമാം ബുഖാരി(റ) സ്വഹീഹുല്‍ബുഖാരിയുടെ നിവേദനത്തില്‍ കാണിച്ച കൃത്യതയും വ്യവസ്ഥാപിതമായ നിലപാടും നിഷ്‌കര്‍ഷയും പരിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സത്യസന്ധമായി രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥം എന്ന ബഹുമതി സ്വഹീഹുല്‍ബുഖാരി നേടിയെടുത്തിട്ടുണ്ട്. നൂറ്റാണ്ടുകളായി ഇസ്‌ലാമിക ചരിത്രം അതംഗീകരിച്ചിട്ടുമുണ്ട് എന്ന കാര്യം മറക്കരുത്.
കിതാബുല്‍ഉമം രേഖപ്പെടുത്തിയത്
ത്വബ്‌രിയുടെ ഗ്രന്ഥം ബീവി ആഇശ(റ)യെക്കുറിച്ച് മിണ്ടിയിട്ട് പോലുമില്ല! അബൂബക്ര്‍(റ) വിന്റെ എല്ലാ മക്കളും നുബുവ്വത്തിന്റെ മുമ്പ് ജനിച്ചിട്ടുണ്ട് എന്ന് മറ്റാരുടേയോ നിഗമനത്തെ ഉദ്ധരിക്കുക മാത്രമാണ് ചെയ്തത്!!
ഇമാം ത്വബ്‌രിയുടെ കിതാബുല്‍ ഉമമി വല്‍മുലൂക്ക് ഒരു ചരിത്രഗ്രന്ഥമാണ്. ഒരു ചരിത്രഗ്രന്ഥം ഒശേെീൃശരമഹ ഠലഃ േഎന്ന രീതിയില്‍ നല്‍കാവുന്ന എല്ലാ പരിഗണനകളും അതിന് നല്‍കും. അതിന്റെ അപ്പുറം അതിന് ആരും അപ്രമാദിത്വം കല്‍പിക്കാറില്ല. ലോകത്ത് എല്ലായിടത്തും എക്കാലത്തും ഏതു ഭാഷയിലും രചിക്കപ്പെട്ടിട്ടുള്ള ചരിത്രഗ്രന്ഥങ്ങളില്‍ സ്ഖലിതങ്ങള്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇമാം ത്വബ്‌രി(റ) തന്നെ തന്റെ ചരിത്രഗ്രന്ഥത്തിനു ആമുഖമെഴുതിയപ്പോള്‍ സഗൗരവം, ചരിത്രം തന്നെ കുറ്റപ്പെടുത്തരുത് എന്ന നിഷ്‌കര്‍ഷതയോടെ ആ കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്:
‘എന്റെ ഈ ഗ്രന്ഥം നോക്കുന്നവര്‍ അറിഞ്ഞിരിക്കുക: ഇതിലെ പരാമര്‍ശങ്ങള്‍ക്കെല്ലാം ഞാന്‍ അവലംബമാക്കിയിട്ടുള്ളത് ഇതില്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരമുള്ള കഥനങ്ങളും ഞാന്‍ പരാമര്‍ശിക്കുന്ന നിവേദകരിലേക്ക് ചേര്‍ത്തിയിട്ടുള്ള വാര്‍ത്തകളും എനിക്കും കിട്ടി എന്നത് മാത്രമാണ്. വിരളം സംഗതികളെ പ്രതിയല്ലാതെ ധൈഷണികമായ പ്രമാണങ്ങള്‍ ചികയാനോ മാനസികമായ ചിന്താവ്യാപാരങ്ങളില്‍ മുഴുകുവാനോ മുതിരാതെയാണിത് നിര്‍വഹിച്ചിട്ടുള്ളത്. അതിനു കാരണം, ബുദ്ധിപരമായ സാധ്യതകളെ ആരായുകയോ മസ്തിഷ്‌ക വ്യവഹാരങ്ങളില്‍ വ്യാപൃതരാവുകയോ ചെയ്യാതെ കേവലം എടുത്തുദ്ധരിക്കുകയും കഥപറയുകയും ചെയ്ത ആളുകളുടെ റിപ്പോര്‍ട്ടുകളിലൂടെയല്ലാതെ, മഹാപൂര്‍വ്വികരെ കുറിച്ചുള്ള പല വൃത്താന്തങ്ങളും അവര്‍ക്കു പിന്നാലെ വന്നവരെ സംബന്ധിച്ചുള്ള ധാരാളം വര്‍ത്തമാനങ്ങളും അവരെ കാണുകയോ അവരുമായി സന്ധിക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ക്ക് കിട്ടാതെ പോയേക്കും എന്നതാണ്. അതുകൊണ്ട് വാസ്തവമെന്ന് പറയുന്നതില്‍ എന്തെങ്കിലും ഒരു അര്‍ത്ഥമോ സാധ്യത കല്‍പിക്കാവുന്ന എന്തെങ്കിലും ഒരു ന്യായമോ മനസിലാക്കാന്‍ പറ്റാത്തതിനാല്‍ അനുവാചകനു വിരസതയോ വിയോജിപ്പോ അനുഭവപ്പെടുന്ന വല്ലതും ഈ ഗ്രന്ഥത്തില്‍ കാണുന്നപക്ഷം വായനക്കാരന്‍ മനസിലാക്കേണ്ടത്, അവ എന്റെ വകയായി എഴുന്നള്ളിക്കപ്പെട്ടതല്ല; മറിച്ച് ആ കഥനങ്ങള്‍ നമ്മോട് എടുത്തുദ്ധരിച്ചവരില്‍ നിന്ന് വന്നുപോയതാണ്, കിട്ടിയത് അപ്പടി ഉദ്ധരിക്കുക മാത്രമാണ് നാം ചെയ്തിട്ടുള്ളത് എന്നത്രെ’ (മുഖദ്ദിമതു താരീഖിത്ത്വബ്‌രി, പേ. 8).
ഇമാം ത്വബ്‌രി ഈ ഗ്രന്ഥത്തിന് ഇങ്ങനെയൊരു ആമുഖം എഴുതിയത് എന്തുകൊണ്ടായിരിക്കും? തന്റെ ഗ്രന്ഥത്തിലുള്ളതെല്ലാം പ്രാമാണികമായ നിവേദനങ്ങളോട് വിയോജിച്ച് നില്‍ക്കാന്‍ മാത്രം കെല്‍പുറ്റ തെളിവുകളാണ് എന്ന് തനിക്കുപോലും അഭിപ്രായമില്ലെന്നും വായനക്കാരന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ വിയോജിപ്പും വിരസതയുമനുഭവപ്പെടുന്ന ധാരാളം കാര്യങ്ങള്‍ ഇതിലുണ്ട് എന്ന ബോധ്യത്തോടും കൂടിയല്ലേ! അതുകൊണ്ട് ഇമാം ത്വബ്‌രിയുടെ ചരിത്ര ഗ്രന്ഥത്തില്‍ അബൂബക്ര്‍(റ)വിന്റെ എല്ലാ മക്കളും നുബുവ്വത്തിന് മുമ്പ് ജനിച്ചിട്ടുണ്ട് എന്ന പരാമര്‍ശം ഉദ്ധരിച്ച് കണ്ടത് കൊണ്ടുമാത്രം സ്വഹീഹുല്‍ബുഖാരിയിലെ നിവേദനം തെറ്റാണെന്ന് സ്ഥാപിക്കാന്‍ പോവുന്നത് കടന്നാക്രമണമാണ്; നീതീകരിക്കാവതല്ല.(തുടരും)

Post a Comment

Previous Post Next Post