shoukthali shoukthali യുടെ കമന്റ്
കളളും പെണ്ണൂം പുഴയും പറഞ് സ്വർഗ്ഗത്തിലേക്കാനയിക്കുന്നത് വിഡ്ഢിത്തമല്ലെ എന്ന് വിമർശകർ. ഇന്നലെ പെരുന്നാൾ കൊള്ളാൻ വന്ന സ്നേഹിതൻ വീണ്ടും വിമർശിച്ച് അലമ്പുണ്ടാക്കി.
#പ്രതികരണം:
സ്വർഗത്തിൽ കള്ളും പെണ്ണും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് മതം മാറ്റുകയാണ് മുസ് ലിംകൾ ചെയ്യുന്നത് എന്ന ആരോപണത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. തീർത്തും അധ്യാത്മിക ശൂന്യമായ ഒരിടമാണ് മുസ്ലിം സ്വർഗം എന്നു പ്രചരിപ്പിക്കുന്നതിന് പലപ്പോഴും ഖുർആനിക സൂക്തങ്ങൾ വരെ ദുരുപയോഗം ചെയ്യുന്നു. തികഞ്ഞ അജ്ഞതയിൽ നിന്നുടലെടുക്കന്നതാണീ വാദഗതികൾ.
ഒരു ഹദീസിൽ സ്വർഗീയ അനുഗ്രഹങ്ങളെ കുറിച്ച് നൽകുന്ന വർണനയിങ്ങനെ: "മോഹിക്കുന്നതെന്തും ലഭിക്കുന്നു. ഒരു കണ്ണും ഒരു നാളും കണ്ടിട്ടില്ലാത്തത്, ഒരു കാതും ഒരു നാളും കേട്ടിട്ടില്ലാത്തത്, ഒരാളുടെയും ഭാവനയിൽ ഒരിക്കൽ പോലും വിരിഞ്ഞിട്ടില്ലാത്തത്". തീർത്തും നമ്മുടെ സങ്കല്പങ്ങൾക്കതീതമായത്ര ഉത്കൃഷ്ടമാണ് സ്വർഗമെന്നാണ് മതപാഠം. എന്നാൽ, നമ്മുടെ പരിമിതികളെ അറിയാവുന്ന സൃഷ്ടികർത്താവ് ലൗകിക പ്രപഞ്ചത്തിന്റെ ഭാഷയിലാണ് പാരലൗകിക ജീവിതത്തെ വർണിച്ചു തന്നത്. ഇത് പ്രഥമമായി നാം അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്.
മറ്റൊന്ന്. ഇഹലോകമാണ് കർമരംഗം. ഇവിടെ വിതച്ചത് അവിടെ കൊയ്യും. അഥവാ, പരലോകത്ത് നിയമ ശാസനകളില്ല, രക്ഷ ശിക്ഷകളാണുള്ളത്. നിഷിദ്ധവും നിർബന്ധവും ഈ ലോകത്താണ്. നരകത്തിൽ ശിക്ഷയല്ലാത്തതൊന്നുമില്ല. സ്വർഗത്തിലാവട്ടെ രക്ഷയും അനുഗ്രഹവും നൻമയുമല്ലാത്തതൊന്നുമില്ല. ആശിക്കുന്ന നൻമകളെല്ലാം കിട്ടുന്ന ഇടമാണ് സ്വർഗം.
ഇനി സ്വർഗത്തിൽ ലഭിക്കുന്ന കള്ളും പെണ്ണും എന്താണെന്ന് പറയാം. പ്രഥമമായി അതു ഇഹലോകത്തു പരിചയമുള്ളതിനേക്കാൾ ഉത്കൃഷ്ടമായ ഒന്നാണ്. രണ്ടാമത്തേത്, രക്ഷയും അനുഗ്രഹവും നൻമയും ആണത്.
സ്വർഗത്തിൽ വ്യത്യസ്ത പാനീയങ്ങളുണ്ട് എന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്. വെള്ളം, തേൻ, പാൽ, ഖംറ്, സൻജബീൽ മിശ്രിതം, കാഫൂർ മിശ്രിതം, തസ്നീം, സൽസബീൽ എന്നിവ ഖുർആൻ പേരെടുത്തു പറഞ്ഞവയാണ്. വെള്ളം, തേൻ, പാൽ എന്നിവ വിശദീകരണമില്ലാതെ നമുക്കറിയാം. സ്വർഗത്തിലെല്ലായിടത്തും ഒഴുകുന്ന ഒരു നദിയാണ് സൽസബീൽ. അർശ് എന്ന വിശുദ്ധ സിംഹാസനത്തിന്റെ പാർശ്വത്തിലാണ് തസ്നീം എന്ന അരുവിയുള്ളത്. കാഫൂർ, സൻജബീൽ എന്നത് യഥാക്രമം കർപ്പൂരം, ഇഞ്ചി എന്നാണ് അർഥമാക്കുന്നത്. കർപ്പൂരവും ഇഞ്ചിനീരും മിശ്രിതമായ പാനീയം ലഭിക്കുന്ന നീരുറവകളാണ് അതെന്ന് ഖുർആൻ പറയുന്നു (അൽഇൻസാൻ 5,18). കർപ്പൂര മിശ്രിതം ചേർത്ത് സാധാരണ നാം കുടിക്കാറില്ലെങ്കിലും ഇഞ്ചിയും കർപ്പൂരവും ഔഷധ ഗുണങ്ങളുള്ളവയാണ് എന്ന് നമുക്കറിയാം. ഇപ്പറഞ്ഞവയെല്ലാം ഇഹലോകത്ത് പരിചയിച്ചതിൽ നിന്ന് ഭിന്നമായ ഉത്കൃഷ്ട ഗുണങ്ങളുള്ളവയാണ്. അനേകം ഹദീസുകളിൽ അവ വർണിക്കപ്പെട്ടിട്ടുണ്ട്.
ഇനി, ഖംറ്. കള്ള് എന്ന് ഭാഷാന്തരം ചെയ്യാറുള്ളത് ഈ പദമാണ്. ആവരണം, മറ എന്നൊക്കെയാണ് ഈ പദത്തിന്റെ അർഥം. ഇലകൾ തിങ്ങിനിറഞ്ഞു ശിഖരങ്ങൾ കാണാതെയാവുന്നതിനും മലയോ മരമോ മറഞ്ഞു നിൽക്കുന്നതിനാൽ ആളെയോ വീടിനെയോ കാണാതിരിക്കുന്നതിനെയും ഖമിറ (മറഞ്ഞു) എന്ന പദമുപയോഗിച്ചാണ് അറബി ഭാഷയിൽ വ്യവഹരിക്കാറുള്ളത്. കള്ള് എന്നത് ഖംറിന്റെ ആക്ഷരികാർഥമല്ല, ആലങ്കാരിക പ്രയോഗമാണ്. മദ്യപാനിയുടെ ബോധത്തിനു മീതെ ലഹരി ആവരണമായി പുതയുന്നതു കൊണ്ടാണ് കള്ളിന് ഖംറ് (ആവരണം) എന്ന് ഉപയോഗം ഉണ്ടായത്.
നമുക്ക് പരിചിതമായ കള്ള് കുടിച്ചാൽ മത്ത് കെട്ട് ലെക്കും ലഗാനുമില്ലാതെ മദോൻമത്തനായി വല്ല ഓടയിലും കിടന്നു പുലഭ്യം പറയുന്ന കാഴ്ച സാധാരണമാണ്. എന്നാൽ സ്വർഗത്തിലെ ഖംറ് അത്തരത്തിലുള്ള ഒരു ദുർഗുണവും ഇല്ലാത്തതാണ്. അതു കുടിച്ചാൽ "അസഭ്യമോ ആക്ഷേപഹാസ്യങ്ങളോ ഉണ്ടാകില്ല" (ഖു. 52/23), "ആസ്വാദ്യകരവും വെളുത്തതുമായ പാനീയം. യാതൊരു ദൂഷ്യവും അതിനില്ല; അവര്‍ക്ക് ലഹരി ബാധിക്കുന്നതുമല്ല" (ഖു. 37/46,47), "അത് പാനം ചെയ്യുക വഴി തലവേദനയോ ലഹരിബാധയോ അവര്‍ക്കുണ്ടാവില്ല" (ഖു. 56/19) "ശാന്തി, സമാധാനം എന്നതല്ലാതെ, നിരര്‍ത്ഥക വാക്കുകളോ അധിക്ഷേപങ്ങളോ അവര്‍ക്കവിടെ കേള്‍ക്കാനാവില്ല" (ഖു. 56/25,26). സ്വർഗത്തിലെ ഖംറിന്റെ വിശേഷങ്ങളിൽ ചിലതാണിത്.
എന്നാൽ ഐഹിക ലോകത്തെ കള്ള് പാനം ചെയ്യുന്നത് നബി സ്വ. കർശനമായ ഭാഷയിൽ നിരോധിച്ചിട്ടുണ്ട്. അതിന്റെ ദൂഷ്യഫലങ്ങളെ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. നബി സ്വ. പറഞ്ഞു: "മദ്യം നീചവൃത്തികളുടെ മാതാവും വന്‍പാപവുമാണ്. വല്ലവനും അത് കുടിച്ചാല്‍ അവന്റെ മാതാവിന്റേയും പിതൃസഹോദരിയുടേയും മാതൃസഹോദരിയുടേയും മേല്‍ അവന്‍ വീണെന്നിരിക്കും" (ത്വബ്റാനി). മറ്റൊരിക്കൽ അവിടുന്ന് അരുളിയതിങ്ങനെ: "നിങ്ങള്‍ മദ്യം വെടിയുക. കാരണം അത് എല്ലാ തിന്മകളുടേയും താക്കോലാകുന്നു, തീര്‍ച്ച.'' (ഇബ്നുമാജ). മദ്യപാനം ശിക്ഷാർഹമാണെന്ന് അധ്യയനം ചെയ്യുന്ന പരശ്ശതം ഹദീസുകൾ വായിക്കാൻ കഴിയും. ഇതും സ്വർഗത്തിലെ ഖംറും വാസ്തവത്തിൽ പരസ്പര വിരുദ്ധമാണ്. അതു കൊണ്ടാണ് മദ്യപാനം ഉപേക്ഷിക്കുന്നവർക്ക് സ്വർഗത്തിലെ ഖംറ് വാഗ്ദാനം ചെയ്യപ്പെട്ടതു തന്നെ. "വല്ലവനും ദുന്‍യാവില്‍ കള്ള് കുടിച്ച് അതില്‍നിന്ന് തൌബഃ ചെയ്തിട്ടില്ലായെങ്കില്‍ ആഖിറത്തില്‍ അയാള്‍ക്ക് അത് നിഷേധിക്കപ്പെടും; അത് കുടിപ്പിക്കപ്പെടുകയില്ല.'' (ബുഖാരി).
ആനുഷംഗികമായി ഒരു കാര്യം കൂടി. അനേകം രാഷ്ട്രങ്ങൾ സമ്പൂർണ മദ്യനിരോധനം നടപ്പിൽ വരുത്തുവാൻ നിയമനടപടികൾ സ്വീകരിച്ചിരുന്നെങ്കിലും ഫലപ്രാപ്തിയിലെത്താതെ പിൻവാങ്ങുകയാണ് ചെയ്തതെന്ന് കാണിക്കുന്ന അനേകം വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭ്യമാണ്. 1920 കളിൽ സമ്പൂർണ മദ്യനിരോധനം നപ്പിലാക്കുന്നതിന് National Prohibition Act പാസാക്കിയ അമേരിക്ക ആവശ്യമായ ഭരണഘടനാ ഭേദഗതികൾ വരെ വരുത്തിയിരുന്നതാണ്. സര്‍ക്കാര്‍ ഉത്തരവു വിജയിപ്പിക്കാൻ പോലീസ് നിരത്തിലിറങ്ങി. മദ്യപിക്കുന്നവരെയും മദ്യം വില്‍ക്കുന്നവരെയും അറസ്റ്റ് ചെയ്തു. നിയമം നടപ്പിലാക്കാന്‍ മില്യണ്‍ കണക്കിന് ഡോളറുകൾ ചെലവഴിച്ചു. പതിനായിരക്കണക്കിന് മദ്യപന്മാരെ കൊണ്ട് ജയിലുകള്‍ നിറഞ്ഞു. ആയിരങ്ങള്‍ നിയമപാലനത്തിന്റെ പേരില്‍ കൊല്ലപ്പെട്ടു. എന്നിട്ടും ജനങ്ങള്‍ കുടി നിര്‍ത്തിയില്ല. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം Repeal of Prohibition പാസാക്കി അമേരിക്കന്‍ ഭരണകൂടം മദ്യപാനികൾക്ക് മുന്നില്‍ മുട്ടുമടക്കി.
മനഃശാസ്ത്രപരമായ സമീപനത്തിലൂടെ സമ്പൂർണ മദ്യനിരോധനം നടപ്പിൽ വരുത്തുകയായിരുന്നു ഇസ്‌ലാം. ബോധവത്കരണം, മുന്നറിയിപ്പ്, താക്കീത്, വാഗ്ദാനം, പ്രായോഗിക ശിക്ഷാ നടപടികൾ തുടങ്ങി വിവിധങ്ങളായ മാർഗങ്ങൾ അവലംബിച്ചാണ് മുത്തുനബി സ്വ. ഇതു സാധ്യമാക്കിയത്. ഇസ്‌ലാം മാത്രമേ ഇക്കാര്യത്തിൽ വിജയിച്ചിട്ടുള്ളൂ.
ചുരുക്കത്തിൽ, സ്വർഗത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ഒരു വിശുദ്ധപാനീയമാണ് ഖംറ്. സ്വർഗീയ വിശുദ്ധ ഭോജ്യങ്ങളിലൊന്ന്. അതിനെ കള്ള്, മദ്യം എന്നെല്ലാം മൊഴിമാറ്റം ചെയ്യുന്നത് നമ്മുടെ ഭാഷകളുടെ ദൗർബല്യമാണ്. അല്ലാതെ ഖംറിന്റെ ന്യൂനതയല്ല.
#സ്വർഗത്തിലെ_കള്ളും_പെണ്ണും (ഭാഗം-2)
സാത്വികനായ ഒരു വ്യക്തിയെ സങ്കൽപിക്കുക. അയാളുടെ പുത്രിമാർ അപ്സരസുകളെ വെല്ലുന്ന സുന്ദരികളാണ്. നാട്ടിലെ ഏറ്റവും സത് സ്വഭാവികളായ ചെറുപ്പക്കാർക്ക് താനവരെ വിവാഹം ചെയ്തു കൊടുക്കും എന്ന് വാഗ്ദാനം ചെയ്താൽ അതു അവരെ മുന്നിൽ വെച്ച് വിലപേശുകയാണെന്ന് പറയാമോ? പറഞ്ഞാൽ തന്നെയും അതിന്റെ ഫലം നൻമയോ തിന്മയോ?!
സ്വർഗത്തിൽ ഹൂറുൽഐനുകളെ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. നയനാനന്ദം പകരുന്നത് എന്നാണാ പദത്തിനർഥം. സ്വർഗത്തിലുള്ളതെല്ലാം നല്ലതും സുന്ദരവുമാണ്. ചീത്തതും വികൃതവും അവിടെ ഇല്ലേയില്ല. സാങ്കേതികമായി സത്യവിശ്വാസികൾക്ക് സ്വർഗത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ഇണകളാണ് ഹൂറുൽഐനുകൾ. ഇഹലോകത്ത് നാഥന്റെ കല്പനകളെ ശിരസാവഹിച്ചവർക്കു മാത്രമേ ഈ സ്വർഗീയ സുന്ദരികളെ വേൾക്കാനാവൂ. ചുരുക്കത്തിൽ, ഹൂറുൽഐനുകളെ മോഹിക്കുന്നവർ ഇസ്‌ലാമിക ജീവദർശനത്തെ പാലിച്ചവരായിരിക്കണം. ഇതു നൻമയുടെ വ്യാപനത്തിനു വേണ്ടിയുള്ള വിലപേശൽ തന്നെ!
മനുഷ്യ മനസിന്റെ ഘടന വ്യത്യസ്തമാണ്. ഓരോരുത്തരുടെയും താത്പര്യങ്ങളും അഭിരുചികളും ആഗ്രഹങ്ങളും വ്യത്യാസമുണ്ടാകും. ചിലർക്ക് പണം വേണം. വേറെ ചിലർക്ക് ആഡംഭര സുന്ദരമായ രമ്യഹർമങ്ങളാണ് വേണ്ടത്. നിത്യഹരിതമായ തോപ്പുകളിലുല്ലസിക്കുന്നതും ആറുകളിൽ ആറാടുന്നതുമാണ് മറ്റു ചിലരുടെ താത്പര്യം. മതിവരുവോളം കുടിച്ചു രസിച്ചു ഉൻമത്തരാവണം എന്നു ചിന്തിക്കുന്നവരും ഏറെയുണ്ട്. പലരുടെയും മനസിന്റെ ആകർഷണം സ്ത്രീ സൗന്ദര്യത്തിലേക്കാണ്. എല്ലാ ആസക്തികളെയും ഭോഗേച്ഛകളെയും അല്ലാഹുവിനു വേണ്ടി നിയന്ത്രിക്കുക. എങ്കിൽ എല്ലാം ആസ്വദിക്കാൻ അവസരം നൽകപ്പെടുന്ന സ്വർഗീയാരാമങ്ങളിൽ നിങ്ങൾക്കിടം കിട്ടും. ഹൂറുൽഐനുകളെ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നതിന്റെയും തത്വം ഇതു തന്നെ.
അതിനാൽ, സ്വർഗത്തിലേക്ക് വരൂ. അവിടെ മരണമേയില്ല, ശാശ്വത ജീവിതം. ദു:ഖമില്ല, ഉത്കണ്ഠയില്ല, ഭയമില്ല, ആഹ്ലാദം മാത്രം. ആരാമങ്ങളിൽ പാറിക്കളിച്ചും ആറുകളിൽ നീന്തിത്തുടിച്ചും അലംകൃത മഞ്ചങ്ങളിൽ ആടിരസിച്ചും ഉല്ലസിക്കാം. അതിനു അല്ലാഹുവിനെ അനുസരിച്ചു ജീവിക്കുക, ആത്മശാന്തി നേടുക. അല്ലാഹു വിളിക്കുന്നു:
"ഹേ! ആത്മശാന്തി നേടിയ ആത്മാവേ...!
തൃപ്തിപ്പെട്ടും തൃപ്തി നേടിയും
നിന്റെ രക്ഷിതാവിങ്കലേക്ക് മടങ്ങിക്കൊൾക!
അങ്ങനെ എന്റെ വിധേയരിൽ ഉൾപ്പെടൂ,
എന്റെ സ്വർഗീയാരാമത്തിലും പ്രവേശിച്ചു കൊള്ളൂ..." (ഖു. 89/27-30).