സ്ത്രീ ജാഹിലിയ്യതിലും ഈജിപ്തിലും


ഇസ്ലാം വ്യാപനകാലത്തുണ്ടായിരുന്ന ഈജിപ്ഷ്യൻ സംസ്കാരവും സ്ത്രീയോട് നീതിരഹിതമായാണ് വർത്തിച്ചത്. രണ്ടാം ഖലീഫ ഉമർ(റ)വിന്റെ കാലത്ത് സേനാനായകനായിരുന്ന അംറു ബ്നുൽ ആസ്വ്(റ)ന്റെ നേതൃത്വത്തിൽ ഈജിപ്ത് ജയിച്ചടക്കി. തദവസരത്തിൽ നൂറ്റാണ്ടുകളായി ഈജിപ്തുകാർ അനുഷ്ടിച്ചു പോന്നിരുന്ന വിചിത്രവും ഭീഭത്സവുമായ ഒരു അനാചാരത്തിന്റെ അനുഭവ സാക്ഷികളാകാൻ അവർക്ക് ഇടവന്നു. നൈൽ നദിയിലെ ജലനിരപ്പ് താഴുമ്പോൾ നറുക്കെടുത്തു നാട്ടിലെ ഏറ്റവും സുന്ദരിയായ ബാലികയെ അല്ലെങ്കിൽ യുവതിയെ നദിയിലേക്ക് എറിഞ്ഞ് കൊല്ലുന്ന കൃത്യമായിരുന്നു ഇത്. അംറ്(റ) കഠിനമായ ഭാഷയിൽ അതിനെ വിമർശിക്കുകയും തടയാൻ നടപടിയെടുക്കുകയും ചെയ്തതോടെ മതപുരോഹിതന്മാർ സംഘടിച്ചു. നേരത്തെ, ഖലീഫ വാഗ്ദാനം ചെയ്തിരുന്ന മതസ്വാതന്ത്യത്തെ ഹനിക്കുന്നതാണ് പുതിയ നിലപാട് എന്നായിരുന്നു അവരുടെ പക്ഷം. ഒടുവിൽ അംറ്(റ) ഖലീഫയെത്തന്നെ പ്രശ്നത്തിൽ ഇടപെടുവിക്കുകയും അദ്ദേഹം കർക്കശമായ നടപടികളിലൂടെ അത് തടയുകയും ചെയ്തു(ഫുതൂഹുശ്ശാം , വാ.2).

ഭിന്നമായിരുന്നില്ല അറേബ്യയിലെ സ്ഥിതിയും. ചില ഗോത്രക്കാർ നവജാതശിശു പെണ്ണ് ആയിരുന്നെങ്കിൽ അപമാനമായി കരുതുകയും ജീവനോടെ കുഴിച്ചുമൂടുകയും ചെയ്തിരുന്നു. ഇസ്ലാം പൂർവ കാലത്തെ (ജാഹിലിയ്യത്) ഈ അനാചാരത്തെ ഖുർആൻ പല തവണ എടുത്തു പറഞ്ഞിട്ടുണ്ട് (6/137, 16/59, 17/31, 81,9). തദ്കൃത്യം ചെയ്യാനിടയായ തിരുസഹചരരിലൊരാൾ തിരുസവിധത്തിൽ കുറ്റമേറ്റുപറഞ്ഞ സംഭവം സുനനുദ്ദാരിമി ഹൃസ്വ മായി ചിത്രണം ചെയ്തിട്ടുണ്ട്: “എനിക്ക് ഒരു പെൺകുട്ടി ഉണ്ടായിരുന്നു. എന്നോട് അനൽപമായ അടുപ്പവും ഇണക്കവുമുണ്ടായിരുന്ന കുട്ടി. എപ്പോൾ വിളിച്ചാലും അതിയായ ആവേശത്തോടെ അവളെന്റെയടുക്കൽ ഓടിയെത്തും. ഒരു ദിവസം ഞാനവളെ വിളിച്ചു. അവളെന്റെ പിന്നിൽ ഓടിവന്നു. ഞാൻ അവളെയും കൂട്ടി അടുത്തുള്ള വലിയ പൊട്ടക്കിണറിന്റെ സമീപത്തെത്തി. അടിയോടെ വാരിയെടുത്ത് ആ കിണറ്റിലേക്കെറിഞ്ഞു. ഉപ്പാ! ഉപ്പാ! ഉപ്പാ!! എന്ന് വിളിച്ച് കരുണക്കു വേണ്ടി യാചിച്ചാർക്കുകയായിരുന്നു ആ കുട്ടിയപ്പോൾ.'' ഈ സംഭവം കേട്ട് തിരുഹൃദയം പൊട്ടിപ്പോയി. കവിൾത്തടങ്ങൾ വിങ്ങിവീർത്തു. കണ്ണീർച്ചാലുകൾ ധാരധാരയായി ഇറ്റിവീണു. കൂടിനിന്നവരുടെയെല്ലാം കണ്ണുകൾ സജലങ്ങളാ യി (ഉദ്ധരണം: മിശ്കാതുൽ മസ്വാബീഹ്).

ഇത്രയും മലീമസമായ പരിസരത്താണ് ഇസ്ലാം ഇടപ്പെട്ടതെന്നോർക്കുക. ഇസ്ലാം അന്നു സന്ദർഭോചിതം ഇടപെട്ടില്ലായിരുന്നുവെങ്കിൽ, ഒരു പക്ഷെ മറ്റൊരു പരിഷ്കർത്താവിന്റെ അരങ്ങേറ്റത്തിനു സാക്ഷിയാവുന്നതു വരെ അറേബ്യയിൽ ജനിച്ചു വീഴുന്ന അനേകം പെൺജന്മങ്ങൾ കുഴിവെട്ടി മൂടപ്പെടുമായിരുന്നു. ഇസ്ലാമിൽ ആണധികാര വാഴ്ചയാണുള്ളത് എന്ന് ആരോപിക്കുന്നവർ കാണാതെ പോകുന്ന നഗ്ന യാഥാർത്യങ്ങളിൽ ഒന്നാണ് ഇതും.

Post a Comment

Previous Post Next Post