റമളാൻ മാസത്തിൽ നോംബെടുക്കുന്നതിൽ നിന്നും ചൈനയിലെ മുസ്ലികളെ സർക്കാർ വിലക്കിയിരിക്കുന്നു എന്ന വാർത്ത വാർത്ത മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ ഈ വാർത്ത തെറ്റാണെന്ന് ചൈനയിൽ വർഷങ്ങളായി ബിസിനസുകൾ നടത്തുന്ന മലയാളികൾ വെളിപ്പെടുത്തുന്നു. ചൈനയിലെ വിവിധ ഭാഗങ്ങളിൽ നിരവധി ഇഫ്താർ സംഗമങ്ങൾ നടക്കുന്നതായും പ്രാർത്ഥനകൾക്കും നോംബെടുക്കുന്നതിനും മറ്റും യാതൊരു തടസ്സങ്ങളും നേരിടുന്നില്ലെന്നും അനുഭവസ്ഥർ ജി.സി.സി മലയാളിയോട് പറഞ്ഞു.
കൂടാതെ, ചൈനയിലേക്ക് ഇസ്ലാമിക പ്രബോധനവുമായി എ.ഡി 620 കളിൽ കടന്ന് ചെന്ന പ്രവാചകാനുയായി സ-അദ്ബ്നു അബീ വഖാസിന്റേതടക്കം പ്രമുഖകരുടെ ഖബറുകൾ സ്ഥിതി ചെയ്യുന്ന ഗ്വാങ്ഗ്ഷോയിലെ പ്രസിദ്ധമായ ‘സ്വഹാബി അബീ വഖാസ്’ പള്ളിയുടെ പുനർ നിർമ്മാണത്തിനു 17 മില്ല്യൻ ചൈനീസ് യുവാനാണു ചൈനീസ് സർക്കാർ ചിലവഴിച്ചതെന്നും 6 വർഷം മുംബ് നടന്ന പുന:നിർമ്മാണ പ്രക്രിയകൾക്ക് തങ്ങൾ സാക്ഷികളാണെന്നും ഇവിടെയുള്ള മലയാളികൾ അറിയിച്ചു .
തറാവീഹ് നമസ്ക്കാരത്തിനു വിദേശികൾക്കും സ്വദേശികൾക്കും രണ്ടു ഇമാമുകളുടെ നേതൃത്വത്തിൽ രണ്ടു ജമാ-അത്ത് ആണു ഇവിടെ നടക്കുന്നത്.ആയിരത്തിലധികം പേരാണ് ദിവസവും ജമാ-അത്തിനു പങ്കെടുക്കുന്നത്. ഇതെല്ലാം ചൈനീസ് അധികാരികളുടെ അറിവോടും സമ്മതത്തോടും കൂടെയാണെന്നതാണു വസ്തുത .
വെള്ളിയാഴ്ച ജുമുഅ നമസ്ക്കാരത്തിനു അബീ വഖാസ് പള്ളിയിൽ മാത്രം 6000 ത്തിലധികം ആളുകള് പങ്കെടുക്കാറുണ്ട്. പെരുന്നാൾ ദിനത്തിൽ 25000 ത്തോളം വിശ്വാസികൾ നമസ്ക്കാരത്തിൽ പങ്ക് കൊള്ളും.രണ്ട് ജമാ-അത്തായാണു പെരുന്നാൾ നമസ്ക്കാരങ്ങൾ നടക്കുക. നഗരത്തിന്റെ ഹൃദയ ഭാഗത്തായി 4 ഏക്കറോളം വരുന്ന ഭൂമിയിൽ സ്ഥിതി ചെയ്യുന്ന അബീ വഖാസ് പള്ളിയിലേക്ക് നമസ്ക്കാരങ്ങൾക്ക് ആളുകൾ വരുമ്പോൾ റോഡ് ബ്ലോക്ക് ആകാതെ ആരാധനകൾ നിർവഹിക്കാൻ പോലീസ് സഹായവും ഉണ്ടാകാറുണ്ട്.
അതേ സമയം ചൈനയിലെ പ്രശ്നബാധിത പ്രദേശമായ സിൻജിയാങ് എന്ന പ്രദേശത്തെ പ്രത്യേക സാഹചര്യങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും നോംബെടുക്കുന്നതിൽ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് ചൈനയെ മൊത്തം ബാധിക്കുന്ന തരത്തിലുള്ള പ്രശ്നമാക്കി വാർത്ത പ്രചരിക്കുന്നതിൽ വർഷങ്ങളായി ചൈനയിൽ യാതൊരു പ്രയാസവും കൂടാതെ ആരാധനാ കർമ്മങ്ങൾ നിർവ്വഹിച്ച് വരുന്ന തങ്ങൾക്ക് മന:പ്രയാസമുണ്ടാക്കുന്നുണ്ടെന്നും ജനങ്ങൾ യാഥാർത്ഥ്യം തിരിച്ചറിയണമെന്നും ചൈനയിലെ ഗ്വാംഡോംഗ് മലയാളി കമ്മ്യൂണിറ്റിയിലെ പ്രവർത്തകർ ആവശ്യപ്പെട്ടു .
ജിഹാദുദ്ധീന്‍ അരീക്കാടന്‍, ജൂണ്‍ 6, 2016