ഇസ്ലാമിക വിശ്വാസം
അനുസരിച്ചു ഒരു ലക്ഷത്തിലധികം പ്രവാചകന്മാരെ അല്ലാഹു അയച്ചിട്ടുണ്ട്. അതില്‍
പ്രത്യേകമായ നിയമസംഹിതകള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങള്‍ നല്‍കപ്പെട്ടവരും ഉണ്ടെന്നത്
എല്ലാവര്‍ക്കും അറിയാവുന്ന ഒരു വസ്തുതയാണ്. പ്രത്യേകം നാമം പരാമര്ശിക്കപെട്ട നാലു
ഗ്രന്ഥങ്ങളും അല്ലാത്ത നൂറു ഗ്രന്ഥങ്ങളും അവയില്‍ ഉള്‍പ്പെടുന്നു. അതല്ലാത്ത ചില
ഗ്രന്ഥങ്ങളുടെ സാധുത കൂടി ഖുര്‍ആന്‍ വകവെക്കുന്നുണ്ടെന്നു അല്‍ ബഖറ 136 ആധാരമാക്കി
പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഖുര്‍ആന്‍ പരാമര്‍ശിച്ച പൂര്‍വ
ഗ്രന്ഥങ്ങളില്‍ ഒന്നിന്‍റെ പോലും മൂലപ്രതി ഇന്ന് ലഭ്യമല്ല എന്നത് ഒരു ചരിത്ര
യാഥാര്‍ത്ഥ്യമായിരിക്കെ പ്രസ്തുത ഗ്രന്ഥങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്ന കുപ്രചാരണം
ചില ക്രൈസ്തവ മിഷനറി പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്നു. തീര്‍ത്തും
വാസ്തവവിരുദ്ധമാണ് ഇത്. ഉദാഹരണത്തിന് ഖുര്‍ആന്‍ പ്രത്യേകം പേര് പരാമര്‍ശിച്ച
മൂന്ന്‍ പൂര്‍വവേദങ്ങളെ പരിഗണിക്കാം. തൌറാത്ത് മൂസാ അ.മിനും സബൂര്‍ ദാവുദ് അ.മിനും
ഇന്‍ജീല്‍ ഈസ അ.മിനും അല്ലാഹു പ്രത്യേകം ദിവ്യബോധനം നല്‍കിയതാണെന്നു വിശുദ്ധ ഖുര്‍ആന്‍
പറഞ്ഞിട്ടുണ്ട്. എന്നാല്‍ ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളുടെ സമാഹാരമാണ്
തൌറാത്ത് എന്നും സങ്കീര്‍ത്തന പുസ്തകം, പുതിയ നിയമത്തിലെ സുവിശേഷ പുസ്തകങ്ങള്‍ എന്നിവയാണ് യഥാക്രമം
സബൂര്‍, ഇന്‍ജീല്‍ എന്നുമാണ് അവര്‍ പരിചയപ്പെടുത്തുന്നത്.
വാസ്തവത്തില്‍ ഈ ഗ്രന്ഥങ്ങളുടെ രചനയെക്കുറിച്ചും അവയുടെ ഉള്ളടക്കത്തെ സംബന്ധിച്ചും
രചനാകാലത്തെ പ്രതിയും മുസ്ലിംകള്‍ക്ക് ഉള്ളതിനോട് ഒരു തരത്തിലും രാജിയാകാത്ത
വീക്ഷണങ്ങളാണ് ക്രൈസ്തവതക്കുള്ളത്. നിലവിലുള്ള ബൈബിള്‍ പുസ്തകങ്ങള്‍ ദൈവികമാണെന്നു അവര്‍
അവകാശപ്പെടുന്നുണ്ടെങ്കിലും അവ എപ്പോള്‍ ആര്‍ക്ക് എവിടെവെച്ചു എന്ന് അവതീര്‍ണമായി?
എന്ന് ചോദിച്ചാല്‍ ദൈവപ്രചോദിതമായി മനുഷ്യരായ എഴുത്തുകാര്‍ എഴുതിയതാണ്
എന്നാണ് പറയുക. ദൈവപ്രചോദനം ആര്‍ക്കു എവിടെ വെച്ച് എന്ന് ഉണ്ടായി എന്ന് ചോദിച്ചാല്‍
മൗനം ആയിരിക്കും ഉത്തരം.
ബൈബിള് ആരെഴുതി? എന്നെഴുതി? എന്നു ചോദിച്ചാല്‍ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ആദ്യത്തെ ബൈബിള്‍ നിഘണ്ടു എഴുതിയ റവ.ഏ.സി. ക്ലയ്ട്ടനും
മലയാളത്തിലെ ആദ്യത്തെ ബൈബിള്‍ നിഘണ്ടു വേദശബ്ദരത്നാകരം എഴുതിയ ഡോ. ഡി. ബാബുപോളും
എന്ത് ഉത്തരം നല്‍കും വായിക്കാം. (തുടരും)