വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ്‌ നബി സ്വ.യുടെ രചനയോ? ഭാഗം മൂന്ന്‍




തുല്യതയില്ലാത്ത സ്വാധീന ശക്തി


മനുഷ്യ വര്‍ഗത്തില്‍ സ്വാധീനം ചെലുത്തിയിട്ടുള്ള അനേകം ഗ്രന്ഥങ്ങള്‍ നമുക്കറിയാം. ഫ്രഞ്ച് വിപ്ലവങ്ങള്‍ക്ക് ഊര്‍ജം നല്‍കിയ റൂസ്സോയുടെ രചനകള്‍ ഉദാഹരണം. എന്നാല്‍, നിത്യജീവിതത്തില്‍ അഭിമുഖീകരിക്കുന്ന, ഏതു മേഖലയിലും നിതാന്തമായ ഒരു സ്വാധീന ശക്തിയായി നിലകൊള്ളുന്ന മറ്റൊരു ഗ്രന്ഥം കാണിച്ചു തരാനില്ല. വെറും ഇരുപത്തിമൂന്നു വര്‍ഷം കൊണ്ട് ലോകത്തെ ഏറ്റവും പതിതരായിരുന്ന ഒരു സമൂഹത്തെ ഏതുതരം സാമൂഹ്യ മാനദണ്ഡത്തിനും വിധേയമാക്കിയാലും ലോകത്തെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സമൂഹമാക്കി മാറ്റി. അത് പരത്തിയ പ്രഭയില്‍ നിന്ന് ലോകം മുഴുക്കെ പ്രസരിച്ച പ്രകാശം വിശ്വ മാനവികത വക വെച്ചതാണ്. ഏട്ടിലുറങ്ങുന്ന സിദ്ധാന്തങ്ങള്‍ ആയല്ല, പ്രായോഗിക തലത്തില്‍ വിപ്ലവകരമായ വിചാരങ്ങള്‍ക്ക് തിരി കൊളുത്തുന്നതായി അതിലെ ഓരോ പദവും മാനവികത നെഞ്ചേറ്റി. നിത്യജീവിതത്തിന്‍റെ ഓരോ പ്രശ്നങ്ങളിലും ഇടപെട്ടു അതിനു മുമ്പുണ്ടായിരുന്ന മലീമസമോ അപരിഷ്കൃതമോ ആയ സംസ്കാരത്തെ പാടെ മാറ്റിപ്പണിഞ്ഞു പുതുതായൊരു സ്വതന്ത്ര സംസ്കാരത്തെ ഉയര്‍ത്തിക്കൊണ്ടുവന്നു. അത് ഉയര്‍ത്തിയ അടിസ്ഥാന മൂല്യങ്ങളിലും വിചാരങ്ങളിലും ഊന്നി നിന്നു പുതിയ വൈജ്ഞാനിക ശാഖകള്‍ ഉയര്‍ന്നു വന്നു. നിലവിലുണ്ടായിരുന്ന വ്യത്യസ്ത വൈജ്ഞാനിക മേഖലകളില്‍ അവഗണിക്കാനാവാത്ത സ്വാധീനം ഉണ്ടാക്കി. ഇപ്പോഴും അത് സൃഷ്‌ടിച്ച വൈജ്ഞാനിക വിപ്ലത്തിന്‍റെ പ്രതികരണശൃംഖല സാവേശം തുടരുന്നു. അനുദിനമെന്നോണം അതു വളരുകയും ചെയ്യുന്നു. ജ്ഞാന ശാസ്ത്ര നഭോമണ്ഡലങ്ങളില്‍ നവ്യമായ ഉണര്‍വിന്‍റെ ഉത്തേജകമായി ഖുര്‍ആന്‍ പരിചയപ്പെടുത്തപെട്ടു കൊണ്ടേയിരിക്കുന്നു.

Post a Comment

Previous Post Next Post