കർറമല്ലാഹു വജ്ഹഹുമാ.....!




ചോദ്യം:
സ്വഹാബികളുടെ ഗണത്തിൽ അലിയാർ തങ്ങളെ പേരിനൊപ്പം മാത്രമാണ് കർറമല്ലാഹു വജ്ഹഹു എന്നു ആശംസിക്കാറുള്ളത്. ഇതിന്റെ കാരണമെന്താണ്? ഇതേ പ്രാർഥന മറ്റു സ്വഹാബിമാർക്കും നടത്താമോ?
- ഐജാസ് റാഫി താണിശ്ശേരി

അലി റ.വിനു ചില പ്രത്യേകതകൾ ഉണ്ടെന്നും അതിനാൽ അദ്ദേഹം സിദ്ദീഖ്, ഉമർ റളിയല്ലാഹു അൻഹുമാ തുടങ്ങിയവരേക്കാൾ മഹത്വം കല്പിക്കപ്പെടേണ്ടവരാണ് എന്നും വിശ്വസിക്കുന്ന ചില നവീനവാദികൾ സാധാരണക്കാരായ വിശ്വാസികളെ കബളിപ്പിക്കാനായി എക്കാലത്തും എയ്തുവിട്ടിട്ടുള്ള മുനയൊടിഞ്ഞ ശരമാണീ ചോദ്യം.

അലി റ. വിനു വേണ്ടി കർറമല്ലാഹു വജ്ഹഹു എന്നു ദുആ ചെയ്യുവാൻ കാരണമായി പണ്ഡിതൻമാർ ചൂണ്ടി കാണിച്ചിട്ടുള്ളത് അദ്ദേഹം ജീവിതത്തിൽ ഒരിക്കൽ പോലും വിഗ്രഹത്തിനു ഉപാസന അർപ്പിച്ചിട്ടില്ലെന്നതിനാലുള്ള ആദരവായാണ് പ്രസ്തുത പ്രാർഥന എന്നാണ്. അദ്ദേഹത്തിന്റെ വദനം ആദരണിയമാകട്ടെയെന്ന ആക്ഷരികാർഥമോ ഉന്നതശൃംഗങ്ങളിൽ ഉല്ലസിക്കട്ടെയെന്നു ആലങ്കാരികർഥമോ ആണ് ഉദ്ദേശം.

ഇക്കാര്യത്തിൽ അബൂബക്ർ റളിയല്ലാഹു അൻഹുവും കൂട്ടാളിയാവേണ്ടതാണ്. അദ്ദേഹവും ഒരിക്കൽ പോലും ബിംബപൂജ നടത്തിയിട്ടില്ല. അതിനാൽ അദ്ദേഹത്തിന്റെ നാമത്തിനൊപ്പവും കർറമല്ലാഹു വജ്ഹഹു ചേർത്തു പറയുന്നു/പറയാം. എങ്കിലും അലിയാരുടെ കാര്യത്തിലാണ്  ഇതു പ്രചുരപ്രചാരം നേടിയതെന്നു മാത്രം. അതിനുമുണ്ടൊരു പശ്ചാത്തലം - അദ്ദേഹം കുട്ടിയായിരിക്കെ (പ്രായപൂർത്തിയാകുന്നതിനു മുമ്പു) തന്നെ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു എന്ന കാര്യം ചൂണ്ടിക്കാണിച്ച് അദ്ദേഹം തീരെ വിഗ്രഹോപാസന നടത്തിയിട്ടില്ലെന്നത് നിശ്ശങ്കം  അംഗീകരിക്കപ്പെടുന്നു (മുജ്മഉൻ അലയ്ഹി) എന്നതാണത്.

ചെറുപ്രായത്തിൽ  ഒരാൾ ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ചാൽ അതു മതിയാകുമോ?പ്രായപൂർത്തിയാകേണ്ടതല്ലേ? വേണം. പക്ഷെ അങ്ങനെയൊരു ശാസന അന്നു പ്രാബല്യത്തിലുണ്ടായിരുന്നില്ല. പ്രത്യുത, കാര്യവിവേചന ശേഷി (The Age of Discrimination) എത്തിയവർക്കെല്ലാം നിർബന്ധമായിരുന്നു ഇസ്‌ലാമാശ്ലേഷം. പിന്നീട് ഈ നിയമം ദുർബലപ്പെടുത്തുകയും പ്രായപൂർത്തിയാകണം എന്ന ശാസന നടപ്പിൽ വരുകയും ചെയ്തു. ഇക്കാര്യം ഹദീസു വിശാരദനായ ഇമാം ബൈഹഖിയെപ്പോലെയുള്ളവർ വിശദീകരിച്ചിട്ടുണ്ട്.

 "അബാദല" എന്നറിയപ്പെടുന്ന ഇബ്നു അബ്ബാസ്, ഇബ്നു ഉമർ, ഇബ്നു സുബൈർ (റളിയല്ലാഹു അൻഹും) തുടങ്ങിയവരൊന്നും വിഗ്രഹപൂജ  ചെയ്തിട്ടില്ലെന്നു കാണുന്നുണ്ടല്ലോ എന്ന ന്യായവാദവും ഉന്നയിക്കാവുന്നതാണ്.  അവർക്കൊന്നും കർറമല്ലാഹു വജ്ഹഹു പറയാത്തതെന്ത്? ഇവരും ഇവരെപ്പോലെ വേറെയും പലരും ഒരിക്കൽ പോലും വിഗ്രഹത്തിനെ ആരാധിക്കാത്തവരായി ഉണ്ട്. എന്നാൽ, അവരെല്ലാം ആദരവായ നബിതിരുമേനി സ്വ. ഇസ്‌ലാം പ്രബോധനം ആരംഭിച്ചതിനു ശേഷമാണ് ജനിച്ചത്. അവർക്ക് ബുദ്ധിയുറച്ച കാലമായപ്പോഴേക്കും ബഹുത്വോപസനയുടെ യുക്തിരാഹിത്യവും അപകടവും അർഥശൂന്യതയും ശരിയായ രീതിയിൽ മുന്നറിയിപ്പു നൽകപ്പെടുകയും തൗഹീദിന്റെ പാത രൂപം കൊള്ളുകയും ചെയ്തിട്ടുണ്ട്. അമ്മാതിരി ഒരു വെളിച്ചവും തെളിഞ്ഞിട്ടില്ലാത്ത കാലത്താണ് അന്ധവിശ്വാസത്തിന്റെ കൂരിരുളുകളിൽ നിന്നു മാറി സ്വിദ്ദീഖും അലിയും സഞ്ചരിച്ചത് - റളിയല്ലാഹു അൻഹുമാ, കർറമല്ലാഹു വജ്ഹഹുമാ.....!


  1. (വിശദവായനക്ക് ഇബ്നു ഹജരിൽ ഹൈതമി റ.വിന്റെ ഫതാവൽ ഹദീസിയ്യ 41, 42 കാണുക).

Post a Comment

Previous Post Next Post