ത്വലാഖും മുത്വലാഖും

Talaq[/taˈlɑːk/]
An Islamic etxra -judicial law of divorce enabling a husband to unilaterally divorce his wife by repudiating her three times. The marriage is then dissolved, unless the husband revokes the pronouncement during the next three months or, if the wife is pregnant, before the child is born (Oxford Concise Encyclopedia, Page 863).
വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിന് ഇസ്‌ലാം നിര്‍ദേശിക്കുന്ന ഉപാധിയാണ് ത്വലാഖ്. വിവാഹം ഏറ്റവും പവിത്രമായ ഒരു സംവിധാനമാണ്. ‘നിങ്ങള്‍ പരസ്പരം ലയിച്ചു ചേര്‍ന്ന് ജീവിക്കുകയും നിങ്ങളില്‍ നിന്ന് കരുത്തുറ്റ കരാര്‍ അവര്‍ വാങ്ങുകയും ചെയ്തിരിക്കുന്നു’ എന്ന് ഖുര്‍ആന്‍ വിവാഹത്തെക്കുറിച്ച് പറയുന്നു. ദമ്പതികള്‍ തമ്മില്‍ മനപ്പൊരുത്തത്തോടെ ശാശ്വതമായി ഒന്നിച്ചു കഴിയേണ്ടവരാണ്. എന്നാല്‍, മനസ്സിണക്കത്തോടെ മുന്നോട്ടു പോകാന്‍ ഒരു തരത്തിലും സാധിക്കാത്തവര്‍ക്ക് അനിവാര്യ ഘട്ടം ഇരുവര്‍ക്കും വരാം. അത്തരം സന്ദിഗ്ധ ഘട്ടങ്ങളില്‍ പരസ്പരം വേര്‍പിരിയാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നു. അതാണ് ത്വലാഖ്.
കുടുംബ ജീവിതം ഭാരവും പീഡനവുമായിത്തീരുന്ന സാഹചര്യത്തില്‍ നിയമത്തിന്റെ ചങ്ങലകളില്‍ തളച്ചിട്ടു ജീവിതം കൂടുതല്‍ വഷളാക്കരുത് എന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം. പ്രയോഗത്തില്‍ ഇല്ലാത്ത സ്‌നേഹവും ഒരുമയും അഭിനയിച്ച് സഹശയനം നടത്താന്‍ നാടകമല്ലല്ലോ ജീവിതം. പരിഷ്‌കൃതരും ഉന്നതമായ ജീവിതവീക്ഷണത്തിന്‍റെ ഉടമകളും ആണെന്നു കരുതപ്പെടുന്ന സമൂഹങ്ങളില്‍ പോലും വിവാഹ മോചനം വ്യാപകമാണ്. അമേരിക്കയില്‍ ആദ്യ വിവാഹങ്ങളുടെ 40% മുതല്‍ 50% വരെയും രണ്ടാം വിവാഹങ്ങളുടെ 60%ഉം വിവാഹമോചനത്തില്‍ അവസാനിക്കുന്നു. (How common is Divorce and what are the reasons?‑, Universtiy of St. Augustine‑, Florida‑, USA‑). ബ്രിട്ടനില്‍ വിവാഹത്തിനു 15 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന വിവാഹമോചനം1970ല്‍ 22% ആയിരുന്നത് 1995ല്‍ 33% ആയി വര്‍ധിക്കുകയുണ്ടായി (www.medlineplus.gov/divorce.‑).  ഇത്രയും സാര്‍വത്രികമായ ഒരു പ്രശ്‌നത്തിന് നിയമപിന്തുണയുള്ള പ്രായോഗിക പരിഹാരം ആവശ്യമാണ്. അതിനാണ് ത്വലാഖ്.
സാധാരണ ഗതിയില്‍ വിവാഹ മോചനത്തിനുള്ള അപേക്ഷ കോടതിയില്‍ കൊടുത്താല്‍ ആറ് മാസത്തേക്ക് കോടതി അത് പരിഗണിക്കാതെ വയ്ക്കും. 6 മാസത്തിനുശേഷം ചില പരാതി നല്‍കി നടപടി വേഗത്തിലാക്കാന്‍ ശ്രമിക്കും. 18 മാസം കൂടി കോടതി പിന്നെയും കാത്തിരിക്കും. അതിനുള്ളില്‍ പരാതി പിന്‍വലിച്ചിട്ടില്ലെങ്കില്‍ കോടതി വിവാഹമോചന ഡിക്രി പുറപ്പെടുവിക്കണമെന്നാണ് ചട്ടമെങ്കിലും പ്രയോഗതലത്തില്‍ അത് പിന്നെയും കാലവിളംബം നേരിടുന്നു. ഇങ്ങനെ വര്‍ഷങ്ങളോളം കേസും കോടതിയുമായി പണവും സമയവും നഷ്ടപെടുത്തി കോടതി വരാന്തയില്‍ ക്യൂ നില്‍ക്കുന്ന കക്ഷികള്‍ ഇന്നൊരു അത്ഭുതമേയല്ല. അതിനവര്‍ ഡൈവോഴ്‌സ് എന്ന് പറയുന്നു, ഇസ്‌ലാമിക ധര്‍മശാസ്ത്രത്തില്‍ ത്വലാഖ് ബാഇന്‍ എന്ന് പറയുന്നു. ഈ ത്വലാഖ് ബാഇന്‍ തന്നെയാണ് മുത്ത്വലാഖ്. പക്ഷേ, ഒരു വ്യത്യാസമുണ്ട്; ഡൈവോഴ്‌സിനു ഒറ്റ രീതിയേയുള്ളൂ വെട്ടൊന്ന്, തുണ്ടം രണ്ട്! മുത്ത്വലാഖ് മൂന്ന് ത്വലാഖാണ്. മൂന്ന് തവണയായി ഉപയോഗപ്പെടുത്താം. അതിനു വേണ്ടി കോടതി വരാന്തകളില്‍ വര്‍ഷങ്ങള്‍ കാത്തുകെട്ടി കിടക്കേണ്ടതില്ല. പരപ്രേരണയില്ലാതെ, അവധാനതയോടെ ചിന്തിച്ചു തീരുമാനം കൈകൊള്ളാം. ഈ ഉദാരതയും സൗകര്യവും അവസരവും ഇസ്‌ലാമല്ലാതെ ഒരു ജീവിത ദര്‍ശനവും ഇതഃപര്യന്തം വാഗ്ദാനം ചെയ്തിട്ടില്ല.
വിവാഹമോചനത്തിനു മുതിരും മുമ്പ് ദമ്പതികള്‍ക്ക് വീണ്ടുവിചാരം ഉണ്ടാക്കുന്നതിന്നും തദ്വാരാ, രഞ്ജിപ്പിലെത്താനും പല ഫോര്‍മുലകളും ഇസ്‌ലാമിലുണ്ട്. പൊറുത്ത് മുന്നോട്ട് പോകാനുള്ള മാനസിക വിശാലത, സദുപദേശം എന്നിവ ഫലം കാണാതെ വരുമ്പോള്‍ സഹശയനം താത്കാലികമായി വേണ്ടെന്നു വെക്കാം. ശരിയായില്ലെങ്കില്‍ മൃദുവായി ഒന്നു കൊട്ടാം. പരസ്പരം ലയിച്ചു ജീവിച്ചിരുന്ന പ്രാണസഖിയുടെ കൊട്ട്!! പലപ്പോഴും മനസ് അതിലൊന്ന് ഇളകിയേക്കും. അടുത്ത പടി കുടുംബകോടതിയാണ്. അവര്‍ യുക്തിദീക്ഷയോടെ തീരുമാനം കൈകൊള്ളണം. എല്ലാ മാര്‍ഗങ്ങളും അടയുമ്പോള്‍ മാത്രമേ വിവാഹമോചനത്തെ പറ്റി ചിന്തിക്കാവൂ. അല്ലാഹു അനുവദിച്ചു തന്നതില്‍ അവനേറ്റവും അനിഷ്ടകരമായിട്ടുള്ളതാണ് ത്വലാഖ് എന്ന് നബി സ്വ. പറഞ്ഞിട്ടുണ്ട്. ‘നിങ്ങള്‍ വിവാഹം കഴിക്കുക. ത്വലാഖ് ചൊല്ലാതിരിക്കുക. രസത്തിന് വേണ്ടി അങ്ങനെ ചെയ്യുന്ന വധൂവരന്മാരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല’ എന്നും തിരുദൂതര്‍ പറഞ്ഞു. ഇമാം ദാറഖുത്‌നി ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ കരുതലോടെ മാത്രമേ അതേകുറിച്ച് ചിന്തിക്കാവൂ.
‘മാനുഷിക പ്രശ്‌നങ്ങളില്‍ പ്രായോഗികവും യാഥാര്‍ത്ഥ്യബോധവുമുള്ള കാഴ്ചപ്പാടുകളുള്ള ഇസ്‌ലാം, വിവാഹ മോചനത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും, അവസാന പോംവഴി എന്ന നിലയില്‍, അനിവാര്യമായ തിന്മയായി, പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് അതനുവദിക്കുന്നത്’ എന്ന് മുത്ത്വലാഖിനെ കുറിച്ച് പഠിച്ച് ഗ്രന്ഥമെഴുതിയ ഡോ. ജാനക് രാജ് ‘ഉശ്ീൃരല: ഘമം മിറ ജൃീരലറൗൃല’ എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.

മൂന്ന് തവണയായി ഉപയോഗപ്പെടുത്തേണ്ടതാണ് ത്വലാഖ്. 


ഒരു തവണ ത്വലാഖ് ചെയ്താല്‍ ഭാര്യ ദീക്ഷ പാലിക്കണം. ആര്‍ത്തവങ്ങള്‍ക്കിടയിലെ മൂന്ന് ശുദ്ധികാലം അഥവാ, ആര്‍ത്തവം നിലച്ചവളാണെങ്കില്‍ മൂന്ന് മാസം, ഗര്‍ഭിണിയാണെങ്കില്‍ പ്രസവം വരെ എന്നിങ്ങനെയാണ് ദീക്ഷാ കാലയളവ്. ഇക്കാലയളവില്‍ ഭര്‍ത്താവിന്റെ വീട്ടില്‍, അയാളുടെ തന്നെ ചെലവിലും സംരക്ഷണത്തിലുമാണ് ഭാര്യ കഴിയേണ്ടത്. സന്താനങ്ങളെ പരിപാലിക്കാനും താലോലിക്കാനുമുള്ള അവകാശം മുമ്പത്തെ പോലെ തുടരുന്നു. സഹജീവിതത്തിന് മാത്രമാണ് വിഘ്‌നം. ഒരുതരം പ്രൊബേഷണല്‍ പീര്യഡ്. സ്വഭാവികമായും ഒരേ കുടുംബാന്തരീക്ഷത്തില്‍, അദ്ദേഹത്തിന്റെ തന്നെ സാമ്പത്തിക കൈകര്‍തൃത്വത്തില്‍ തങ്ങളുടെ മക്കളെ താലോലിച്ചും പരിപാലിച്ചും താമസിക്കുമ്പോള്‍ രണ്ടു പേര്‍ക്കുമിടയിലുള്ള പിരിമുറുക്കം അയയുവാനും അവര്‍ വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കാനും ഇടയുണ്ട്. ആ സാധ്യതയും ഇസ്‌ലാം മാനിക്കുന്നു. ദീക്ഷാകാലത്ത് ഇങ്ങനെയൊരു തീരുമാനം എടുക്കുന്ന പക്ഷം ഒന്നിച്ചു പൊറുക്കാനവസരമുണ്ട്. ഔപചാരികമായി സാക്ഷികളുടെ സാന്നിധ്യത്തില്‍ വീണ്ടും വിവാഹമെന്ന കാര്‍മികത്വം ആവശ്യമില്ല. അവളെ താന്‍ സഖിയായി
സ്വീകരിക്കുന്നുവെന്നറിയിക്കുന്ന എന്തെങ്കിലുമൊന്ന് അയാള്‍ അവളോട് പറഞ്ഞാല്‍ മതിയാകും. ഈ രീതിയിലുള്ള മൂന്ന് അവസരങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. മൂന്നാം തവണയും ത്വലാഖ് ചെയ്താല്‍ പിന്നെ അവസരമില്ല. ‘ഡൈവോഴ്‌സ്’ ആയി. ഡൈവോഴ്‌സിനെക്കാള്‍ എത്ര അവധാനതാ പൂര്‍വമാണ് ത്വലാഖ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് നോക്കൂ.

വിവാഹമോചനത്തിന്റെ സാധ്യതകള്‍ പരമാവധി കുറക്കാനുള്ള ഉപായങ്ങളാണ് ഇസ്‌ലാം ആരായുന്നത്. അതിനാല്‍, ആര്‍ക്കും തോന്നിയ പോലെ എപ്പോള്‍ വേണമെങ്കിലും ത്വലാഖ് ചൊല്ലാം എന്ന അവസ്ഥക്ക് കടിഞ്ഞാണിടുന്നു. ഓരോ മാസത്തിലും സ്ത്രീകള്‍ക്ക് ആവര്‍ത്തിച്ചു വരുന്ന ആര്‍ത്തവ കാലത്ത് വിവാഹം വേര്‍പെടുത്താന്‍ പാടില്ല. അതിലടങ്ങിയിരിക്കുന്ന തത്വം പ്രസക്തമാണ്. ആര്‍ത്തവകാലത്ത് പൊതുവെ സ്ത്രീകള്‍ക്ക് മാനസിക പിരിമുറുക്കം കൂടുതല്‍ ആയിരിക്കുമെന്നത് അനുഭവ സത്യമത്രേ. 
ആര്‍ത്തവ കാലത്തിനു മുമ്പേ അവര്‍ പിണക്കത്തിലാണെങ്കില്‍ ഇത്തരം ഒരു കാലതാമസം പിരിമുറുക്കം അയയുവാനും വീണ്ടും ഒന്നിച്ചു കഴിയുവാനും കാരണമായേക്കും. അതാണ് നാലാം ഖലീഫയും തിരുദൂതരുടെ ജാമാതാവുമായ അലി (റ) പറയുന്നത്: ‘വിവാഹമോചന കാര്യത്തില്‍ ജനങ്ങള്‍ ശരിയായ മാര്‍ഗം അവലംബിക്കുകയാണെങ്കില്‍ ഭാര്യയെ ഒഴിവാക്കിയതിന്റെ പേരില്‍ ആര്‍ക്കും ദുഃഖിക്കേണ്ടി വരില്ല.

ത്വലാഖ് നാല് തരം ഉണ്ടെന്നു ഇമാം ഇബ്‌നു ഹജര്‍ (റ) വ്യക്തമാക്കുന്നു.

ഒന്ന്. വാജിബ് അഥവാ, നിര്‍ബന്ധ ത്വലാഖ്. ഒരിക്കലും ഭാര്യയുമായി സഹശയനം ചെയ്യുകയില്ല എന്നു ശപഥം (ഈലാഅ്) ചെയ്തവന്‍ നാലു മാസം കഴിഞ്ഞാല്‍ ത്വലാഖ് ചൊല്ലല്‍ നിര്‍ബന്ധമാണ്.
രണ്ട്. മന്‍ദൂബ് അഥവാ അഭിലഷണീയമായ ത്വലാഖ്. ഭാര്യയോടുള്ള ബാധ്യതകളും കടപ്പാടുകളും നിരവഹിക്കാന്‍ സാധിക്കാത്തയാള്‍ അവളെ കാലാകാലം നരകിക്കാന്‍ വിടുന്നതിനു പകരം ബന്ധം വേര്‍പെടുത്തിക്കൊടുത്ത് അവളെ മോചിപ്പിക്കുകയാണ് വേണ്ടത്.
മൂന്ന്. ഹറാം അഥവാ, നിഷിദ്ധമായ ത്വലാഖ് ആര്‍ത്തവ കാലത്തുള്ള ത്വലാഖ്. ഒരുദാഹരണം. ഇത് ത്വലാഖ് ബിദഈ എന്നറിയപ്പടുന്നു.

നാല്. മക്‌റൂഹ് അഥവാ, അനഭിലഷണീയമായ ത്വലാഖ്. മേല്‍ പറഞ്ഞതല്ലാത്ത സാഹചര്യങ്ങളില്‍ ഉള്ള ത്വലാഖ്.

മുത്ത്വലാഖ്

ത്വലാഖ് മൂന്ന് അവസരങ്ങളിലായി ഉപയോഗിക്കാനുള്ള അനുവാദം ഒരാള്‍ വേണ്ടെന്നു വെക്കുന്നു എന്ന് കരുതുക. ഒന്നുകില്‍ എടുത്തുചാട്ടമോ അല്ലെങ്കില്‍ ബോധപൂര്‍വമോ ആകാം. അത്രമേല്‍ നരകമായി തീര്‍ന്നിരിക്കാം അയാളുടെ കുടുംബ ബന്ധം. നിയമജ്ഞനായ വി.ആര്‍. കൃഷ്ണയ്യര്‍ ഒരു വിധിന്യായത്തില്‍ ഇങ്ങനെ പറയുകയുണ്ടായി: “While there is no rose but has a thorn ‑, if what you hold ‑, and no rose ‑, better to throw it away’- “പനിനീര്‍ ചെടിയില്‍ പൂക്കളെല്ലാം കൊഴിഞ്ഞ് മുള്ളുകള്‍ മാത്രം ബാക്കിയാകുമ്പോള്‍ അത് വലിച്ചെറിയുകയേ നിവൃത്തിയുള്ളൂ’ എന്ന്. അങ്ങനെയൊരു സാഹചര്യത്തില്‍ മൂന്ന് അവസരങ്ങള്‍ വേണ്ട; ഒറ്റത്തവണയില്‍ ബന്ധം വിച്ഛേദിക്കുന്നു എന്ന് അയാള്‍ തീരുമാനിച്ചാല്‍ നിയമദൃഷ്ടിയില്‍ സാധുവാകും. ഇതാണ് മുത്ത്വലാഖ്. ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്‍ നാലു ധാരകളാണുള്ളത് ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലി. ഇവയില്‍ മാലികീ ഒഴിച്ചുള്ള എല്ലാ സരണികളുടെയും നിലപാട് മുത്ത്വലാഖ് കറാഹത് ഒഴിവാക്കുന്നതാണ് നല്ലത് എന്നാണ്. മാലികീ സരണിയില്‍ അതു നിഷിദ്ധമായ കുറ്റകൃത്യം- ഹറാം ആണ്. ത്വലാഖിനുള്ള മൂന്ന് അവസരങ്ങളും ഒന്നിച്ചുപയോഗപ്പെടുത്തുന്നത് ശരിയല്ലെങ്കിലും ആരെങ്കിലും അങ്ങനെ ചെയ്താല്‍ അയാള്‍ക്ക് പിന്നീട് അവസരങ്ങള്‍ ഉണ്ടാവില്ല. അതിനാല്‍, നന്നായി ആലോചിച്ചു മാത്രം എടുക്കേണ്ടതാണാ തീരുമാനം. എടുത്തു ചാട്ടക്കാര്‍ വേദനിക്കേണ്ടി വരും. ‘എടുത്തുച്ചാട്ടക്കാരന്റെ നടുവൊടിച്ചു വിട്ടൂ വിധി’ എന്ന് ഉള്ളൂര്‍ കിരണാവലിയില്‍ പാടിയ പോലെ.
മുത്ത്വലാഖ് ശരീഅത് വിരുദ്ധമാണെന്ന് ഉത്പതിഷ്ണുക്കള്‍ പറയുന്നത് അറിവില്ലാത്തതുകൊണ്ടാണ്. മൂന്ന് പടവുകളുള്ള കോവണി ഓരോരോ പടവുകളായി ഇറങ്ങുന്നതിനു പകരം ഒറ്റച്ചാട്ടത്തിന് താഴേക്ക് കുതിച്ചാല്‍ താഴെയെത്തില്ല എന്നു വാദിച്ച മാതിരിയാണിത്. മുത്ത്വലാഖ് എന്തോ ഭീകര നടപടിയാണ് എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമേ ഇത്തരം വാദങ്ങള്‍ ഉപകരിക്കൂ. കോടതി കയറിയിറങ്ങി ഊണും ഉറക്കവും ഏറെ ത്യജിച്ച് നിയമയുദ്ധങ്ങള്‍ നടത്തി ‘സമ്പാദിക്കുന്ന’ ഡൈവോഴ്‌സില്‍ കവിഞ്ഞു ഒരു അനന്തരഫലവും അതിനില്ല!!
ആനുഷംഗികമായി പറയട്ടെ, ഇപ്പോള്‍ ഷമീന ആറ കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി നിരാശാജനകവും വസ്തുതാ വിരുദ്ധവുമാണ്. മുത്ത്വലാഖ് ഖുര്‍ആന്‍ വിരുദ്ധമാണെന്ന കണ്ടുപിടുത്തം അനീതിയും അജ്ഞതയുമാണ്. ഏതെങ്കിലും ഖുര്‍ആന്‍ പരിഭാഷയില്‍ കണ്ടെത്തുന്നതാണ് ഇസ്‌ലാം എന്നു വിചാരിക്കുമ്പോഴാണ് ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കുന്നത്.
പ്രമാദമായ ഷാഹ്ബാനു കേസില്‍ ജീവനാംശം കൊടുക്കാനുള്ള കോടതി വിധി ഉണ്ടായത്, പതിനാലു സഹസ്രാബ്ദം മുസ്‌ലിം സമൂഹം അവലംബിച്ചിരുന്ന അനുഷ്ഠാന രീതികള്‍ അവഗണിച്ച് കേവലം ഒരു ഖുര്‍ആന്‍ പരിഭാഷയെ ആധാരമാക്കിയപ്പോഴായിരുന്നു. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന മുസ് ലിംകള്‍ ഹനഫികളാണ്. അവര്‍ക്ക് ശൈഖ് ബുര്‍ഹാനുദ്ദീന്‍ അലിയുടെ അല്‍ഹിദായയും ഫതാവാ ആലംഗീരിയും ശാഫിഈ മദ്ഹബുകാര്‍ക്ക് ഇമാം നവവിയുടെ മിന്‍ഹാജും ഷിയാക്കള്‍ക്ക് ജഅഫറുല്‍ ഹില്ലിയുടെ ശറാഇഹുല്‍ ഇസ്‌ലാമും അനുസരിച്ച് വിധിക്കുവാനായിരുന്നു വാസ്തവത്തില്‍ നിര്‍ദേശിക്കപ്പെട്ടിരുന്നത്. എന്നിട്ടും വെറും ഒരു ഖുര്‍ആന്‍ പരിഭാഷയെ ആധാരമാക്കി വിധി പ്രഖ്യാപിച്ചത് നിര്‍ഭാഗ്യകരമാണ്. 2002ല്‍ മുംബൈ ഹൈകോടതി സിവില്‍ നടപടി ചട്ടം (ഇശ്ശഹ ജൃീരലറൗൃല ഇീറല), ഇന്ത്യന്‍ തെളിവ് നിയമം (കിറശമി ഋ്ശറലിരല അര)േ എന്നിവ അനുസരിച്ച് തെളിയിക്കപ്പെട്ടാലേ ത്വലാഖ് സാധുവാകൂ എന്നു വിധിച്ചു. ഇത്തരം വിധികള്‍ വാസ്തവത്തില്‍ വിപരീതഫലങ്ങളാണ് ഉണ്ടാക്കിയത്. ദീക്ഷാകാലത്തെ രഞ്ജിപ്പിന്റെ സാധ്യതകള്‍ക്ക് കാത്തു നില്‍ക്കുന്നതിനു പകരം നേരെ ‘മുത്ത്വലാഖ് ‘ അവലംബിക്കാന്‍ പലരെയും പ്രേരിപ്പിച്ചത് ഈ നിലപാടുകളാണ്.

2 Comments


  1. ‘ഉശ്ീൃരല: ഘമം മിറ ജൃീരലറൗൃല’=Divorce: Law and Procedure

    ReplyDelete
  2. ഇശ്ശഹ ജൃീരലറൗൃല ഇീറല)=CÈl Procedure Code
    കിറശമി ഋ്ശറലിരല അര)േ =Indian Evidence Act)

    ReplyDelete
Previous Post Next Post